ആരോഗ്യവകുപ്പ് പണം കെട്ടിവെച്ചില്ല
ചെങ്ങന്നൂർ : മാസങ്ങൾക്കു മുൻപ് നിർമാണം പൂർത്തിയായ ചെങ്ങന്നൂർ ജില്ല ആശുപത്രിക്ക് വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതു പ്രതിസന്ധിയിൽ. ട്രാൻസ്‌ഫോർമറിനും അനുബന്ധ സാമഗ്രികൾക്കുമായി 10 ലക്ഷം രൂപയാണ് ആരോഗ്യവകുപ്പ് കെ.എസ്.ഇ.ബി.യിൽ അടയ്ക്കേണ്ടത്. എന്നാൽ, ആരോഗ്യവകുപ്പ് ഈ തുക ലഭ്യമാക്കിയിട്ടില്ല.
വൈദ്യുതി കണക്‌ഷൻ ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ ജില്ല ആശുപത്രിയുടെ പ്രവർത്തനം തുടങ്ങുന്നതു വൈകും. ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ ഭരണാനുമതി നൽകിയിട്ടുണ്ടെന്നും എന്നാൽ, ആരോഗ്യവകുപ്പ് തുക കെട്ടിവെക്കണമെന്നും കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കി.
വൈദ്യുതി കണക്‌ഷൻ ലഭിച്ചാൽ മാത്രമേ ആശുപത്രി തുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ. വിവിധ വിഭാഗങ്ങൾക്കായി അഞ്ച് മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേനയാണ് ഉപകരണങ്ങളെത്തിക്കാൻ കരാർ നൽകിയിരിക്കുന്നത്. ഇതിൽ കുറച്ചുഭാഗമെത്തി. എന്നാൽ, ഇനിയും ഉപകരണങ്ങൾ എത്തണമെങ്കിൽ ആരോഗ്യവകുപ്പിന്റെ ഇടപെടൽ അനിവാര്യമാണ്.
മധ്യകേരളത്തിലെ ഏറ്റവും വലിയ ആശുപത്രിയായ ചെങ്ങന്നൂർ ജില്ല ആശുപത്രിക്കെട്ടിടത്തിന് 1,25,000 ചതുരശ്രയടി വിസ്തീർണമാണുള്ളത്. ഏഴുനിലകളോടുകൂടിയ ആശുപത്രി ഉടൻ തുറക്കണമെന്നത് ശക്തമായ ആവശ്യമാണ്. നിലവിൽ ഗവ. ബോയ്‌സ് സ്കൂളിൽ പ്രവർത്തിക്കുന്ന ആശുപത്രി സ്ഥലപരിമതി മൂലം വീർപ്പുമുട്ടുകയാണ്.
കിടത്തിച്ചികിത്സയ്ക്കു വളരെ കുറഞ്ഞ സൗകര്യം മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് പണി പൂർത്തിയാക്കി ഒ.പി. അടക്കമുള്ള സേവനങ്ങൾ പുതിയ ആശുപത്രിയിൽ തുടങ്ങണമെന്ന ആവശ്യം ഉയർന്നത്. സജി ചെറിയാൻ എം.എൽ.എ.യുടെ ഇടപെടലിനെത്തുടർന്ന്, കിഫ്ബിയിൽനിന്നുള്ള 100 കോടി രൂപ ഉപയോഗിച്ചാണ് ആശുപത്രിനിർമാണം പൂർത്തിയാക്കിയത്. എന്നാൽ, വൈദ്യുതി കണക്‌ഷൻ ലഭിക്കാതെ തുടർപ്രവർത്തനങ്ങൾ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.
Published: 26 Sept 2026, 02:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented