കരുവാറ്റ : അപ്പർ കുട്ടനാട്ടിൽ പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. വീയപുരം, ചെറുതന, ഹരിപ്പാട്, പള്ളിപ്പാട് കൃഷിഭവൻ പരിധികളിലായി 2350 ഹെക്ടറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ഒക്ടോബർ 20 മുതൽ വിതയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരുക്കങ്ങൾ നടക്കുന്നത്. വിതയ്ക്കുന്നതിനുള്ള വിത്ത്് കൃഷിവകുപ്പു നൽകും. ഉയർന്ന പ്രതിരോധശേഷിയും മികച്ച വിളവും നൽകുന്ന ഉമ ഇനത്തിൽപ്പെട്ട വിത്താണു കൂടുതലായും കർഷകർ ആവശ്യപ്പെട്ടിരിക്കുന്നത്. ഹരിപ്പാട് കൃഷിഭവൻ പരിധിയിലെ ചില കർഷകർ ജ്യോതി ഇനത്തിലെ വിത്ത് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വിതച്ചുകഴിഞ്ഞ് 120 മുതൽ 130 ദിവസംകൊണ്ട് വിളവെടുപ്പു നടത്താം. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി വിളവെടുക്കാൻ കഴിയുന്ന രീതിയിലാണ് കൃഷിയൊരുക്കം.
കൃഷിയൊരുക്കത്തിനു മുന്നോടിയായി പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനു മോട്ടോർത്തറയിൽ പെട്ടിയും പറയും സ്ഥാപിച്ചു. ചില പാടശേഖരങ്ങളിൽ പാടത്തെ പായലും പോളയും മാറ്റുന്ന ജോലികളും നടക്കുന്നു. കർഷകർതന്നെ ഇതുചെയ്യുന്നതിനാൽ പാടം വൃത്തിയാക്കുന്നതിനു കൂടുതൽ സമയം വേണ്ടിവരും. വെള്ളം വറ്റിച്ച പാടത്ത് വരമ്പും ഇടവരമ്പുകളും കുത്തി നിലം അടിച്ചൊരുക്കുകയാണ് അടുത്ത ഘട്ടം. ഇതിനുശേഷമാണ് വിതയ്‌ക്കുന്നത്. വിതകഴിഞ്ഞ് 15 മുതൽ 20 വരെ ദിവസത്തിനകം വീണ്ടും വെള്ളം കയറ്റേണ്ടിവരും. ഇതിനിടയിൽ മഴപെയ്തു പാടത്ത് വെള്ളംകയറിയാൽ വീണ്ടും പമ്പുചെയ്തു കളയേണ്ടിവരും. ഇതെല്ലാം കർഷകർക്ക് അധികച്ചെലവുണ്ടാക്കും. കൃത്യസമയത്തു വിതയിറക്കി വേനൽമഴയ്ക്കുമുൻപ് വിളവെടുക്കാൻ കഴിയുന്ന രീതിയിലാണ് കർഷകർ കൃഷിയൊരുക്കവുമായി മുന്നോട്ടുപോകുന്നത്.
പുറംബണ്ടുകൾ ഇല്ലാത്തതു വെല്ലുവിളി
ശക്തമായ പുറംബണ്ടുകളില്ലാത്തത് അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലെ കർഷകർക്കു വെല്ലുവിളിയാകുന്നു.
മിക്ക പാടശേഖരങ്ങൾക്കും ഉയരംകുറഞ്ഞ മണ്ണുകെട്ടിയുണ്ടാക്കിയ ബണ്ടുകളാണുള്ളത്. കരിങ്കൽ ബണ്ടുകളുള്ള പാടശേഖരങ്ങൾ കുറവാണ്. കൃഷിയൊരുക്കസമയത്തും പിന്നീടു വിളവെടുക്കാൻ പാകമാകുമ്പോഴുമൊക്കെ മടവീഴ്ചയുണ്ടായി കൃഷി നശിക്കുന്നതു പതിവാണ്. മടവീണ ഭാഗം ദിവസങ്ങളെടുത്താണ് കർഷകർ കെട്ടിയടയ്ക്കുന്നത്. ഇതിനു കർഷകർക്ക് അധികം പണം ചെലവഴിക്കേണ്ടിവരും. കഴിഞ്ഞതവണ വെള്ളപ്പൊക്കത്തിൽ തകർന്ന ബണ്ടുകളും മടകളും ഇതുവരെ പൂർണമായും ശരിയാക്കാൻ കഴിഞ്ഞിട്ടില്ല. ബണ്ടുകളുടെ ഉയരക്കുറവുകാരണം ചെറിയ വെള്ളപ്പൊക്കത്തിൽപ്പോലും പാടത്ത് വെള്ളംകയറുന്ന സ്ഥിതിയാണ്.
പുറംബണ്ടുകളുടെ അപര്യാപ്തത കാരണം അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ യഥാസമയം കൃഷിയിറക്കാൻ കഴിയില്ല. പുറംബണ്ടുകൾ ശക്തമല്ലാത്തതിനാൽ പല പാടശേഖരങ്ങളും രണ്ടാംകൃഷി ഉപേക്ഷിക്കുകയാണ്. പുറംബണ്ടുകൾ ബലപ്പെടുത്തി കൃഷി സംരക്ഷിക്കണമെന്നാണ് കർഷകരും പാടശേഖരസമിതിയും ഒരേപോലെ ആവശ്യപ്പെടുന്നത്.
Published: 25 Sept 2026, 02:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented