പരവൂർ : തീരദേശസുരക്ഷ സംബന്ധിച്ച ആശങ്കകളെ അവഗണിച്ച് പരവൂർ കായലിൽ പൊഴിക്കരയിൽ വീണ്ടും മണൽഖനനം തുടങ്ങി. പ്രതിഷേധത്തെത്തുടർന്ന് ആഴ്ചകളായി നിർത്തിവെച്ചിരുന്ന മണലെടുപ്പ് കളക്ടറുടെ അനുമതിയോടെയാണ് പുനരാരംഭിച്ചത്.
കളക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം വിഷ്ണു മോഹൻ എം.എൽ.എ., ദേശീയപാതാ കരാർ കമ്പനി, മേജർ ഇറിഗേഷൻ വകുപ്പ്, ജിയോളജി വകുപ്പ് എന്നിവരുടെ യോഗം ചേർന്നിരുന്നു. മുൻപ് ഖനനം നടത്തിയിരുന്ന ഭാഗത്തുനിന്ന് 300 മീറ്റർ അകലെ ഖനനം നടത്താനാണ് അനുമതി നൽകിയത്. എന്നാൽ മുൻപ് മണലെടുത്ത തീരത്തുനിന്നാണ് ചൊവ്വാഴ്ചയും മണലെടുത്തത്.
പരവൂർ നഗരസഭയുടെ പരിധിയിൽനിന്നാണ് മണലൂറ്റ് നടക്കുന്നതെങ്കിലും നഗരസഭാധികൃതരെ യോഗവിവരം അറിയിച്ചിരുന്നില്ല. മണലൂറ്റ് പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന വെറ്റ്‌ലാൻഡ് അതോറിറ്റിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വീണ്ടും അനുമതി നൽകിയത്.
ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് പരവൂർ കായലിൽനിന്ന് മണലെടുക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുമതി നൽകിയത്. പൊഴിക്കര ചീപ്പുപാലത്തിനു സമീപം രൂപംകൊണ്ട മണൽത്തുരുത്തുകൾ നീക്കംചെയ്യാനാണ് അനുമതി നൽകിയത്.
എന്നാൽ ഇതിനുപകരം പൊഴിക്കര, താന്നി തീരത്തുനിന്നാണ് മണലൂറ്റ് നടത്തിയത്. താന്നിയിലെ മണലൂറ്റിനെതിരേ മയ്യനാട് പഞ്ചായത്ത് പ്രമേയം പാസാക്കുകയും തുടർന്ന് കളക്ടർ മണലെടുപ്പിന് സ്റ്റേ നൽകുകയും ചെയ്തിരുന്നു.
മണലൂറ്റുകാരണം തീരത്തിന്റെ അടിഭാഗത്തെ മണൽ കായലിലേക്ക് ഇടിഞ്ഞുതാഴുന്നത് പരവൂർ-കൊല്ലം തീരദേശപാതയുടെ തകർച്ചയ്ക്കു കാരണമാകുമെന്നാണ് ആശങ്കകൾ ഉയരുന്നത്. പരവൂർ കായലിൽ ഖനനം നടക്കുന്ന ഭാഗവും കടലും തമ്മിൽ 50 മീറ്ററിൽ താഴെ മാത്രമാണ് ദൂരമുള്ളത്.
Published: 07 Oct 2026, 02:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented