തുറവൂർ : ഉയരപ്പാതയുടെ കാന പണിയാൻ കുഴിയെടുക്കവേ വീണ്ടും ജപ്പാൻ പൈപ്പുപൊട്ടി. ഇതോടെ വയലാർ, കടക്കരപ്പള്ളി, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന, അരൂർ പഞ്ചായത്തുകളിലേക്കുള്ള വെള്ളം വിതരണം പൂർണമായും തടസ്സപ്പെട്ടു.
ദേശീയ പാതയിൽ പാട്ടുകുളങ്ങരയിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചേമുക്കാലിനായിരുന്നു സംഭവം.
മാക്കേക്കവലയിലെ ശുദ്ധീകരണശാലയിൽനിന്നു വടക്കൻ പഞ്ചായത്തുകളിലെ ജല സംഭരണികളിലേക്കു കുടിവെള്ളമെത്തിക്കുന്ന 500 എം.എം. വ്യാസമുള്ള ജി.ആർ.പി. പൈപ്പാണ് പൊട്ടിയത്. തുറവൂർ - അരൂർ
ഉയരപ്പാതയിലെ വെള്ളം ഒഴുക്കുന്നതിനായിട്ടാണ് പാതയോരത്ത് കാന പണിയുന്നത്. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് പൈപ്പു പൊട്ടിയത്. നിമിഷനേരത്തിനകം ആയിരക്കണക്കിനു ലിറ്റർ വെള്ളമാണു പാഴായത്. വിവരമറിയിച്ചതിനെത്തുടർന്നു ജല അതോറിറ്റി അധികൃതർ സ്ഥലത്തെത്തി പരിശോധന തുടങ്ങി. തുറവൂർക്കവല മുതൽ പൊന്നാംവെളി വരെ സ്ഥാപിച്ച പുതിയ പൈപ്പു ലൈനിലേക്കു കണക്ഷൻ മാറ്റി നൽകുന്നതിനായി 22 മുതൽ 28 വരെ എട്ടു പഞ്ചായത്തിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അറിയിപ്പു വന്നതിനു പിന്നാലെയാണു പൈപ്പു പൊട്ടിയതെന്നതു ജല അതോറിറ്റി അധികൃതർക്കു തലവേദനയായിട്ടുണ്ട്.
ജോലിക്കാരുടെ ലഭ്യതക്കുറവുണ്ടെന്നും ഞായറാഴ്ചതന്നെ അറ്റകുറ്റപ്പണി തുടങ്ങാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
Published: 18 Oct 2026, 02:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented