ദേശീയപാതയ്ക്കു കുറുകേ നടപ്പാലം

To advertise here,

അമ്പലപ്പുഴ : ആറുവരി ദേശീയപാത പൂർത്തിയാകുന്നതോടെ റോഡുമുറിച്ചുകടക്കാൻ അടിപ്പാതയില്ലാത്ത പ്രധാനജങ്ഷനുകളിലെല്ലാം നടപ്പാലം വേണമെന്നാവശ്യം. കളർകോട് ബൈപ്പാസ് ജങ്ഷനും തോട്ടപ്പള്ളിക്കുമിടയിലുള്ള ആദ്യത്തെ നടപ്പാലം കളർകോട് ബ്ലോക്ക് ഓഫീസ് ജങ്ഷനിൽ നിർമാണം തുടങ്ങി. പറവൂർ തൂക്കുകുളം ജങ്ഷനിലും നടപ്പാലമാവശ്യപ്പെട്ട് ജനങ്ങൾ രംഗത്തിറങ്ങി.

ദേശീയപാതാനിർമാണവുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ പദ്ധതിരേഖയിൽ പ്രധാനസ്ഥലങ്ങളിലെല്ലാം നടപ്പാലങ്ങളുമുൾപ്പെടുത്തിയിരുന്നു. പാതയുടെ ഇരുവശങ്ങളിലും സർവീസ് റോഡും നടപ്പാതയും കഴിഞ്ഞ് നടപ്പാലത്തിന്റെ ചവിട്ടുപടികളുടെ നിർമാണത്തിനായി അധികസ്ഥലം വേണം. ജില്ലയിൽ ഒരിടത്തുപോലും നടപ്പാലം നിർമാണത്തിനായി അധികസ്ഥലം ഏറ്റെടുത്തിട്ടില്ല. നിലവിൽ കളർകോടുപോലുള്ള സ്ഥലങ്ങളിൽ നടപ്പാതയിലാണ് നടപ്പാലത്തിനുള്ള കോൺക്രീറ്റ് ജോലികൾ നടത്തിയത്. ഇതല്ലെങ്കിൽ സർക്കാർ പുറമ്പോക്ക് സ്ഥലമുണ്ടായിരിക്കണം. വലിയ ചരക്കുവാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ റോഡിൽനിന്നു കുറഞ്ഞത് അഞ്ചരമീറ്റർ ഉയരത്തിലാണ് നടപ്പാലം നിർമിക്കുന്നത്. പാലത്തിന്റെ വീതി രണ്ടുമുതൽ മൂന്നുവരെ മീറ്ററായിരിക്കും. ദേശീയപാതയുടെ ഇരുവശങ്ങളിലും മധ്യഭാഗത്തും ഇതിനായി കോൺക്രീറ്റ് തൂണുകളുമുയർത്തും.

തൂക്കുകുളത്ത് നടപ്പാലമാവശ്യപ്പെട്ട് മാതൃഭൂമി സൗഹൃദക്കൂട്ടായ്മ

തൂക്കുകുളം ജങ്ഷനിൽ ദേശീയപാതയ്ക്കുകുറുകേ നടപ്പാലം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാതൃഭൂമി സൗഹൃദക്കൂട്ടായ്മ കെ.സി. വേണുഗോപാൽ എം.പി., ജി. സുധാകരൻ എം.എൽ.എ., കളക്ടർ എന്നിവർക്കു നിവേദനം നൽകി. ദേശീയപാത മുറിച്ചുകടന്ന് തെക്കോട്ടും വടക്കോട്ടും യാത്രചെയ്യുന്നതിന് തൂക്കുകുളം നിവാസികൾ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ആലപ്പുഴഭാഗത്തേക്ക് ഒട്ടേറെ വിദ്യാർഥികൾ പഠിക്കാനും മറ്റും പോകുന്നു. നഗരത്തിലെ വിവിധസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും മറ്റാവശ്യങ്ങൾക്ക് പട്ടണത്തിൽപോകുന്നവരും ദേശീയപാതമുറിച്ചുകടക്കണമെങ്കിൽ പറവൂരോ കളർകോടോ പോകേണ്ട സ്ഥിതിയാണ്. ഇതേ ബുദ്ധിമുട്ടുതന്നെയാണ് തെക്കുഭാഗത്തേക്കു പോയിവരുന്നവർക്കും. ഇതിനൊരു പരിഹാരമെന്നനിലയിൽ തൂക്കുകുളത്ത് ദേശീയപാതയ്ക്കുമുകളിലൂടെ നടപ്പാലം നിർമിച്ചുനൽകണമെന്ന് സൗഹൃദക്കൂട്ടായ്മ ആവശ്യപ്പെട്ടു.

ജി. സുധാകരൻ കേന്ദ്രമന്ത്രിക്കു കത്തുനൽകി

തൂക്കുകുളത്ത് നടപ്പാലമാവശ്യപ്പെട്ട് ജി. സുധാകരൻ എം.എൽ.എ. കേന്ദ്ര ഉപരിതലഗതാഗതവകുപ്പുമന്ത്രിക്ക് കത്തുനൽകി. കെ.സി. വേണുഗോപാൽ എം.പി., കളക്ടർ എന്നിവർക്കും കത്തുനൽകിയിട്ടുണ്ട്. ജനകീയാവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് എം.എൽ.എ. കത്തിലാവശ്യപ്പെട്ടു.