കയ്പേറിയ ബാലപാഠങ്ങൾ തീർന്നു
ആലപ്പുഴ : പഠിക്കണം, കൂട്ടുകാർക്കൊപ്പം കളിക്കണം, ചിരിക്കണം... ഒരു പത്തുവയസ്സുകാരന്റെ ലോകം അങ്ങനെയൊക്കെയാകേണ്ടതാണ്. പക്ഷേ അവന്റെ ബാല്യത്തിനു കൂട്ടായത് വിശപ്പും ഏകാന്തതയും മാലിന്യംനിറഞ്ഞ വീടും.
ശുദ്ധവായു കടക്കാത്ത മുറിക്കുള്ളിൽ പലപ്പോഴും കൂട്ടുകാരുടെ കാരുണ്യത്തിൽ അവൻ വിശപ്പടക്കി. എന്നിട്ടും പഠനത്തിലും കല-കായിക രംഗങ്ങളിലും അവൻ തളർന്നില്ല. അവന്റെ നിലവിളി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ ഇടപെട്ടു; പത്തുവയസ്സുകാരൻ ശിശുസംരക്ഷണകേന്ദ്രത്തിലേക്ക്.
രാമങ്കരിയിൽ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന നാലാം ക്ലാസുകാരന് അച്ഛന്റെ മരണശേഷമാണ് ജീവിതം കൂടുതൽ പ്രതിസന്ധിയിലായത്. വീട്ടിൽ പതിവായി പാചകമില്ല. പുറത്തുനിന്നു വാങ്ങുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും കവറുകളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്.
ചെന്നൈ സ്വദേശിയായ അമ്മയുടെ മാതാപിതാക്കൾ അയക്കുന്ന പണം ഉപയോഗിച്ചാണ് കുട്ടിയുടെ പഠനച്ചെലവുകളുൾപ്പെടെ മുന്നോട്ടുപോകുന്നത്. വിദ്യാഭ്യാസത്തിന് മുടക്കംവന്നില്ലെങ്കിലും അടിസ്ഥാന ആവശ്യങ്ങൾപോലും നിറവേറ്റപ്പെടാത്ത അവസ്ഥ.
കുട്ടിയുടെ ദുരവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും വാർഡംഗവും ചേർന്നാണ് വിവരം പോലീസിനെയും ജില്ല ശിശുസംരക്ഷണ യൂണിറ്റിനെയും അറിയിച്ചത്. ഇതനുസരിച്ച് കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറുന്നതിനായി തിങ്കളാഴ്ച രാവിലെ സമീപിച്ചെങ്കിലും സംസാരിക്കാനോ കുട്ടിയെ കൈമാറാനോ അമ്മ തയ്യാറായില്ല. പിന്നീട് മകന് താത്പര്യമുണ്ടെങ്കിൽ കൊണ്ടുപോകാമെന്ന നിലപാടിലായി. തുടർന്ന് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് കുട്ടിയുടെ താത്പര്യം മനസ്സിലാക്കി. ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറാൻ കുട്ടിക്ക് സമ്മതമാണെന്നു വ്യക്തമായതോടെ തിങ്കളാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വീട്ടിലെത്തുന്നതുവരെ അധികൃതർ കാത്തു. തുടർന്ന് പോലീസിന്റെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിൽ അധികൃതർ ഏറ്റെടുക്കുകയായിരുന്നു.
തുടർവിദ്യാഭ്യാസം, താമസം, പരിചരണം തുടങ്ങിയ കാര്യങ്ങളിൽ ഇനി സി.ഡബ്ല്യു.സി. തീരുമാനമെടുക്കും. സി.ഡബ്ല്യു.സി.യുടെ ഉത്തരവുപ്രകാരം ജില്ല ശിശുസംരക്ഷണ ഓഫീസർ ജിജി ജോൺസന്റെ നിർദേശമനുസരിച്ച് ജില്ല ശിശു സംരക്ഷണ യൂണിറ്റിലെ റെസ്ക്യൂ ഓഫീസർ കെ.എസ്. സംഗീത, ജീവനക്കാരായ എ.എസ്. അനഘ, ജൈനമ്മ ജോസഫ് എന്നിവർ ചേർന്നാണ് കുട്ടിയെ ഏറ്റെടുത്തത്.
Published: 28 Oct 2026, 02:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented