ചാരുംമൂട് : ചുനക്കര പഞ്ചായത്തിലുടനീളം കാട്ടുപന്നിശല്യം അതിരൂക്ഷമായി. സന്ധ്യകഴിഞ്ഞാൽ ആളുകൾക്കു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. രാത്രിയിൽ റോഡുകളിൽക്കൂടിയും മറ്റും സഞ്ചരിക്കുന്ന കാട്ടുപന്നികൾ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും പേടിസ്വപ്‌നമാണ്. കാട്ടുപന്നിയെ ഇടിച്ചുവീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നു.
കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതോടൊപ്പം ആളുകളെ ആക്രമിക്കുന്നതും പതിവായി. തൊഴിലുറപ്പു തൊഴിലാളികളടക്കം ഒട്ടേറെപ്പേർക്കാണ് പരിക്കേറ്റത്. പകൽ കാടുകളിലും കനാലുകളിലും കഴിയുന്ന ഇവ രാത്രിയിലാണ് കൂട്ടമായി പുറത്തിറങ്ങുന്നത്. ചുനക്കര പോസ്റ്റ് ഓഫീസ് ജങ്ഷൻ-ചുനക്കര ക്ഷേത്രം റോഡിൽ കഴിഞ്ഞ രാത്രി കാട്ടുപന്നികളിൽനിന്ന് ഇരുചക്രവാഹനയാത്രക്കാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ചുനക്കര പഞ്ചായത്തിലെ കോമല്ലൂർ, ചുനക്കര വടക്ക്, ചുനക്കര കിഴക്ക്, പെരുവേലിച്ചാൽ പുഞ്ച ഭാഗങ്ങളിലാണ് കാട്ടുപന്നികളുടെ ശല്യമേറെയുള്ളത്. മരച്ചീനി, ഏത്തവാഴ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കൃഷികൾ ധാരാളമായി ഇവ നശിപ്പിക്കുന്നു. സമീപത്തുള്ള നൂറനാട്, താമരക്കുളം, പാലമേൽ പഞ്ചായത്തുകളിലും കാട്ടുപന്നികൾ കൃഷിനാശം വിതയ്ക്കുന്നുണ്ട്.
കാട്ടുപന്നികൾ ഭക്ഷണത്തിനായാണ് മണ്ണു കുത്തിമറിച്ച് കൃഷികൾ നശിപ്പിക്കുന്നത്. തെങ്ങിൻതൈകളും വാഴകളുമടക്കം ചുവട്ടിൽനിന്നു കുത്തിമറിച്ച് പൂർണമായി നശിപ്പിക്കുന്നു. കൃഷിനാശംമൂലം കർഷകർക്ക് വൻനഷ്ടമാണുണ്ടായിട്ടുള്ളത്. കർഷകരിൽ പലരും ഇനി കൃഷിചെയ്യേണ്ടെന്ന തീരുമാനത്തിലാണ്.
കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തോക്ക് ലൈസൻസുള്ളവർക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള ഷൂട്ടർമാർ കുറവാണ്. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിന് ഷൂട്ടർമാരെ നിയമിക്കാൻ കഴിഞ്ഞ ചുനക്കര പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് കർഷകരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചിരുന്നു. കാടുപിടിച്ചുകിടക്കുന്ന പുരയിടങ്ങൾ വൃത്തിയാക്കുന്നതിനും തീരുമാനമെടുത്തിരുന്നു. പഞ്ചായത്ത് പ്രദേശത്ത് കാട്ടുപന്നികൾ വൻതോതിൽ കൃഷികൾ നശിപ്പിച്ചുകൊണ്ടിരുന്ന സാഹചര്യത്തിലാണ് കർഷകരുടെ യോഗം അന്നു വിളിച്ചുചേർത്തത്.
കാട്ടുപന്നികൾ നശിപ്പിക്കുന്ന കൃഷിക്ക് നഷ്ടപരിഹാരം നൽകാൻ വകുപ്പില്ലെന്നാണ് കൃഷിവകുപ്പു പറയുന്നത്. കർഷകർ ഇതിനുള്ള അപേക്ഷ നൽകിയെങ്കിലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കൃഷിചെയ്തു കടക്കെണിയിലായ കർഷകരെ ആത്മഹത്യയിലേക്കു തള്ളിവിടാതെ സംരക്ഷിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
Published: 11 Nov 2026, 02:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented