വള്ളികുന്നം : ജനാധിപത്യത്തിൽ ഇന്ന് ആദർശശുദ്ധിയില്ലെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം 4068-ാം നമ്പർ കടുവിനാൽ ആശാൻ സ്മാരക ശാഖയിൽ ശ്രീനാരായണഗുരുക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിൽ പണ്ട് ആദർശുദ്ധിയുണ്ടായിരുന്നു. ഇന്ന് എല്ലാം ജാതിയിലും മതത്തിലും അധിഷ്ഠിതമാണ്. സ്ഥാനാർഥിനിർണയംപോലും ജാതിയും മതവും നോക്കിയുള്ളതായി കേരളം മാറി. ഈഴവന്റെ വോട്ടിന് അർഹമായ വിലയില്ലാതായി. നമ്മുടെ വോട്ടിന് അർഹമായ വിലയുണ്ടാകണമെങ്കിൽ ഗുരുദർശനത്തിലേക്കടുക്കണം. ഗുരു പറഞ്ഞപോലെ സംഘടിച്ച് ശക്തരാകണം. എങ്കിൽ അർഹമായ പങ്കാളിത്തം ലഭിക്കും. ഈഴവരിലും ചില കുലംകുത്തികളുണ്ട്. കുലത്തെ നശിപ്പിക്കാൻ മറ്റുചിലരുടെ അച്ചാരം വാങ്ങുന്ന ശക്തികളാണവരെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ചാരുംമൂട് യൂണിയൻ ചെയർമാൻ ഡോ.എ.വി. ആനന്ദരാജ് അധ്യക്ഷനായി. ഗുരുദേവവിഗ്രഹം സമർപ്പിച്ച മീനത്തുവിളയിൽ കോമളനെ വെള്ളാപ്പള്ളി നടേശൻ ആദരിച്ചു. ഗോപൻ അഞ്ഞിലിപ്രാ, രേഖാ സുരേഷ്, ശശി സ്റ്റീൽലാൻഡ്, ടി.എസ്. അശോകൻ, ഷിബു കൊട്ടാക്കാട്ടുശ്ശേരി, വി. വിഷ്ണു, ഷീലാ സേമൻ, അർച്ചനാ പ്രദീപ്, മഹേഷ് വെട്ടിക്കോട്, അഭിലാഷ്, രജിത്ത്, ഗോപകുമാർ, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയായി 30 വർഷം തികഞ്ഞതിന്റെ ആഹ്ലാദംപങ്കിട്ട് ചാരുംമൂട് യൂണിയന്റെ നേതൃത്വത്തിൽ കെയ്‌ക്ക് മുറിച്ച് ആഘോഷിച്ചു. രാവിലെ ശിവഗിരിമഠം സന്ന്യാസി അഭയാനന്ദ സ്വാമിയുടെ മുഖ്യകാർമികത്വത്തിൽ ആചാര്യൻ ടി.പി. രവീന്ദ്രൻ ഗുരുക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ നടത്തി.
Published: 19 Nov 2026, 02:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented