മറയൂർ : മൂന്നാർ പഞ്ചായത്തിൽ ഗൂഡാർവിള എസ്റ്റേറ്റിൽ കടുവയുടെ ഭീഷണി തുടരുന്നു. നെറ്റിക്കുടി ടോപ്പ് ഡിവിഷനിൽ കഴിഞ്ഞ ചൊവ്വാഴ്ച നെറ്റിക്കുടിയിലെ ഗണപതിയുടെ പശുവിനെകൊന്ന കടുവ വീണ്ടും അതേ സ്ഥലത്തെത്തിയത് തൊഴിലാളികളിൽ ആശങ്ക ഉയർത്തുന്നു.

To advertise here,

വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് കടുവ ജഡം വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ഭക്ഷിക്കുന്നതുമെല്ലാം പതിഞ്ഞത്.

ഈ സാഹചര്യത്തിൽ കടുവ ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. ഡ്രോൺ ഉപയോഗിച്ചും ക്യാമറ ട്രാപ്പുകൾ വഴിയും കടുവയുടെ സഞ്ചാരപാത കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കടുവയെ എസ്റ്റേറ്റ് മേഖലയിലെ ജനവാസപ്രദേശങ്ങളിൽനിന്ന് അകറ്റി വനത്തിലേക്ക് തിരിച്ചയയ്ക്കുകയാണ് ലക്ഷ്യം.കടുവയെ അകറ്റുന്നതിനായി ടയർ കത്തിച്ചും മറ്റ് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം, കടുവയെ കണ്ടെത്തുന്നതുവരെ ആർ.ആർ.ടി. സംഘത്തിന്റെ നിരീക്ഷണം പ്രദേശത്ത് തുടരും. പ്രത്യേകിച്ച് രാവിലെയും സ്കൂൾ സമയത്തും ഉച്ചയ്ക്കും വൈകീട്ടും സംഘം മേഖലയിൽ ഉണ്ടാകും.

പ്രതിഷേധവുമായി തൊഴിലാളികൾ

ഏഴു പശുക്കളെ കൊന്നിട്ടും വനംവകുപ്പ് നിരീക്ഷണം നടത്തുന്നതല്ലാതെ കടുവയെ പിടികൂടുന്നതിന് യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിൽ തേയിലത്തോട്ടം തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്.