മാന്നാർ : മികച്ച ചമയ അലങ്കാരങ്ങളോടെ വഞ്ചിപ്പാട്ടു പാടി പാരമ്പര്യരീതിയിൽ തുഴഞ്ഞെത്തുന്ന പള്ളിയോടത്തിന് എസ്.എൻ.ഡി.പി. യോഗം ഏർപ്പെടുത്തിയ ഉത്രട്ടാതി ജലമേളയിലെ ഏറ്റവും വിലപിടിപ്പുള്ള ആർ. ശങ്കർ സുവർണ ട്രോഫി മൂന്നാം തവണയും നേടി ചെന്നിത്തല പള്ളിയോടം പള്ളിയോടപ്പുരയിലെത്തി. 132-ാമത് തിരുവാറന്മുള ദർശനം നടത്തിയും ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുത്തും എൻ.എസ്.എസ്. 93-ാംനമ്പർ ചെന്നിത്തല തെക്ക് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നിത്തല പള്ളിയോടം അച്ചൻകോവിലാറിന്റെ തീരത്തുള്ള വലിയപെരുമ്പുഴ പള്ളിയോടക്കടവിൽ 14-നാണ് തിരികെയെത്തിയത്.
പാരമ്പര്യ ആചാരങ്ങളോടെ പള്ളിയോടക്കടവിൽനിന്നു ഭക്തർ നൽകിയ വഴിപാടുകൾ സ്വീകരിച്ചശേഷം തിരുവാന്മുളയപ്പനു സമർപ്പിക്കാനായി കരയോഗത്തിന്റെ വഴിപാടായ അവൽ, കദളിക്കുല, ധനക്കിഴി, താംബൂലം എന്നിവയോടെ ഓഗസ്റ്റ് 29-നാണ് ആറന്മുമുളയ്ക്കു യാത്രതിരിച്ചത്. ആച്ചൻകോവിലാർ, കുട്ടമ്പേരൂരാർ, പമ്പാനദി എന്നിവ താണ്ടി ഉത്രട്ടാതിദിനത്തിൽ ആറന്മുളയിലെത്തി വള്ളസ്സദ്യയ്ക്കുശേഷം ഉത്രട്ടാതി ജലഘോഷയാത്രയിലും മത്സരവള്ളംകളിയിലും പങ്കെടുത്തു. ആറന്മുളയിൽ വള്ളസ്സദ്യകൾ സ്വീകരിച്ചശേഷം 14-ന് പുലർച്ചെയോടെയാണ് ചെന്നിത്തല വലിയപെരുമ്പുഴക്കടവിൽ തിരികെയെത്തിയത്.
കരയോഗാംഗങ്ങളുടെയും വനിതാസമാജത്തിന്റെയും ബാലസമാജത്തിന്റെയും പ്രവർത്തകരുടെ നാമഘോഷത്തോടെ പള്ളിയോടം പള്ളിയോടപ്പുരയിൽ കയറ്റി കഞ്ഞിസ്സദ്യ സ്വീകരിച്ചതോടെയാണ് ഈ വർഷത്തെ ചടങ്ങുകൾ സമാപിച്ചത്.
കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ, സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, വൈസ് പ്രസിഡന്റ് ശ്രീനാഥ്, ട്രഷറർ കൃഷ്ണകുമാർ, ജോ. സെക്രട്ടറി കെ. ശശീന്ദ്രൻപിള്ള, കമ്മിറ്റിയംഗങ്ങളായ രാധാകൃഷ്ണൻ കോയിക്കലേത്ത്, രാഗേഷ് മഠത്തിൽ വടക്കേതിൽ, സന്തോഷ് ചാല, ക്യാപ്റ്റൻ സുധീഷ് കുമാർ, വൈസ് ക്യാപ്റ്റൻ അഖിൽ എസ്. നായർ, കിരൺ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ചെന്നിത്തല പള്ളിയോടം പള്ളിയോടപ്പുരയിലേക്കെത്തിച്ചത്.
Published: 17 Sept 2026, 02:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented