മംഗളൂരു : ഒരിടവേളയ്ക്കുശേഷം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് കേസുകളിലായി 3.77 കോടി വിലവരുന്ന 2.371 കിലോഗ്രാം സ്വർണവുമായി മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായി.
ജീവനക്കാരന്റെ സഹായത്തോടെ കടത്താൻ ശ്രമിച്ച രണ്ടുകോടി വിലവരുന്ന 1.65 കിലോ സ്വർണവും 73 ലക്ഷം രൂപയുമായി രണ്ട് കാസർകോട് സ്വദേശികളുൾപ്പെടെ മൂന്നുപേരാണ് ആദ്യം റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായത്. വിമാനത്താവളത്തിലെ ശൗചാലയത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പശരൂപത്തിലാക്കിയ സ്വർണം മംഗളൂരു സ്വദേശിയായ ജീവനക്കാരൻ മറ്റൊരു ജീവനക്കാരനായ കാസർകോട് സ്വദേശി തൗഫീഖിന് കൈമാറി. ഇയാൾ വിമാനത്താവളത്തിനുപുറത്ത് രണ്ടുകിലോമീറ്ററകലെ കാറുമായി കാത്തുനിന്ന കാസർകോട് സ്വദേശി ഖാദറിന് എത്തിക്കാൻ ശ്രമിക്കവെയാണ് മൂവരും പിടിയിലായത്. ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഡെപ്യൂട്ടി ഡയറക്ടർ കങ്കനാല അനിൽ കുമാറിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ രണ്ടുപേരെ വിമാനത്താവളത്തിലും ഒരാളെ കാറുമായി പുറത്തുവെച്ചുമാണ് അറസ്റ്റ് ചെയ്തത്. കാറിൽനിന്നാണ് 73 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസി പിടിച്ചെടുത്തത്. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന കാസർകോട്ടുനിന്നുള്ള ആളുകളാണ് സ്വർണക്കടത്തിന് പിന്നിലെന്ന് ഡി.ആർ.ഐ. അധികൃതർ അറിയിച്ചു.
രണ്ടാമത്തെ കേസിൽ ദുബായിയിൽനിന്നെത്തിയ രണ്ട് കാസർകോട് സ്വദേശികളായ ഹനീഫ, അഫ്രീദ് എന്നിവരിൽനിന്ന് ഇന്ത്യൻ വിപണിയിൽ 1.77 കോടി വിലമതിക്കുന്ന 1.306 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. പശരൂപത്തിലാക്കിയ സ്വർണം ഗോളങ്ങളാക്കി ഗർഭനിരോധന ഉറകളിൽ പൊതിഞ്ഞ് മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഒരാളിൽനിന്ന് ഇത്തരം മൂന്നും മറ്റൊരാളിൽനിന്ന് രണ്ടും ഗോളങ്ങൾ ഡി.ആർ.ഐ. പിടിച്ചെടുത്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.
വിമാനത്താവളം വഴി എംഡിഎംഎയും
മസ്കറ്റിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കാസർകോട് സ്വദേശിയിൽനിന്ന് 1.333 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ബാഗിൽ ചിപ്സിന്റെ പാക്കറ്റിനുള്ളിൽ 14 ചെറുപാക്കറ്റുകളിലായാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഇയാളെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ രാസലഹരി കൈമാറിയ മൂന്നാർ സ്വദേശിയെയും അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുന്നതിനാൽ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
Published: 26 Nov 2026, 04:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented