തുറവൂർ : കാനപണി പൂർത്തിയാക്കുന്നതിൽ വരുന്ന കാലതാമസം കാൽനടയാത്രികർക്ക് കെണിയാകുന്നു. ഉയരപ്പാതനിർമാണ ഇടമായ തുറവൂർ മുതൽ അരൂർ വരെയുള്ള മേഖലയിലാണ് കാനപണിയിൽ കരാർക്കമ്പനി അലംഭാവം കാണിക്കുന്നതായി പരാതിയുയർന്നിരിക്കുന്നത്. ചിലയിടങ്ങളിൽ പണി തകൃതിയായി നടക്കുമ്പോൾ മറ്റിടങ്ങളിൽ പാതിവഴിക്ക് ഉപേക്ഷിച്ച നിലയിലാണ്.

To advertise here,

ഇതുമൂലം കാൽനടയാത്രക്കാർക്കും കച്ചവടക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. എരമല്ലൂർ കുടപുറം ഫെറി റോഡിലും ചന്തിരൂർ സെയ്ന്റ്‌ മേരീസ്‌ പള്ളിക്കു സമീപത്തും ട്രാൻസ്ഫോർമറിനോടു ചേർന്നുള്ള സ്ഥലത്തും പണിനിലച്ചിട്ട് മാസങ്ങൾ കഴിഞ്ഞു.എന്നാൽ, മഴയും ചില തർക്കങ്ങളുമൊക്കെയാണ് കാനയുടെ പൂർത്തീകരണം വൈകുന്നതെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

തുറവൂർ കവലയ്ക്കു തെക്കോട്ട് ദേശീയപാതാ സർവീസ് റോഡിനരികിൽ കാനപണി പൂർത്തിയായിട്ടുണ്ടെങ്കിലും വശങ്ങൾ മണലിട്ടുയർത്തിയിട്ടില്ല. ഇവിടങ്ങളിൽ വലിയ ഉയരവ്യത്യാസങ്ങളും ചിലയിടങ്ങളിൽ വലിയ ഗർത്തങ്ങളുമുണ്ട്. കാൽതെറ്റി വീണ യാത്രക്കാർ ഏറെയുണ്ട്. കാനപണിയിലെ അപാകങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.