തുറവൂർ : ലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും ലഹരിവിമുക്ത അരൂരിനെ പുനഃസൃഷ്ടിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ക്യാമ്പ് ഓഫീസിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ പ്രസിഡൻറുമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

To advertise here,

തൂഫാൻ ഗ്രാമസഭ, ജാഗ്രതാസമിതി, രക്ഷിതാക്കൾക്കുള്ള കൗൺസലിങ്, ഡി-അഡിക്‌ഷൻ തുടങ്ങിയ വിവിധ പരിപാടികൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. അത് ശക്തിപ്പെടുന്നതിന്റെ ഭാഗമായി ഡിസംബർ 18 -ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ ശില്പശാല നടത്താൻ തീരുമാനിച്ചു. മണ്ഡലത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളെയും പങ്കെടുപ്പിക്കും. ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ലഹരിവിമുക്ത അരൂരിനുവേണ്ടി പ്രത്യേക ആക്‌ഷൻ പ്ലാനും ശില്പശാലയിൽ തയ്യാറാക്കും.

ഓപ്പറേഷൻ തൂഫാൻ പദ്ധതി തുടങ്ങിയതിനുശേഷം പോലീസ് ചേർത്തല താലൂക്കിൽനിന്നു മാത്രം 300 കേസുകൾ രജിസ്റ്റർചെയ്തിടുണ്ടെന്ന് ചേർത്തല ഡിവൈ.എസ്.പി. മഞ്ജുലാൽ യോഗത്തെ അറിയിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പരിധിയിൽനിന്നു 13 കിലോഗ്രാം കഞ്ചാവ് പിടിച്ചതാണ് വലിയ സംഭവം. എക്സൈസ് ഇൻസ്പെക്ടർ ഷിബു, ജില്ല പഞ്ചായത്തംഗം ജെയിംസ് ചിങ്കുതറ, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. രജിത, പഞ്ചായത്ത്‌ പ്രസിഡൻറുമാരായ സി.കെ. പുഷ്പൻ, ബിന്ദു ഷാജി, കവിതാസജീവൻ, സി.അർ. ഗിരീഷ്, ജ്യോതിശ്രീ ,അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ അജയകുമാർ, എസ്.എച്ച്.ഒ.മാരായ ജിജിൻ ജോസഫ്, ലിജിമോൾ, അബീഷ്, എക്സൈസ് ഇൻസ്പെക്ടർ ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു.