കരുവാറ്റ : കുട്ടനാടിനെയും അപ്പർകുട്ടനാടിനെയും ബന്ധിപ്പിക്കുന്ന കരുവാറ്റ കുറിച്ചിക്കൽ പാലത്തിന്റെ നിർമാണം പൂർത്തിയായി. അനുബന്ധപാതയുടെ പണി കൂടി കഴിഞ്ഞാൽ പാലം ഗതാഗതയോഗ്യമാകും. 260 മീറ്റർ നീളത്തിൽ ലീഡിങ് ചാനലിൽ നിർമിക്കുന്ന പാലത്തിന്റെ മുഴുവൻ സ്പാനുകളും പ്രീ സ്ട്രെസ്ഡ് വോയ്ഡ് സ്ലാബും പൂർത്തിയായി. 45 മീറ്റർ നീളത്തിൽ മൂന്നു സ്പാനും 35 മീറ്ററുള്ള ആറു സ്പാനുകളും 12 മീറ്റർ നീളമുള്ള ഒൻപത് സ്പാനുകളുമാണ് പാലത്തിനുള്ളത്. നെടുമുടി-കരുവാറ്റ റോഡിലെ നീളം കൂടിയ പാലമാണ് കുറിച്ചിക്കൽ കടവിലുള്ളത്.

To advertise here,

 

നബാർഡ് സഹായത്തോടെ 28.25 കോടി ചെലവഴിച്ച് നിർമിക്കുന്ന പാലത്തിന്റെ പണി 2016 ഫെബ്രുവരിയിലാണ് തുടങ്ങിയത്. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാർ. മഹാപ്രളയവും തുടർച്ചയായുള്ള വെള്ളപ്പൊക്കവും കാരണം നിർമാണം പലപ്പോഴായി നിർത്തി വെയ്‌ക്കേണ്ടി വന്നു. വെള്ളപ്പൊക്കം കഴിഞ്ഞ് പണി പുനരാരംഭിച്ചെങ്കിലും പിന്നീട് തൊഴിൽത്തർക്കത്തെത്തുടർന്ന് പണി നിലച്ചു. ചർച്ചകളിലൂടെ പരിഹാരം കണ്ട് പണി തുടങ്ങിയെങ്കിലും കരാർ സംബന്ധിച്ച പ്രശ്‌നങ്ങൾ കാരണം നിർമാണം വീണ്ടും നിലച്ചു. ആദ്യം കരാറെടുത്ത കമ്പനിയുടെ ഭാഗത്തു വീഴ്ചയുണ്ടായതായി സർക്കാർ കണക്കാക്കി കരാർ റദ്ദാക്കി. പിന്നീട് നാലുതവണ ടെൻഡർ വിളിച്ചെങ്കിലും പഴയ അടങ്കൽ തുകയായതിനാൽ ആരും പങ്കെടുത്തില്ല. ഇതോടെ 2020-ൽ പാലം പണി നിലച്ചു. വർഷങ്ങളോളം പാലം പണി നിലച്ചിരിക്കുകയായിരുന്നു. രമേശ് ചെന്നിത്തല എം.എൽ.എ. മുൻകൈയെടുത്ത് 2023-24 ബജറ്റിൽ 12 കോടി രൂപകൂടി പാലം നിർമാണത്തിനായി അനുവദിപ്പിച്ചു. ഇതോടെയാണ് മുടങ്ങിക്കിടന്ന പാലംപണിക്ക് ജീവൻ വെച്ചത്.

നെടുമുടി-കരുവാറ്റ റോഡുപദ്ധതിയുടെ ഭാഗമാണ് കരുവാറ്റ കുറിച്ചിക്കൽ പാലം. കാർഷികമേഖലയുടെ ഭംഗി ആസ്വദിക്കുകയും അതുവഴി ടൂറിസം സാധ്യതകൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ കരുവാറ്റ-കുപ്പപ്പുറം പാതാപദ്ധതി പിന്നീട് നെടുമുടി-കരുവാറ്റ റോഡു പദ്ധതിയായി മാറുകയായിരുന്നു. നെടുമുടി, കരുവാറ്റ, ചമ്പക്കുളം, തകഴി പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. എ.സി. റോഡിനെയും ദേശീയപാതയെയും ബന്ധിപ്പിച്ച് മികച്ച യാത്രാസൗകര്യം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം.

കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഏറെ പ്രയോജനപ്പെടുന്ന പാത കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും പുതിയ യാത്രാമാർഗം തുറക്കുക കൂടിയായിരുന്നു. കുറിച്ചിക്കൽ കടവിൽ പാലം വരുന്നതിനൊപ്പം കോരംകുഴി തോട്ടിലും പാലം ഉയർന്നെങ്കിൽ മാത്രമേ നെടുമുടി-കരുവാറ്റ റോഡിന്റെ പൂർണ പ്രയോജനം ലഭിക്കുകയുള്ളു.