ചൂരക്കാട്ടുകര : 'ഒരു ഗ്രാമം നാടകം കാണുന്നു ' എന്നാണ് ചൂരക്കാട്ടുകരയിലെ നാടകമേളയുടെ സന്ദേശവാചകമെങ്കിലും ഒന്നല്ല ഒരുപാട് ഗ്രാമങ്ങളാണ് നാടകം കാണാൻ ചൂരക്കാട്ടുകരയിലേക്ക് എത്തുന്നത്. ഈ ഡിജിറ്റൽയുഗത്തിലും ആയിരത്തോളം പേരാണ് ഓരോ ദിവസവും നാടകം കാണാനായി എത്തുന്നത്.

To advertise here,

2016-ലാണ് നാടകമേളയുടെ ആരംഭം. പിന്നീട് കൊറോണക്കാലത്ത് ഇടവേള വന്നെങ്കിലും ഒൻപതാമത് നാടകമേളയാണ് ഇത്തവണ നടക്കുന്നത്. ചൂരക്കാട്ടുകരയുടെ നാടകപാരമ്പര്യത്തിന് ഏതാണ്ട് അഞ്ചു പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. സ്വന്തമായി നാടകട്രൂപ്പ് വരെ ഈ നാടിനുണ്ടായിരുന്നു. പിന്നീട് നാടിന്റെ കലാപാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള നാട്ടിലെ കലാപ്രേമികളുടെ ശ്രമങ്ങളുടെ ഫലമാണ് ചൂരക്കാട്ടുകര ഗ്രാമീണവേദിയുടെ രൂപവത്കരണത്തിന് കളമൊരുങ്ങിയത്. ഈ കൂട്ടായ്മയാണ് നാടകമേള സംഘടിപ്പിക്കുന്നത്. നാട്ടുകാരുടെ സഹായങ്ങളാണ് നാടകമേളയുടെ സാമ്പത്തികാടിത്തറ. നിറഞ്ഞ സദസ്സു തന്നെയാണ് ഈ നാടകമേളയെ വ്യത്യസ്തമാക്കുന്നത്. ആയിരത്തോളം വീടുകളിൽ നേരിട്ട് കയറിയിറങ്ങിയാണ് സംഘാടകർ നാടകമേളയിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്.

അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന നാടകമേളയിൽ അഞ്ചു നാടകങ്ങളാണ് അവതരിപ്പിക്കാറുള്ളത്. ചൂരക്കാട്ടുകര അയ്യപ്പൻകാവ് ക്ഷേത്രമൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള ഓഡിറ്റോറിയത്തിൽ വൈകീട്ട് ഏഴു മണിക്ക് നാടകം അരങ്ങേറും. പ്രവേശനം സൗജന്യമാണ്. സംഗീതസംവിധായകനായ മണികണ്ഠൻ അയ്യപ്പ നാടകമേള ഉദ്ഘാടനംചെയ്തു. നാടകവേദി പ്രസിഡന്റ് ഇ.എസ്. വിജയകുമാർ അധ്യക്ഷനായി. സെക്രട്ടറി ശ്രീനിവാസൻ, കൺവീനർ ടി.എസ്. സുരേഷ് ബാബു, പുഴക്കൽ ബ്ലോക്ക്‌ അംഗം അനിതാ സുരേഷ്ബാബു, അടാട്ട് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.കെ. ശങ്കരനാരായണൻ, സുമിനി സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു

ഉദ്ഘാടനദിവസമായ ബുധനാഴ്ച തിരുവനന്തപുരം മലയാളനാടകവേദി അവതരിപ്പിച്ച 'ഒരു സുന്ദരദിവസം' എന്ന നാടകം അരങ്ങേറി. വ്യാഴാഴ്ച ഡ്രീം കേരള തിരുവനന്തപുരം അവതരിപ്പിക്കുന്ന 'ഊരുവലം', വെള്ളിയാഴ്ച ചങ്ങനാശ്ശേരി അണിയറയുടെ 'തിര', ശനിയാഴ്ച കോഴിക്കോട് നവചേതനയുടെ 'മഹാബലി', ഞായറാഴ്ച തിരുവനന്തപുരം സാഹിതിയുടെ 'ചൊറിയൻപുഴു യുദ്ധം' എന്നീ നാടകങ്ങൾ അവതരിപ്പിക്കും .