ചീഞ്ഞുനാറുന്നത് മനോഹരമായ വിനോദസഞ്ചാര കേന്ദ്രം
കുഞ്ചിത്തണ്ണി : ഇരുപതേക്കർ-മൂന്നാർ ഹെഡ് വർക്സ് റോഡിലെ പോതമേട് ടൗണിൽ റോഡരികിൽ മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്നു.
മലകളും സുഗന്ധവിള തോട്ടങ്ങളുമൊക്കെയായി മൂന്നാറിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് പോതമേട്.
ഈ പ്രകൃതിഭംഗിയുടെ ആനുകൂല്യത്തിൽ ടൂറിസംകൊണ്ട് വരുമാനമുണ്ടാക്കുന്ന ഇവിടത്തെ റിസോർട്ടുകാർ തന്നെ ഇവിടെനിന്നുള്ള മാലിന്യം പാതയോരത്ത് തള്ളി പോതമേടിന്റെ വശ്യഭംഗിക്ക് കളങ്കം ഉണ്ടാക്കുന്നു.
മൂന്നാർ ഹെഡ് വർക്സ് ഡാം, ചൊക്കനാട് റോഡ് എന്നിവിടങ്ങൾ വഴിയാണ് വിനോദസഞ്ചാരികൾ പോതമേട്ടിൽ എത്തുന്നത്. പോതമേട് വ്യൂപോയിന്റിൽ പാതയോരത്ത് ലോഡുകണക്കിന് മാലിന്യങ്ങൾ തള്ളുന്നുണ്ട്.
ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ സന്ദർശനത്തിനെത്തുന്ന പോതമേട് വ്യൂപോയിന്റിലാണ് ചില റിസോർട്ടുകളിൽ നിന്നടക്കമുള്ള കക്കൂസ് മാലിന്യങ്ങളും നിർമാണസാമഗ്രികളുടെ അവശിഷ്ടങ്ങളും തള്ളുന്നത്.
വിജനമായ ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ ചില റിസോർട്ടുകളിൽനിന്നുള്ള കക്കൂസ് മാലിന്യങ്ങൾ ലോറിയിലെത്തിച്ച് തള്ളുന്നത് പതിവാണ്. ഇതുകൂടാതെയാണ് കെട്ടിടങ്ങളുടെ നിർമാണാവശിഷ്ടങ്ങളും പച്ചക്കറിമാലിന്യങ്ങളും ഇവിടെ തള്ളുന്നത്.
ശുചീകരിക്കണം
പള്ളിവാസൽ പഞ്ചായത്തിന്റെ പരിധിയിലുള്ള ഇവിടേക്ക് പഞ്ചായത്തിന്റെ ശുചീകരണത്തൊഴിലാളികൾ എത്താത്തതുമൂലം ഇത്തരം മാലിന്യങ്ങൾ കൂടിക്കിടന്ന് ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തുന്നത്, ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പോതമേട് ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും റോഡരികിൽ തന്നെയാണ് വലിച്ചെറിയുന്നത്. പ്രകൃതിമനോഹരമായ പോതമേട്ടിൽ റോഡരികിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നത് വിനോദസഞ്ചാരികളെ ഇവിടെനിന്ന് അകറ്റുന്നതിന് കാരണമാകുന്നുണ്ട്. റോഡരികിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത ഇല്ലാതാക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 20 Oct 2026, 02:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented