അമ്പലപ്പുഴ : ദേശീയപാതയിൽ അടിപ്പാതയാവശ്യപ്പെട്ട് പായൽകുളങ്ങരയിൽ നടക്കുന്ന റിലേ നിരാഹാരത്തിന്റെ 700-ാം ദിവസമായ ബുധനാഴ്ച ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്പൊങ്കാല നടത്തി.

To advertise here,

അമ്പലപ്പുഴയ്ക്കും പുറക്കാടിനുമിടയിൽ അടിപ്പാതയില്ല. പായൽകുളങ്ങരയിൽ അടിപ്പാത നിർമിക്കാമെന്ന് ദേശീയപാത വികസനത്തിനുമുൻപ് അധികൃതർ ഉറപ്പുനൽകിയിരുന്നതായി ഭാരവാഹികൾ പറഞ്ഞു. നിർമാണം ആരംഭിച്ചതോടെയാണ് അടിപ്പാതയില്ലെന്ന് തെളിഞ്ഞത്. ദേശീയപാത കടക്കാനുള്ള വഴിയടയുന്നതോടെ സുനാമിബാധിത മേഖലയായ പ്രദേശത്ത് ദുരന്തം നടന്നാൽ ജീവൻ രക്ഷിക്കാൻ മാർഗമില്ലാതാകും.

രാവിലെ മതപുരോഹിതൻമാർ പകർന്നുനൽകിയ ദീപം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ് വിളക്കിലേക്ക്‌ പകർന്നതോടെയാണ് പ്രതിഷേധപ്പൊങ്കാല തുടങ്ങിയത്.

വയോജനങ്ങൾ ഉൾപ്പെടെ നൂറുകണക്കിനുപ്പേർ സഞ്ചാരസ്വാതന്ത്ര്യത്തിനായി മൺകലത്തിൽ പ്രതിഷേധപ്പൊങ്കാലയിട്ടു. ജനകീയസമിതി ചെയർമാൻ കെ. ഉത്തമൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, ജില്ല പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എൻ.ഡി. ഗോപകുമാർ, യു. സുനിത, സമിതി കൺവീനർ എൻ.കെ. സഞ്ജീവൻ, വർക്കിങ് പ്രസിഡന്റ് ജൂബി സുകുമാരൻ, എസ്. രാജീവൻ, കെ. ശ്യാമളൻ, തനുജാ ബൈജു, എ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.