ആലപ്പുഴ : കേരള കർഷകസംഘം 28-ാമത്‌ സംസ്ഥാന സമ്മേളനത്തിന്‌ പൊതുസമ്മേളന നഗരിയായ വി.എസ്‌. അച്യുതാനന്ദൻ നഗറിൽ (മഹേശ്വരി ൈമതാനം) സ്വാഗതസംഘം ചെയർമാൻ ആർ. നാസർ പതാകയുയർത്തി. തുടർന്ന്, എം. പ്രകാശൻ ക്യാപ്‌റ്റനായി കയ്യൂരിൽനിന്ന്‌ ആരംഭിച്ച കൊടിമരജാഥയെ ഉച്ചയ്ക്ക് അരൂരിലും എസ്‌.കെ. ശ്രീജ ക്യാപ്‌റ്റനായ പതാകാജാഥയെ ഉച്ചയ്ക്ക് കിടങ്ങറയിലും ജില്ലയിലേക്ക്‌ സ്വീകരിച്ചു.

To advertise here,

പ്രതിനിധിസമ്മേളന നഗറിൽ ഉയർത്താനുള്ള പതാകാജാഥ കള്ളിക്കാട്‌ രക്തസാക്ഷി മണ്ഡപത്തിൽനിന്നാണ് പ്രയാണം ആരംഭിച്ചത്. കെ.എച്ച്‌. ബാബുജാനായിരുന്നു ക്യാപ്‌റ്റൻ. മൂന്നു ജാഥകളും വൈകീട്ട്‌ അഞ്ചിന്‌ ഇ.എം.എസ്‌. സ്റ്റേഡിയത്തിനു സമീപം സംഗമിച്ചു. വലിയചുടുകാട്ടിലെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം പ്രകടനമായി പൊതുസമ്മേളന നഗരിയായ വി.എസ്‌.അച്യുതാനന്ദൻ നഗറിലേക്ക്‌ എത്തിച്ചേർന്നു. കൊടിമരം സ്വാഗതസംഘം ജനറൽ കൺവീനർ സി. ശ്രീകുമാർ ഉണ്ണിത്താൻ ഏറ്റുവാങ്ങി. പതാക ട്രേഡ്‌ യൂണിയൻ നേതാവ്‌ സി.ബി. ചന്ദ്രബാബുവും പ്രതിനിധിസമ്മേളന നഗറിൽ ഉയർത്തുന്നതിനായി എത്തിച്ച പതാക ട്രേഡ്‌ യൂണിയൻ നേതാവ്‌ പി.പി. ചിത്തരഞ്ജനും ഏറ്റുവാങ്ങി.

വെള്ളിയാഴ്ച രാവിലെ ഏഴിന്‌ ജി. ഹരിശങ്കർ ക്യാപ്‌റ്റനായ ദീപശിഖാ പ്രയാണം വലിയചുടുകാട്‌ രക്തസാക്ഷിമണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കാമെലോട്ട്‌ കൺവെൻഷൻ സെന്റർ) കിസാൻസഭാ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ഇ.പി. ജയരാജൻ ദീപശിഖ ഏറ്റുവാങ്ങി സ്ഥാപിക്കും. തുടർന്ന്‌, കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം. വിജയകുമാർ പതാകയുയർത്തും. പ്രതിനിധി സമ്മേളനം കിസാൻസഭാ അഖിലേന്ത്യ ജനറൽ സെക്രട്ടറി വിജുകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും.

വൈകീട്ട്‌ നാലിന്‌ ‘വളരുന്ന സമരങ്ങളും തുറന്നുകാട്ടപ്പെടുന്ന ഭരണകൂടവും’ എന്ന വിഷയത്തിലെ സെമിനാർ കിസാൻസഭാ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെ ഉദ്‌ഘാടനം ചെയ്യും. അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ. വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച പ്രതിനിധിസമ്മേളനം തുടരും. ഞായറാഴ്ച പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും. 20-നു വൈകീട്ട്‌ മൂന്നിന്‌ അരലക്ഷം കർഷകർ അണിനിരക്കുന്ന റാലി നടക്കും. നാലിന്‌ വി.എസ്‌. അച്യുതാനന്ദൻ നഗറിൽ പൊതുസമ്മേളനം പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സമ്മേളനത്തിനുശേഷം ‘മിസ’ നാടകം അരങ്ങേറും.