പൂച്ചാക്കൽ : പള്ളിപ്പുറം പല്ലുവേലി ഭാഗം ഗവ. യു.പി. സ്കൂളിലേക്കു കുട്ടികൾ പോകുന്ന റോഡിൽ കക്കൂസ്‌മാലിന്യം തള്ളി. റോഡിനു സമീപത്തെ പാടത്തേക്കും റോഡിലേക്കുമാണ് മാലിന്യം ഒഴുക്കിയത്. പ്രദേശത്ത് മാലിന്യം നിറഞ്ഞതോടെ കുട്ടികൾക്ക് ഈ റോഡിലൂടെ പോകാൻ കഴിഞ്ഞില്ല. നടന്ന്‌ സ്കൂളിലെത്തിക്കൊണ്ടിരുന്ന കുട്ടികളെ വാഹനങ്ങളിൽ സ്കൂളിലെത്തിക്കേണ്ടിവന്നു. കളത്തിൽ ക്ഷേത്രത്തിന്റെ ഭാഗത്തുനിന്ന്‌ കുട്ടികൾ ഈ റോഡിലൂടെ നടന്നാണ് സ്കൂളിലെത്തുന്നത്.

To advertise here,

പ്രദേശത്ത് വലിയ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ബ്ലീച്ചിങ് പൗഡറും കുമ്മായവും മറ്റും റോഡിൽ വിതറി പ്രദേശം ശുചീകരിച്ചു. പള്ളിപ്പുറം മേഖലയിൽ രാത്രിയിൽ പതിവായി കക്കൂസ്‌മാലിന്യം വാഹനങ്ങളിൽ എത്തിച്ച് തള്ളുന്നുണ്ട്. ടാങ്കർ ലോറികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയാണ് പെട്ടെന്ന് മാലിന്യം തള്ളി രക്ഷപ്പെടുന്നത്. മുന്നിൽ ആരെങ്കിലും വന്നാൽ കണ്ണുകളിലേക്ക് ശക്തമായി പതിക്കുന്ന തരത്തിലുള്ള ലൈറ്റുകൾ ടാങ്കർ ലോറികളിലുണ്ടാകും. അക്കങ്ങൾ തെളിയാത്ത നമ്പർ പ്ലേറ്റുകളും ഇത്തരം വാഹനങ്ങളിൽ ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.

വ്യവസായമേഖല; നിരീക്ഷണ ക്യാമറകൾ വിരളം

വ്യവസായമേഖലയായിട്ടും ചേന്നം പള്ളിപ്പുറം പഞ്ചായത്ത് മേഖലയിൽ നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത അവസ്ഥയാണ്. ഒറ്റപ്പുന്ന മുതൽ പള്ളിച്ചന്ത വരെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരത്തിൽ ക്യാമറകളില്ലാത്ത ഇടങ്ങളിലും വ്യവസായമേഖലയിലും ക്യാമറകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിയമലംഘനങ്ങൾ തടയാനും കുറ്റക്കാരെ കണ്ടെത്താനും പഞ്ചായത്തും പോലീസും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വ്യാപാരസ്ഥാപനങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പരിശോധിച്ചാലും മാലിന്യം ഒഴുക്കുന്ന ടാങ്കർ ലോറികൾ പിടിക്കാൻ കഴിയുമെങ്കിലും അത്തരത്തിലുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നില്ലെന്ന പരാതികളുണ്ട്.

ധാരാളം അതിഥിത്തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥലവുമാണ് പള്ളിപ്പുറം. ഇൻഫോ പാർക്ക്, പവർ ട്രെയിനിങ് സെന്റർ, എൻ.എസ്.എസ്. കോളേജ്, എൻജിനിയറിങ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളും പള്ളിപ്പുറത്തുണ്ട്. പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പോലീസ് സഹായം ലഭ്യമാക്കാനും ക്രമസമാധാനം മെച്ചപ്പെടുത്താനും ഔട്ട്‌പോസ്റ്റ് സഹായിക്കുമെന്നാണ് പ്രതീക്ഷ.

തൈക്കാട്ടുശ്ശേരിയിലും പ്രശ്നം

തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ കഴിഞ്ഞയാഴ്ച ചിറക്കൽ വളവിനു സമീപം ചാക്കിൽക്കെട്ടിയ നിലയിൽ കക്കൂസ്‌മാലിന്യം തള്ളിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, വാർഡംഗം തുടങ്ങിയവർ ചേർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ മാലിന്യം കുഴിച്ചുമൂടി. പൂച്ചാക്കൽ തോട്ടിൽ പതിവായി കക്കൂസ്‌മാലിന്യം തള്ളുന്നുണ്ട്. പരിസരത്തു താമസിക്കുന്നവരും സമീപത്തെ റോഡിലൂടെ പോകുന്നവരും ദുർഗന്ധത്താൽ വിഷമിക്കുകയാണ്.