ദുരിതയാത്രയ്ക്ക് അവസാനമായി

To advertise here,

ചാരുംമൂട് : നൂറനാട് ഗ്രാമപ്പഞ്ചായത്തിലെ പുതുപ്പള്ളികുന്നം തെക്ക്, പുതുപ്പള്ളികുന്നം വടക്ക് വാർഡുകളിൽക്കൂടി കടന്നുപോകുന്ന പാലമൂട്-ആഞ്ഞിലിമൂട് റോഡിന്റെ പണി കഴിഞ്ഞദിവസം പുനരാരംഭിച്ചു. 2025 നവംബർ ഒന്നിനു തുടങ്ങിയ റോഡിന്റെ പണി മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഒരുവർഷമാകാറായിട്ടും പണിതീരാത്ത റോഡിൽക്കൂടിയുള്ള യാത്ര ദുരിതപൂർണമാണെന്ന വാർത്ത ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ചിരുന്നു.

ഇറാൻ യുദ്ധത്തെത്തുടർന്ന് ടാറിനുണ്ടായ വിലക്ക​യറ്റം പണി നടത്താൻ ആദ്യം തടസ്സമായതായി എം.എസ്. അരുൺകുമാർ എം.എൽ.എ. പറഞ്ഞിരുന്നു. ടാറിനു വില കൂട്ടിനൽകാൻ സർക്കാർ തയ്യാറായെങ്കിലും തമിഴ്‌നാട് സർക്കാരിന്റെ നയം കാരണം ടാറിങ്ങിനുള്ള മെറ്റൽ അടക്കമുള്ള സാധനങ്ങൾ കേരളത്തിലേക്കു കൊണ്ടുവരാൻ പറ്റാതായി. ഇവയുടെ ലഭ്യത നാട്ടിൽനിന്ന് ഉറപ്പുവരുത്തിയശേഷമാണ് പണി വീണ്ടും തുടങ്ങിയത്.

രണ്ടു കിലോമീറ്റർ ദൂരം വരുന്ന റോഡുപണിക്ക് 1.20 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിൽ റോഡിലെ ഓടകളുടെയും കലുങ്കിന്റെയും പണികളാണ് നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി റോഡുപണിക്കായി ലെവൽ എടുക്കുന്ന ജോലി നടത്തി. അതിനുശേഷം മാസങ്ങളോളം പണി മുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി റോഡിലെ പലഭാഗത്തും ടാറിങ് ഇളക്കിയശേഷം മെറ്റൽ വിരിച്ചു. അതിനുശേഷം പണി പൂർണമായി മുടങ്ങിക്കിടക്കുകയായിരുന്നു. മെറ്റൽ റോഡിൽ ഇളകിക്കിടക്കുന്നതുകാരണം വാഹനയാത്രയും കാൽനടയാത്രയും ദുരിതത്തിലാണ്.

മെറ്റാഗാർഡ് എൻജിനിയറിങ് കമ്പനിയാണ് ടെൻഡർ എടുത്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ നിലവിലുള്ള റോഡ് പൊളിച്ച് റോളർ വെച്ച് ഉരുട്ടി റീറോൾ ചെയ്യാനും രണ്ടാം ഘട്ടമായി മെറ്റലിങ് നടത്തിയശേഷം നാലു സെന്റീമീറ്റർ കനത്തിൽ മെഷീൻ ടാറിങ് നടത്താനും ഇതിനുശേഷം സുരക്ഷാവരകളും സ്റ്റഡുകളും സിഗ്നൽ ബോർഡുകളും സ്ഥാപിക്കാനുമായിരുന്നു തീരുമാനം.

നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി ദിവസേന സഞ്ചരിക്കുന്നത്. കായംകുളം-പുനലൂർ റോഡിലെ ചാരുംമൂട് പാലമൂട് ജങ്ഷനിൽനിന്നു പുതുപ്പള്ളികുന്നം, ഇടക്കുന്നം, പുലിമേൽ, സബ്‌ സ്റ്റേഷൻ ജങ്ഷൻ വഴി മാവേലിക്കര-പന്തളം റോഡിലെ ഇടപ്പോൺ ജങ്ഷനിൽ എത്തിച്ചേരുന്നതാണ് പാലമൂട്-ആഞ്ഞിലിമൂട്-ഇടപ്പോൺ റോഡ്. ഏഴു കിലോമീറ്ററാണ് ദൂരം. ഇതിൽ പൂർണമായി തകർന്നുകിടക്കുന്ന പാലമൂട് മുതൽ ആഞ്ഞിലിമൂട് വരെയുള്ള ഭാഗം നവീകരിക്കാനാണ് തുക അനുവദിച്ചത്.

കുഴികൾ നിറഞ്ഞ റോഡിൽ സ്ത്രീകളടക്കമുള്ള ഇരുചക്രവാഹന യാത്രക്കാർ നിരന്തരം വീണ് അപകടങ്ങളുണ്ടാകുന്നു. വാഹനങ്ങൾക്ക് കേടുപാടുകളുണ്ടാകുമെന്നതിനാൽ യാത്രക്കാർ മറ്റു റോഡുകളെയാണിപ്പോൾ ആശ്രയിക്കുന്നത്.

കായംകുളം, താമരക്കുളം, വള്ളികുന്നം, കറ്റാനം ഭാഗങ്ങളിൽനിന്നു വരുന്ന വാഹനയാത്രക്കാർക്ക് നൂറനാട് പാറ ജങ്ഷനിൽ എത്താതെ പാലമൂട് വഴി എളുപ്പത്തിൽ ഇടപ്പോൺ, പടനിലം, പന്തളം ഭാഗങ്ങളിൽ എത്തിച്ചേരാം. ആറുവർഷം മുൻപ്‌ ജില്ല പഞ്ചായത്ത് 50 ലക്ഷം മുടക്കി നവീകരിച്ച റോഡാണിപ്പോൾ സഞ്ചാരയോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞിരിക്കുന്നത്.