കായംകുളം : നഗരത്തിൽ റോഡിൽ പലയിടത്തും വലിയ കുഴികളുള്ളത് അടയ്ക്കാൻ നടപടിയില്ല. റോഡിലെ കുഴികൾ യാത്രക്കാർക്ക് അപകടക്കെണിയായി. പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ മുൻവശത്തും കെ.പി. റോഡിൽ റെയിൽവേ മേൽപ്പാലത്തിന്റെ ഭാഗത്തുമാണ് കുഴികളുള്ളത്.

To advertise here,

വാഹനങ്ങൾ കുഴിയിൽവീണ് അപകടത്തിൽപ്പെടുന്നു. പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ മുൻവശത്ത് വലിയ കുഴികളാണ്. ബസ് സ്റ്റാൻഡിൽനിന്നു പുറത്തേക്കിറങ്ങുന്ന ബസുകൾ ഈ കുഴികൾ താണ്ടി വേണം പോകാൻ. മഴപെയ്താൽ കുഴിയിൽ വെള്ളം കെട്ടിനിൽക്കും. വലിയ കുഴിയാണെന്നു തിരിച്ചറിയാൻ കഴിയില്ല.

വാഹനങ്ങൾ കുഴിയിൽ വീഴുമ്പോൾ യാത്രക്കാരുടെ ദേഹത്തേക്ക് ചെളിവെള്ളവും തെറിക്കും. ഇവിടെ കുഴി രൂപപ്പെട്ടിട്ടു മാസങ്ങളായിട്ടും അടയ്ക്കാൻ നടപടിയില്ല. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ പോകുന്ന റോഡിലാണ് കുഴിയുള്ളത്. റെയിൽവേ മേൽപ്പാലത്തിനു സമീപവും റോഡിൽ കുഴികളാണ്. കാത്തിരിപ്പുകേന്ദ്രത്തിനു മുൻവശവും റെയിൽവേയിലേക്കു തിരിയുന്ന ഭാഗത്തും കുഴികളുണ്ട്. മഴപെയ്താൽ ഇവിടെ വെള്ളക്കെട്ടാണ്.

റെയിൽവേ മേൽപ്പാലത്തിന്റെ അടിയിലെ വെള്ളക്കെട്ടും കുഴിയും കാരണം ഗതാഗതകുരുക്കുമാണ്. മഴപെയ്താൽ ഇവിടെ വാഹനങ്ങൾ കടന്നുപോകുന്നതിനു പ്രയാസമാണ്. അതോടെ കെ.പി. റോഡിൽ പോലീസ് സ്‌റ്റേഷനു സമീപംവരെ ഗതാഗതക്കുരുക്കാകും. ഇവിടെ അപകടങ്ങളുമുണ്ടാകുന്നുണ്ട്. തിരക്കേറിയ റോഡുകളിൽ കുഴി രൂപപ്പെട്ടിട്ടും അടയ്ക്കാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ലെന്നു പ്രദേശവാസികൾ പറഞ്ഞു.