നൂറനാട് പഞ്ചായത്തിൽ കാട്ടുപന്നികളെ കൊന്നുതുടങ്ങി

To advertise here,

ചാരുംമൂട് : നൂറനാട് ഗ്രാമപ്പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ചുകൊന്നുതുടങ്ങി. കഴിഞ്ഞ രാത്രിയിൽ അഞ്ചു കാട്ടുപന്നികളെ കൊന്നു. പഞ്ചായത്ത് നിയോഗിച്ച അംഗീകൃത ഷൂട്ടർമാരാണ് കാട്ടുപന്നികളെ വെടിവെച്ചിട്ടത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് അവയെ മറവുചെയ്തു. തദ്ദേശവാസികളുടെ സഹായത്തോടെ കാട്ടുപന്നികൾ കഴിയുന്ന കാടുകളിൽ രാത്രിയിൽ തിരച്ചിൽ നടത്തി അവയെ കണ്ടെത്തിയാണ് വെടിവെച്ചത്. മലപ്പുറത്തുനിന്ന് 15 അംഗ ഷൂട്ടർസംഘത്തെയാണ് പഞ്ചായത്ത് ക്ഷണിച്ചിരുന്നതെങ്കിലും എല്ലാവരും എത്തിയിരുന്നില്ല. രണ്ടാംഘട്ടത്തിൽ കൂടുതൽ ഷൂട്ടർമാരെത്തും.

നൂറനാട് ഗ്രാമപ്പഞ്ചായത്തിൽ കാട്ടുപന്നിശല്യം കാരണം സന്ധ്യകഴിഞ്ഞാൽ ആളുകൾക്കു പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ്. കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതോടൊപ്പം കാട്ടുപന്നികൾ മനുഷ്യരെ ആക്രമിക്കുന്നതും പതിവായി. തൊഴിലുറപ്പു തൊഴിലാളികളടക്കം ഒട്ടേറെപ്പേർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുള്ളത്. രാത്രിയിൽ കൂട്ടമായി സഞ്ചരിക്കുന്ന കാട്ടുപന്നികൾ വീടുകളുടെ ഗേറ്റു തകർത്തുവരെ ഉള്ളിൽ കയറുന്നു.

ഇരുചക്രവാഹനങ്ങളിൽ രാത്രിയാത്ര ചെയ്യുന്നവർ പലപ്പോഴും കാട്ടുപന്നികളെ ഇടിച്ചുവീണു പരിക്കേൽക്കുന്നു. കാട്ടുപന്നികൾ പെട്ടെന്ന്‌ റോഡു മുറിച്ചുകടക്കുമ്പോഴാണ് ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത്. രാത്രി കൂട്ടമായി പുറത്തിറങ്ങുന്ന ഇവ മരച്ചീനി, ഏത്തവാഴ, ചേമ്പ്, ചേന, തെങ്ങിൻതൈകൾ എന്നിവയുടെ ചുവടു കുത്തിയിളക്കി വ്യാപകമായി നശിപ്പിക്കുന്നു.

2018-ലെ പ്രളയത്തിനുശേഷം പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിലാണ് കാട്ടുപന്നിശല്യം ആദ്യം തുടങ്ങിയത്. കിഴക്കു വനപ്രദേശങ്ങളിൽനിന്ന്‌ ആറ്റിൽക്കൂടിയും മറ്റും ഇവ ഒഴുകിയെത്തിയതാണെന്നാണ് കരുതുന്നത്. കർഷകരുടെ ലക്ഷക്കണക്കിനു രൂപയുടെ കൃഷികളാണ് ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്. കാടുകളിലും കെ.ഐ.പി. കനാലുകളിലും പുരയിടങ്ങളിലും കഴിയുന്ന കാട്ടുപന്നികൾ രാത്രിയിലാണ് പുറത്തിറങ്ങുന്നത്.