ആറ്റിങ്ങൽ : വിളവെടുപ്പിനു പാകമായി ചെമ്പൂര് കുളത്തുങ്കര പാടശേഖരം. വീണ്ടെടുപ്പിനുശേഷമുള്ള രണ്ടാമത്തെ വിളവെടുപ്പാണിത്.
കാലാവസ്ഥ പ്രതികൂലമായതുകൊണ്ടുള്ള ആശങ്കകൾക്ക് നടുവിലാണ് ഇത്തവണത്തെ വിളവെടുപ്പിന് കർഷകർ തയ്യാറെടുക്കുന്നത്. വ്യാഴാഴ്ചയാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചിട്ടുള്ളത്.
മൂന്നുപതിറ്റാണ്ടുകാലം തരിശ്ശുകിടന്ന പാടശേഖരം വീണ്ടെടുക്കാനുള്ള നടപടികൾ തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. പാടശേഖരസമിതി രൂപവത്കരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കാടുകയറിക്കിടന്ന നെൽപ്പാടങ്ങൾ കഴിഞ്ഞവർഷം നവംബറിലാണ് നെൽക്കൃഷിക്ക് സജ്ജമാക്കിയത്.
പിരപ്പമൺകാട് പാടശേഖരത്തിലെ നെൽക്കൃഷിയുടെ വീണ്ടെടുപ്പാണ് ചെമ്പൂരിനും ഊർജം പകർന്നത്. 15 ഏക്കർ നിലത്തിലാണ് കഴിഞ്ഞവർഷം കൃഷിയിറക്കിയത്. ഇത്തവണ ഒന്നാംവിളയ്ക്കു കൂടുതൽ നിലമുടമകൾ കൃഷിയിറക്കാൻ തയ്യാറായി മുന്നോട്ടുവന്നു. 16 ഏക്കർ നിലത്തിൽ ഇത്തവണ കൃഷിയിറക്കിയിട്ടുണ്ട്.
യന്ത്രമുപയോഗിച്ചാണ് ഇത്തവണ ഞാറുനട്ടത്. ഇത് വൻവിജയമാണെന്ന് പാടശേഖരസമിതി ഭാരവാഹികൾ പറയുന്നു. നടീൽച്ചെലവ് വളരെക്കുറച്ചുമാത്രമാണായത്. ഞാറു വളരെക്കുറച്ചേ വേണ്ടിവന്നുള്ളൂ.
നെൽച്ചെടികൾ കൃത്യമായ അകലത്തിൽ നട്ടതിനാൽ നല്ല രീതിയിൽ മുളപൊട്ടി വളർന്നുവരുകയും മികച്ച വിളവുണ്ടാകുകയും ചെയ്തിട്ടുണ്ട്.
പ്രതികൂലമായ കാലാവസ്ഥ കർഷകരെ അങ്കലാപ്പിലാക്കുന്നുണ്ട്. പാകമായ നെല്ല് ഉടൻ കൊയ്തെടുത്തില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും. മഴ ശക്തമായിനിന്നാൽ കൊയ്ത്തും കൊയ്തെടുക്കുന്ന നെല്ല് ഉണക്കിയെടുക്കുന്നതിനും വലിയ പ്രതിസന്ധിയാകും.
കൊയ്തെടുക്കുന്ന നെല്ല് നന്നായി ഉണക്കിയെടുക്കാനായില്ലെങ്കിൽ മുഴുവനും മുളച്ച് ഉപയോഗക്ഷമമല്ലാതാകും. പഴയകാലത്താണെങ്കിൽ വീടുകളോടുചേർന്ന് നെല്ലുണക്കാനുള്ള പുരകൾ ഉണ്ടായിരുന്നത് വലിയ ആശ്വാസമായിരുന്നു.
ഇപ്പോൾ ഒരു വീട്ടിലും അത്തരം സംവിധാനങ്ങളില്ല. ഇതാണ് കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കൊയ്ത്ത് പൂർത്തിയാക്കിയാൽമാത്രമേ രണ്ടാംവിളയ്ക്കുള്ള ഒരുക്കങ്ങൾ പാടശേഖരത്തിൽ ആരംഭിക്കാനാകൂ. ഇവിടെ കൃഷിയിറക്കൽ വൈകിയാൽ വെള്ളത്തിന് വലിയ ബുദ്ധിമുട്ടുണ്ടാകും. തലക്കുളമുണ്ടെങ്കിലും അതിൽനിന്ന് വയലുകളിലേക്ക് നീരൊഴുക്കില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
നവംബർ അവസാനത്തോടെയെങ്കിലും രണ്ടാംവിളയ്ക്കുള്ള നടീൽ പൂർത്തിയാക്കാനായില്ലെങ്കിൽ പിന്നെ പാടശേഖരത്തിൽ കൃഷിയിറക്കിയതുകൊണ്ട് വലിയ പ്രയോജനമുണ്ടാകില്ലെന്ന് കർഷകർ ആശങ്കപ്പെടുന്നു.
തലക്കുളത്തിൽ പമ്പുസെറ്റ് ഘടിപ്പിച്ച് ഹോസുവഴി വയലുകളിലേക്ക് വെള്ളമെത്തിച്ചാണ് കഴിഞ്ഞവർഷം നെൽച്ചെടികൾ ഉണങ്ങിപ്പോകാതെ സംരക്ഷിച്ചെടുത്തത്.
ഇതിന് വലിയ ചെലവുണ്ടായി. ഇത്തവണയും അത്തരത്തിലുള്ള സാഹചര്യമുണ്ടായാൽ കൃഷിചെയ്യാൻ സന്നദ്ധരായി മുന്നോട്ടുവന്ന കർഷകരിൽ പലരും പിന്നാക്കം പോകാൻ സാധ്യതയുണ്ടെന്നും പാടശേഖരസമിതിയംഗങ്ങൾ ആശങ്കപ്പെടുന്നു.
ഇത് നെൽപ്പാടങ്ങൾ വീണ്ടും തരിശ്ശിലേക്ക് പോകുന്നതിനിടയാക്കും. ഇതൊഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നതാണ് കർഷകരുടെ ആവശ്യം.
വ്യാഴാഴ്ച രാവിലെ 10-ന് കുളത്തുങ്കര ദേവീക്ഷേത്രത്തിന് സമീപം നടക്കുന്ന വിളവെടുപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുദാക്കൽ പഞ്ചാത്ത് പ്രസിഡന്റ് വി.ഷൈനി, ജില്ലാപ്പഞ്ചായത്തംഗം കാർത്തിക എന്നിവർ പങ്കെടുക്കും. ഉദ്ഘാടനശേഷം യന്ത്രമുപയോഗിച്ചുള്ള കൊയ്ത്ത് ആരംഭിക്കും.
Published: 28 Oct 2026, 01:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented