കുഞ്ചിത്തണ്ണി (ഇടുക്കി) : ചൊക്രമുടിയിലെ ഈ നീലവസന്തം കാണാൻ എത്തിയത് വസന്തത്തിന്റെ സംരക്ഷകരാണ്. രണ്ടു വർഷങ്ങൾക്കുമുമ്പ് മണ്ണുമാന്തിയന്ത്രങ്ങൾ കൊണ്ട് തങ്ങളുടെ കൂട്ടുകാർ വേരോടെ പിഴുതെറിയപ്പെട്ടപ്പോൾ വടിയും കുടയും എടുത്ത് ചൊക്രമുടിയെ സംരക്ഷിക്കാൻ ഇറങ്ങിയവരായിരുന്നു അവർ. ചൊക്രമുടി സംരക്ഷണസമിതി പ്രവർത്തകർ.
ആദിവാസി സമൂഹത്തിന്റെയും പ്രദേശവാസികളുടെയും നിശ്ചയദാർഢ്യത്തിലാണ് ചൊക്രമുടിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം തിരികെ കിട്ടിയത്.
2024 ജൂലായിലാണ് കേരളത്തിലെ രണ്ടാമത്തെ ഉയരമുള്ള കൊടുമുടിയായ ചൊക്രമുടി മലനിരകളിൽ ഭൂമാഫിയ അനധികൃത നിർമാണങ്ങൾക്ക് തുടക്കം കുറിച്ചത്. ചൊക്രമുടി മലനിരയെ വിവിധ പ്ളോട്ടുകൾ ആയി തിരിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കംചെയ്തു. പ്രദേശത്തെ പാറകൾ അനധികൃതമായി ഖനനം നടത്തുകയും റോഡു നിർമിച്ച് കോൺക്രീറ്റും ടാറും ഇടുകയുംചെയ്തു. നൂറുകണക്കിന് മരങ്ങൾ മുറിച്ചുകടത്തി. നീലക്കുറിഞ്ഞികൾ ഉൾപ്പെടെ നൂറുകണക്കിന് അപൂർവ ഇനം സസ്യങ്ങളെ ഇല്ലാതാക്കി. താഴ്വാരത്തിന് മുഴുവൻ ഭീഷണിയാകുന്ന രീതിയിൽ വലിയ തടയണയും നിർമിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്തത്. പ്ലോട്ടുകൾ തിരിച്ചു മറിച്ചുവിറ്റതോടുകൂടി കോടിക്കണക്കിന് രൂപയാണ് ഭൂമാഫിയ ഇവിടെനിന്ന് സമ്പാദിച്ചത്. 2024 ഓഗസ്റ്റ് നാലിനാണ് ‘മാതൃഭൂമി’യിൽ വന്ന വാർത്തയോടുകൂടിയാണ് ചൊക്രമുടി മലനിരകളിലെ കൈയ്യേറ്റത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. വാർത്ത പുറത്തുവന്നതോടുകൂടി കൈയേറ്റത്തിനെതിരേ വൻപ്രതിഷേധമാണ് സമീപവാസികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. അവർ ചൊക്രമുടി സംരക്ഷണ സമിതി രൂപവത്കരിച്ചു. ശക്തമായ പ്രതിഷേധത്തിനൊടുവിൽ സർക്കാരിന് കൈയേറ്റത്തിനെതിരേ നടപടി എടുക്കേണ്ടിവന്നു.
Published: 12 Sept 2026, 03:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented