ആഞ്ഞലിത്താനം : ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും പാമല-ആഞ്ഞിലിത്താനം പാതയുടെ പുനരുദ്ധാരണം നീളുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് 22 ലക്ഷം രൂപ ഇതിനായി വകയിരുത്തിയതാണ്. പ്രവൃത്തികൾ നടക്കാതെവന്നതോടെ സ്പിൽഓവർ പദ്ധതികളുടെ കൂട്ടത്തിലായി. അതിനാൽ തുടർനടപടികൾക്ക് നേരിടുന്ന കാലതാമസത്താൽ ദുരിതയാത്ര തുടരേണ്ടിവരുന്നു. ഇൗ വഴിയിൽ തകരാത്ത ഒരിടവും കാണില്ല. ഇങ്ങനെയൊരു റോഡ് എന്തിനാണെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല. അത്രയ്ക്ക്‌ ദുരിതം സഹിച്ചെ പോകാനാകൂ. ഒന്നര കിലോമീറ്ററോളം വരുന്ന റോഡ് അപ്പാടെ കുഴികളാണ്. ഒന്നിന് പുറകെ ഒന്നായി അപകടക്കെണി തീർക്കുന്ന വഴി.

To advertise here,

 

പാമലയിലെ കിൻഫ്രയുടെ മുമ്പിൽനിന്ന് തുടങ്ങുന്ന റോഡ് ചെന്നുചേരുന്നത് ആഞ്ഞിലിത്താനം സഹകണബാങ്കിന് മുമ്പിൽ. തോട്ടഭാഗം-ചങ്ങനാശ്ശേരി റോഡിന്റെ നവീകരണഘട്ടത്തിൽ ഈ റോഡിലേക്കിറക്കി പത്തുമീറ്ററോളം ദൂരം പൊളിച്ചിരുന്നു. ആ റോഡിന്റെ ആദഘട്ടപണികൾ നടത്തിയിട്ട്‌ വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും അക്കൂട്ടത്തിൽ പൊളിച്ചിട്ട് അത്രയും ഭാഗം ടാറിട്ട് നൽകിയില്ല. അതിനാൽ പാമല റോഡിന്റെ തുടക്കത്തിലെ മെറ്റലാകെ ഇളകിത്തെറിച്ച് ഇരുചക്രവാഹന യാത്രക്കാരെ വീഴ്ത്തി കൊണ്ടിരിക്കുന്നു. ഓടകളില്ലാതെ വെള്ളമൊഴുകി വഴിയോരവും ടാറിങ്ങും തമ്മിൽ ഒരടിയോളം പൊങ്ങിയാണ് നിൽപ്പ്. പാമല ഇറക്കത്തിൽ 75 മീറ്ററോളം ദൂരത്തിൽ പൊളിഞ്ഞ് കുഴിഞ്ഞു. തിരുവല്ല-മല്ലപ്പള്ളി, തോട്ടഭാഗം-ചങ്ങനാശ്ശേരി റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപ്പാസാണിത്. പാമല കിൻഫ്രയിൽ എത്തുന്ന വഴി കൂടിയായതിനാൽ വ്യവസായിക പ്രാധാന്യവുമുണ്ട്.