ഏരൂർ :സ്വകാര്യബസ് യാത്രക്കാരിയുടെ 1.5 പവൻ സ്വർണമാല കവർന്ന കേസിൽ തമിഴ്നാട്ടുകാരായ മൂന്ന് യുവതികൾ ഏരൂർ പോലീസിന്റെ പിടിയിൽ. തൂത്തുക്കുടി രാജഗോപാൽ നഗറിൽ സിന്ധു(35), തൂത്തുക്കുടി അണ്ണാനഗറിൽ ജ്യോതി(31), തൂത്തുക്കുടി മീനാക്ഷി (24) എന്നിവരാണ് പോലീസ് പിടികൂടിയത്.

To advertise here,

അലയമൺ വില്ലേജിൽ കരുകോൺ കുറവന്തേരിയിൽ പുയ്യയിൽ കല്ലുംപുറത്തുവീട്ടിൽ ഓമന(65)യുടെ മാലയാണ് കവർന്നത്. ആലഞ്ചേരിയിൽ മകനോടൊപ്പം താമസിക്കുന്ന ഓമനയമ്മ മരുന്ന്‌ വാങ്ങുന്നതിനുവേണ്ടി കരുകോൺ ഗവ. ആശുപത്രിയിലേക്കു പോകവേയാണ് കവർച്ച നടന്നത്. പുനലൂർ-അഞ്ചൽ-ചണ്ണപ്പേട്ട പാതയിൽ സർവീസ് നടത്തുന്ന സ്വകാര്യബസിൽ വ്യാഴാഴ്ച രാവിലെ ഒൻപ​േതാടെയാണ് മോഷണം നടന്നത്.

ആലഞ്ചേരി ഇന്ധനവിതരണകേന്ദ്രത്തിനു സമീപത്തു​െവച്ച് ബസിൽ അനാവശ്യത്തിരക്കുണ്ടാക്കിയ പ്രതികൾ ഇതിനിടയിൽ വയോധികയുടെ മാല കവരുകയായിരുന്നു. മാലകവർന്ന മോഷ്ടാക്കളിലൊരാൾ സംഘത്തിലുള്ള മറ്റൊരാൾക്ക് കൈമാറുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട് ബസ് കണ്ടക്ടറും യാത്രക്കാരും ഇടപെട്ട് യാത്രയ്ക്കിടയിൽ ആലഞ്ചേരി ജങ്‌ഷനു സമീപം ബസ് നിർത്തി പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടയിൽ മോഷ്ടാക്കൾ ഉപേക്ഷിച്ച മാല ബസിൽ നടത്തിയ പരിശോധനയ്ക്കിടയിൽ കണ്ടെത്തിയിരുന്നു.

പ്രതികളുടെ പേരിൽ കൊട്ടിയം വെസ്റ്റ്, എറണാകുളം ടൗൺ, സൗത്ത്, എഴുകോൺ, കൊടുവള്ളി, താമരശ്ശേരി, മലപ്പുറം, ഇടത്തല,

ചടയമംഗലം പോലീസ്‌ സ്റ്റേഷനുകളിൽ കേസുണ്ടെന്നും അന്തസ്സംസ്ഥാന മോഷണസംഘവുമായി ബന്ധമുണ്ടെന്നുമാണ് പോലീസ് സംശയിക്കുന്നത്.ഏരൂർ പോലീസ് എസ്.ഐ. മുഹമ്മദ് നിയാസ്,എസ്.ഐ. ഷാജഹാൻ, എസ്.ഐ. അനിത, എസ്.സി.പി.ഒ. അനീഷ്, സി.പി.ഒ. രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.