റെയിൽവേ വഴി കെട്ടിയടച്ചതായി പരാതി
മാവേലിക്കര : ജന്മനാ ശാരീരിക വെല്ലുവിളികൾ നേരിടുന്ന അനൂപിന് സുമനസ്സുകളുടെ കാരുണ്യത്താൽ നിർമിച്ചുനൽകിയ സ്വപ്നവീടിന്റെ ഗൃഹപ്രവേശത്തിന് ദിവസങ്ങൾശേഷിക്കേ വീട്ടിലേക്കുള്ള ഏക യാത്രാമാർഗം റെയിൽവേ കെട്ടിയടച്ചതായി പരാതി. ഗൃഹപ്രവേശന ചടങ്ങുകൾ 29-നു നടക്കാനിരിക്കേ, വീട്ടിലേക്കുള്ള സഞ്ചാരപാത റെയിൽവേ അധികൃതർ അടച്ചതോടെ അനൂപും കുടുംബവും തികഞ്ഞ നിസ്സഹായാവസ്ഥയിലാണ്.
മാവേലിക്കര പൊന്നാരംതോട്ടം ചാലിശ്ശേരിൽ വീട്ടിൽ അനൂപ്, ചക്രക്കസേരയിൽ ലോട്ടറി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ. ആയിരുന്ന എം.ജി. മനോജിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ വീഡിയോയിലൂടെയാണ് ഒരു കൊച്ചുവീട് എന്ന അനൂപിന്റെ ആഗ്രഹം പങ്കുവെക്കപ്പെട്ടത്.
ഇതറിഞ്ഞ കരുനാഗപ്പള്ളി കെന്നഡി സ്കൂൾ അധികൃതർ മാവേലിക്കര നഗരസഭ 19-ാം വാർഡിൽ പൊന്നാരംതോട്ടം കോട്ടൂതാഴെ ഭാഗത്ത് നാലുസെന്റ് ഭൂമി വാങ്ങിനൽകി. ഇവിടെ ഒറ്റപ്പാലം സി.എം.എൻ. ട്രസ്റ്റ് അനൂപിനായി വീട് നിർമിച്ചു നൽകുകയുമായിരുന്നു.
എന്നാൽ, അവിചാരിതമായി വഴി അടച്ചതോടെ നിർമാണസാമഗ്രികൾപോലും വീട്ടിലേക്കെത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. റെയിൽവേ കനിഞ്ഞില്ലെങ്കിൽ അനൂപിന്റെ മുച്ചക്രവാഹനത്തിനുപോലും സ്വന്തം വീട്ടുമുറ്റത്തേക്ക് എത്താൻകഴിയില്ല.
പൊന്നാരംതോട്ടം കോട്ടൂതാഴെ ഭാഗത്ത് റെയിൽവേ ട്രാക്കിനു സമാന്തരമായുള്ള വഴിയായിരുന്നു പ്രദേശവാസികൾ കാലങ്ങളായി ഉപയോഗിച്ചുവന്നിരുന്നത്. റെയിൽവേ ഭൂമിയിൽ വേലികെട്ടുന്നതിന്റെ ആദ്യഘട്ടമായാണ് വഴിയടച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. അനൂപടക്കം നിരവധി കുടുംബങ്ങളുടെ ആശ്രയവും ഈരേഴ കമ്പനിപ്പടിയിലേക്കുള്ള ഇരുചക്രവാഹന യാത്രക്കാരുടെ എളുപ്പവഴിയുമാണ് ഇതോടെ ഇല്ലാതായത്.
Published: 26 Nov 2026, 02:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented