അമ്പലപ്പുഴ : ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കളർകോട് ജങ്ഷൻ കിഴക്കും പടിഞ്ഞാറുമായി കെട്ടിയടയ്ക്കുമോയെന്ന ആശങ്കയിൽ ജനം. പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് ജങ്ഷനിലെ നിർമാണം നിർത്തിയെങ്കിലും കെട്ടിയടയ്ക്കില്ലെന്ന കാര്യത്തിൽ ഉറപ്പു ലഭിച്ചിട്ടില്ല. ആറുമാസം മുൻപുള്ള രൂപരേഖയുടെ അടിസ്ഥാനത്തിലാണ് നിർമാണം തുടരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പുതുക്കിയ രൂപരേഖ ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.
എം.പി. ഇടപെട്ടു; നിർമാണം നിർത്തി
കോൺഗ്രസ് പ്രവർത്തകർ നിർമാണം തടഞ്ഞതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെടുന്നത്. എസ്.ഡി. കോളേജിനു മുൻവശം നിലവിലുള്ള അടിപ്പാതയുടെ അനുബന്ധ റോഡിന്റെ ഭാഗമായി ഇരുവശവും ഭിത്തി കെട്ടിയുയർത്തുന്നതോടെയാണ് പ്രധാന ജങ്ഷനിൽ ഇരുവശത്തേക്കുമുള്ള സഞ്ചാരം തടസ്സപ്പെടുന്നത്. പ്രശ്‌നത്തിൽ ഇടപെട്ട കെ.സി. വേണുഗോപാൽ എം.പി. ഉന്നതതലതീരുമാനം ഉണ്ടാകുംവരെ നിർമാണം നിർത്തിവെക്കാൻ നിർദേശിച്ചു. ഇതോടെ ജങ്ഷനിൽ 30 മീറ്റർ ഭാഗം ഒഴിച്ചിട്ടാണ് ഇപ്പോഴുള്ള നിർമാണം.
സ്ഥലമറിയാതെ രൂപരേഖ
കളർകോട് ബൈപ്പാസ് ജങ്ഷൻ ദേശീയപാതയിൽ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നാണ്. തിരുവനന്തപുരം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ബൈപ്പാസിലേക്കും ആലപ്പുഴ പട്ടണത്തിലേക്കും പ്രവേശിക്കുന്നത് ഇതുവഴിയാണ്. പഴയനടക്കാവ് റോഡും തീരദേശറോഡും ജങ്ഷനിലൂടെ ബന്ധിപ്പിക്കുന്നു. കളർകോട് ജങ്ഷനിൽ വരേണ്ട അടിപ്പാത ഇവിടെനിന്നുമാറി എസ്.ഡി. കോളേജിനു മുൻവശമാണ് സ്ഥാപിച്ചത്. അതും വീതികുറഞ്ഞ നിലയിൽ. ഇരുദിശകളിൽനിന്നും വരുന്ന വാഹനങ്ങൾക്ക് ആലപ്പുഴ പട്ടണത്തിലേക്കും ചങ്ങനാശ്ശേരി ജങ്ഷൻവഴി എ.സി.റോഡിലേക്കും പോകാനുള്ള ഏകമാർഗം ഇതാണ്. ഇപ്പോൾത്തന്നെ ഇടുങ്ങിയ അടിപ്പാത വാഹനങ്ങൾ കടന്നുപോകുമ്പോൾ ഗതാഗതക്കുരുക്കിനിടയാക്കുന്നു.
കളർകോട് ബൈപ്പാസ് ജങ്ഷനിൽ വീതികൂട്ടി പുതിയൊരു അടിപ്പാത നിർമിക്കുകമാത്രമാണ് പ്രശ്‌നത്തിന് ഏകപരിഹാരം. ഇത് തൂണിൽനിൽക്കുന്ന പാലമാണെങ്കിൽ ചെറിയവാഹനങ്ങൾക്കും സൗകര്യപ്രദമാകും.
Published: 22 Sept 2026, 02:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented