ചെങ്ങന്നൂർ : ശരണംവിളികളുമായി തീർഥാടകർ തിങ്കളാഴ്ച മുതൽ ചെങ്ങന്നൂരിലെത്തും. ഇവർക്കായി സൗകര്യങ്ങളൊരുക്കുന്നതിന്റെ അവസാനവട്ട ഒരുക്കത്തിലാണ് വിവിധ വകുപ്പുകളും ദേവസ്വം ബോർഡും. ചെങ്ങന്നൂരിൽനിന്നു പമ്പാ സർവീസ് രാവിലെ ഒൻപതിനു തുടങ്ങും. റെയിൽവേ സ്റ്റേഷനു മുന്നിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. ആദ്യ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. സജി ചെറിയാൻ എം.എൽ.എ., നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ എന്നിവർ പങ്കെടുക്കും. 24 മണിക്കൂറും സർവീസുണ്ടാകും. ആദ്യഘട്ടത്തിൽ അനുവദിച്ച 60 ബസുകൾ രാത്രിയിൽ ചെങ്ങന്നൂരിലെത്തി. ശനിയാഴ്ച മുതൽ കെ.എസ്.ആർ.ടി.സി. സർവീസ് തുടങ്ങിയെങ്കിലും തീർഥാടകർക്കുള്ള പ്രത്യേക സർവീസ് തിങ്കളാഴ്ചയാണ് ആരംഭിക്കുക.

To advertise here,

 

റെയിൽവേ സ്റ്റേഷനിൽ ദേവസ്വം ബോർഡിന്റെ ഇൻഫർമേഷൻ, തത്സമയ ബുക്കിങ് കേന്ദ്രം രാവിലെ എട്ടിന് ബോർഡംഗം പി.ഡി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഓൺലൈനായി ബുക്കുചെയ്യാൻ സാധിക്കാത്ത തീർഥാടകർക്ക് തത്സമയ ബുക്കിങ് കേന്ദ്രത്തിൽ ദർശനത്തിനു ബുക്കുചെയ്തിട്ട് പമ്പയ്ക്കു യാത്രതിരിക്കാം.

റെയിൽവേ പോലീസ് സഹായകേന്ദ്രം തുറന്നു

ചെങ്ങന്നൂർ : ശബരിമല തീർഥാടനത്തോടനുബന്ധിച്ച് റെയിൽവേ പോലീസിന്റെ സഹായകേന്ദ്രം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ തുറന്നു. ട്രെയിനിലെത്തുന്ന തീർഥാടകർക്കു സുരക്ഷയും സുഗമമായയാത്രയും ഉറപ്പാക്കുന്നതിനാണ് കേന്ദ്രം തുടങ്ങിയത്. 24 മണിക്കൂറും സേവനമുണ്ടാകും. ചെങ്ങന്നൂർ കൂടാതെ എറണാകുളം, കോട്ടയം, തിരുവല്ല, കായംകുളം എന്നീ സ്റ്റേഷനുകളിലും സഹായ കേന്ദ്രങ്ങളുണ്ടാകും. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനും ആവശ്യമായ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സഹായങ്ങൾക്കും വിവരങ്ങൾക്കും കൺട്രോൾ സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 9846200100. ചെങ്ങന്നൂരിലെ സഹായകേന്ദ്രം റെയിൽവേ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു