മാവേലിക്കരയിലെ ക്ഷേത്രക്കുളങ്ങളുടെ നവീകരണം
മാവേലിക്കര : സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി പണമനുവദിച്ച കണ്ടിയൂർ ക്ഷേത്രക്കുളം നവീകരണം പൂർത്തിയായി. തുടങ്ങിയശേഷം മുടങ്ങിപ്പോയ മാവേലിക്കര വലിയകുളത്തിന്റെ നവീകരണം തുലാവർഷത്തിനുശേഷം ഡിസംബറിൽ പുനരാരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ മാവേലിക്കര ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിനു വടക്കുള്ള വലിയകുളത്തിന്റെയും കണ്ടിയൂർ ക്ഷേത്രക്കുളത്തിന്റെയും നവീകരണത്തിന് എം.എസ്. അരുൺകുമാർ എം.എൽ.എ.യുടെ ശ്രമഫലമായി 2022-ലെ സംസ്ഥാന ബജറ്റിലാണ് തുക അനുവദിച്ചത്.
വലിയകുളത്തിന്റെ നവീകരണത്തിന് 1.18 കോടി രൂപയ്ക്കും കണ്ടിയൂർ ക്ഷേത്രക്കുളത്തിന് 54.2 ലക്ഷം രൂപയ്ക്കുമാണ് ഭരണാനുമതി ലഭിച്ചത്. ക്ഷേത്രക്കുളം ആഴംകൂട്ടി ചെളിനീക്കി തകരാറിലായ സംരക്ഷണഭിത്തിയും കുളത്തിന്റെ തെക്കും കിഴക്കും പടിഞ്ഞാറും വശങ്ങളിൽ പടവുകളും പുനർനിർമിക്കുക, കുളത്തിനു നാലുവശവും നടപ്പാത നിർമിക്കുക എന്നിവയായിരുന്നു കണ്ടിയൂരിൽ നടപ്പാക്കാനുദ്ദേശിച്ചിരുന്ന പ്രവൃത്തികൾ. എന്നാൽ, ഉദ്ദേശിച്ചതിലും ആഴത്തിൽ ചെളി നീക്കേണ്ടിവന്നതിനാൽ അനുവദിക്കപ്പെട്ട തുകയ്ക്ക് നടപ്പാത നിർമിക്കാൻ കഴിഞ്ഞില്ല. നാലുമാസംകൊണ്ടാണ് കണ്ടിയൂർ ക്ഷേത്രക്കുളത്തിന്റെ നവീകരണം പൂർത്തീകരിച്ചത്.
കുളത്തിലെ മണ്ണും ചെളിയും നീക്കി ഒരുമീറ്റർ ആഴം കൂട്ടുക, നാലുവശവും സംരക്ഷണഭിത്തി കെട്ടുക, സമൂഹമഠത്തിനു സമീപത്തുനിന്ന് കുളത്തിലേക്കിറങ്ങുന്ന ഭാഗത്ത് വിശാലമായ പടവുകൾ നിർമിക്കുക എന്നിവയാണ് വലിയകുളത്തിന്റെ നവീകരണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ കുളത്തിലെ ചെളിയും മാലിന്യവും നീക്കംചെയ്യാൻ യന്ത്രങ്ങൾ എത്തിച്ചെങ്കിലും വർഷങ്ങളായി മാലിന്യം നിറഞ്ഞുകിടക്കുന്ന കുളത്തിലിറങ്ങാൻ തൊഴിലാളികളെ കിട്ടാഞ്ഞതു തിരിച്ചടിയായി.
ബംഗാളിലും അസമിലും നിന്നുള്ള തൊഴിലാളികൾ തിരഞ്ഞെടുപ്പു സമയത്ത് നാട്ടിലേക്കു പോയതാണ് തിരിച്ചടിയായത്. പദ്ധതി തുടങ്ങിയാലും കാലവർഷത്തിനു മുൻപ് പൂർത്തീകരിക്കാൻ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി യന്ത്രങ്ങൾ തിരികെ കൊണ്ടുപോയി. പൂർത്തീകരണത്തിന് ഒന്നരവർഷത്തെ കാലാവധിയുള്ളതിനാൽ തുലാവർഷത്തിനുശേഷം ഡിസംബറിൽ പണി തുടങ്ങി മേയ് മാസത്തിനു മുൻപ് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം.
Published: 17 Sept 2026, 02:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented