നെയ്യാറ്റിൻകര : കന്നിപ്പുറം പാലത്തിലേക്ക് കോടതിറോഡിൽനിന്ന് ആരംഭിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമാണം സ്തംഭനത്തിൽ. അപ്രോച്ച് റോഡിനായി കോടതി വിട്ടുനൽകിയ സ്ഥലം ഏറ്റെടുത്ത് കോടതി മതിൽ പുനർനിർമിച്ചുനൽകാൻപോലും ഇതുവരെ നടപടിയായില്ല.
അതിനിടെ അപ്രോച്ച് റോഡിൽ ജല അതോറിറ്റി പൈപ്പിടാനായി വെട്ടിപ്പൊളിച്ചതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂർണമായിരിക്കുകയാണ്.
കോടതിസമുച്ചയത്തിന് ഒരു വശത്തുകൂടെയാണ് നിർമാണത്തിലിരിക്കുന്ന കന്നിപ്പുറം പാലത്തിലേക്കുള്ള അപ്രോച്ച് റോഡുള്ളത്. നിരവധി വീടുകളും അതിലേറെ വക്കീൽ ഓഫീസുകളുമുള്ള ഈ റോഡിന്റെ കോടതിസമുച്ചയം ഒഴിച്ചുള്ള ഭാഗത്തെ സ്ഥലമേറ്റെടുത്ത് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയിരുന്നു.
എന്നാൽ, അപ്രോച്ച് റോഡിനായി കോടതി വിട്ടുനൽകിയ സ്ഥലത്തെ മതിൽ പൊളിച്ചുനീക്കി പകരം പുതിയ മതിൽ നിർമിക്കാൻ കെ.ആർ.എഫ്.ബി. അധികൃതർക്കായിട്ടില്ല.
കോടതിയുടെ സ്ഥലംകൂടി ഏറ്റെടുത്താലെ അപ്രോച്ച് റോഡ് പൂർണമാകൂ. എന്നാൽ അപ്രോച്ച് റോഡ് നിർമാണം സ്തംഭനത്തിലാണ്. കന്നിപ്പുറത്തേയ്ക്കുള്ള അപ്രോച്ച് റോഡിൽ നിലവിൽ ടാറിട്ടിരുന്ന ഭാഗമാണ് ജല അതോറിറ്റി വെട്ടിപ്പൊളിച്ചത്. റോഡിന് ഇരുവശത്തുകൂടെയായി പുതിയ പി.വി.സി. പൈപ്പാണ് ജല അതോറിറ്റി സ്ഥാപിക്കുന്നത്. മഴക്കാലം കൂടിയായതോടെ പൈപ്പിടാനായി വെട്ടിപ്പൊളിച്ച ഭാഗമെല്ലാം ചെളിക്കുളമായി മാറിയിരിക്കുകയാണ്.
ഈ മാസം 19-ന് ആരംഭിച്ച പൈപ്പിടൽ ഇതുവരെ ജല അതോറിട്ടിക്ക് പൂർത്തിയാക്കാനായിട്ടില്ല. ആകെ 200 മീറ്റർ ദൂരമുള്ള റോഡിന്റെ ഇരുവശത്തുമായി പൈപ്പിടുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് ജല അതോറിറ്റിയുടെ വിശദീകരണം.
ജല അതോറിറ്റി പൈപ്പിടൽ പൂർത്തിയാക്കിയാലും അപ്രോച്ച് റോഡ് നിർമാണം കെ.ആർ.എഫ്.ബി. പുനഃരാരംഭിച്ചാലേ ഈ റോഡുവഴിയുള്ള ദുരിതയാത്രയ്ക്ക് അറുതിയാകൂ. സ്തംഭനത്തിലായിരുന്ന കന്നിപ്പുറം പാലം നിർമാണം പുനഃരാരംഭിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായില്ല.
കോടതി വിട്ടുനൽകിയ സ്ഥലത്ത് ആദ്യം മതിൽ നിർമിച്ചശേഷമേ നിലവിലെ മതിൽ പൊളിക്കാവൂയെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. എന്നാൽ, ഏറ്റെടുത്ത സ്ഥലത്ത് കോടതിക്കായി ഇതുവരെ മതിൽ നിർമിക്കാൻപോലും കെ.ആർ.എഫ്.ബി.ക്ക് ആയിട്ടില്ല.
Published: 28 Oct 2026, 01:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented