52 ലക്ഷം അനുവദിച്ചു, പൊളിക്കാനിട്ടിരുന്ന റോഡിനായി പണപ്പിരിവുനടത്തിയെന്നു പരാതി
ബി.ജെ.പി.യും സി.പി.എമ്മും കൊമ്പുകോർക്കുന്നു
ചേർത്തല : തകർന്നടിഞ്ഞുകിടക്കുന്ന നഗരത്തിലെ വനിതാഹോസ്റ്റൽ- വില്ലേജ് ഓഫീസ് (പഴംകുളം) റോഡിന്റെ പേരിൽ തർക്കം. പുനർനിർമാണത്തിനായി ഫണ്ടനുവദിച്ച് ടെൻഡർ നടപടികൾ നടക്കുന്ന റോഡിൽ അറ്റകുറ്റപ്പണികളുടെ പേരിൽ പണപ്പിരിവെന്ന പരാതിയിൽ വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ട്. നഗരസഭ 10-ാം വാർഡിൽ ഉൾപ്പെടുന്ന ഇവിടെ സി.പി.എമ്മും ബി.ജെ.പി.യുമാണ് റോഡിന്റെ പേരിൽ കൊമ്പുകോർക്കുന്നത്. പി. പ്രസാദ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നാണ് തുക.വിവാദയിടമായെങ്കിലും റോഡ് തകർന്നടിഞ്ഞ സ്ഥിതിയിലാണ്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി. പത്താംവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ മെറ്റലും എം സാൻഡുമിട്ട് വലിയ ഭാഗങ്ങളിലെ കുഴികളടച്ചു സഞ്ചാരയോഗ്യമാക്കിയിരുന്നു. ജനകീയ സഹകരണത്തിലായിരുന്നു പ്രവർത്തനങ്ങൾ. ഇതിനു പിന്നാലെയാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐ.യും ഇതിനെതിരേ പരാതിയുമായി വന്നത്.
പുനർനിർമാണത്തിനായി 52 ലക്ഷം അനുവദിച്ചു ടെൻഡർ നടപടികൾ പൂർത്തിയാകുന്ന റോഡിനായി പണപ്പിരിവു നടത്തിയതു ജനവഞ്ചനയാണെന്നു കാട്ടിയായിരുന്നു നഗരസഭയിൽ പരാതി നൽകിയത്. ഇതിനിടയിൽ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത കരാറുകാരന്റെ ഒരു ടോറസ് എം സാൻഡ് കാണാതായ വിഷയവും ആക്ഷേപമായി ഉയർന്നതോടെ വാർഡിൽ പോസ്റ്റർ യുദ്ധമായി.
ഇടപെടൽ സഞ്ചാര സൗകര്യത്തിനെന്നു ബി.ജെ.പി.
ഫണ്ടനുവദിച്ചെങ്കിലും റോഡിൽ കാൽനടപോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. ഇതാണ് ജനകീയ സഹകരണത്തോടെ പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി. ഏറ്റെടുത്ത് കുഴികളടച്ച് സഞ്ചാരയോഗ്യമാക്കിയത്. അവശേഷിക്കുന്ന റോഡിന്റെ ഭാഗവും ഇത്തരത്തിൽ സഞ്ചാരയോഗ്യമാക്കാനാണ് ലക്ഷ്യമെന്ന് ബി.ജെ.പി. ജില്ല സെക്രട്ടറി പി.എസ്. ശ്രീകുമാർ പറഞ്ഞു. സി.പി.എമ്മിനെക്കൊണ്ടു നടക്കാത്ത കാര്യങ്ങൾ ഏറ്റെടുത്തതിലുള്ള അമർഷമാണ് ആരോപണങ്ങൾക്കും പരാതികൾക്കും പോസ്റ്റർ പ്രചാരണങ്ങൾക്കും പിന്നിൽ. പ്രദേശവാസികളെല്ലാം ഇവരുടെ പൊള്ളവാദങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുള്ള തട്ടിപ്പെന്ന് സി.പി.എം.
പൂർണമായും 10-ാം വാർഡിലൂടെ മാത്രം പോകുന്ന റോഡിനായി കൗൺസിലറായിരുന്നിട്ടും ഒന്നും ചെയ്യാതിരുന്നവരാണ് ഇപ്പോൾ പുനർനിർമിക്കുമെന്ന ഘട്ടത്തിൽ രംഗത്തുവന്നതെന്ന് സി.പി.എം. ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ. കമൽ ആരോപിച്ചു. 52 ലക്ഷം അനുവദിച്ചു നടപടിയായി പൊളിക്കാനിട്ടിരിക്കുന്ന റോഡിനായി രസീതില്ലാതെ പണപ്പിരിവു നടത്തിയവർക്കെതിരേ അന്വേഷണം വേണം. വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്. പ്രദേശവാസികളെ കബിളിപ്പിക്കുന്ന പ്രവൃത്തിയാണുണ്ടായത്. പ്രദേശവാസികളെ സംശയനിഴലിലാക്കിയ എം സാൻഡ് കാണാതായ സംഭവത്തിലും യാഥാർഥ്യം പുറത്തുവരണമെന്നും കമൽ ആവശ്യപ്പെട്ടു.
Published: 25 Sept 2026, 02:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented