മണ്ണൊലിപ്പു തടഞ്ഞ് റോഡിന്റെ വശങ്ങൾ പുനരുദ്ധരിക്കണം

To advertise here,

പുനലൂർ : ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുനരുദ്ധാരണം പൂർത്തിയാക്കിയ നെല്ലിപ്പള്ളി-ചാലിയക്കര റോഡിൽ വീണ്ടും അപകടഭീഷണി. മഴയിൽ മണ്ണൊലിച്ച് പലയിടത്തും റോഡിന്റെ വശങ്ങളിൽ വലിയ കുഴി രൂപപ്പെട്ടു. വശത്തുനിന്ന് ടാറും ഇളകിത്തുടങ്ങിയിട്ടുണ്ട്. നെല്ലിപ്പള്ളി ജങ്ഷനിൽനിന്ന് കിഴക്കോട്ടുള്ള ഭാഗങ്ങളിലാണിത്. ഈ കുഴികൾ വാഹനങ്ങളെ അപകടപ്പെടുത്തുകയാണ്.

മാസങ്ങളോളം നാട്ടുകാരെ ചെളിയിലും പൊടിയിലും മുക്കിയ റോഡ്, കഴിഞ്ഞ സെപ്റ്റംബർ ആദ്യവാരമാണ് ടാർചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. എന്നാൽ, ആഴ്ചകൾക്കുള്ളിൽ റോഡിന്റെ വശങ്ങൾ അപകടക്കെണിയാവുകയായിരുന്നു. കോൺക്രീറ്റ് ചെയ്‌തോ മണ്ണുനിറച്ചോ ഈ കുഴികൾ മൂടാത്തപക്ഷം വലിയ അപകടങ്ങൾക്കു സാധ്യതയുണ്ട്.

മരാമത്ത്‌ വകുപ്പിന്റെ പുനലൂർ സബ്ഡിവിഷൻ പരിധിയിൽ, അഞ്ചുകോടി രൂപ അടങ്കലിൽ പുനരുദ്ധാരണം നടന്ന റോഡാണിത്. 7.7 കിലോമീറ്റർ ദൈർഘ്യവും 3.8 മീറ്റർ വീതിയുമുള്ള റോഡിൽ ഒരു കൊല്ലം മുൻപാണ് പുനരുദ്ധാരണം തുടങ്ങിയത്. ആദ്യഘട്ടമായി ചല്ലി നിരത്തിയെങ്കിലും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബിറ്റുമിന് വില കുത്തനെ ഉയർന്നതിനാൽ സമയബദ്ധമായി ടാർ ചെയ്യാനായിരുന്നില്ല. നാട്ടുകാരുടെ വ്യാപക പ്രതിഷേധത്തെത്തുടർന്നാണ്‌ റോഡ് ടാർചെയ്തത്.

ശനിയാഴ്ച നടന്ന പുനലൂർ താലൂക്ക് വികസനസമിതി യോഗത്തിൽ റോഡിന്റെ ദുരവസ്ഥ വീണ്ടും ചർച്ചയായിരുന്നു. മണ്ണൊലിപ്പു തടഞ്ഞ് റോഡിന്റെ വശങ്ങൾ പുനരുദ്ധരിക്കണമെന്ന് പൊതുപ്രവർത്തകനായ ഏബ്രഹാം മാത്യു ആവശ്യപ്പെട്ടു. അതേസമയം, റോഡിന്റെ പുനരുദ്ധാരണപ്രവൃത്തി പൂർണമായി കഴിഞ്ഞതാണെന്ന് മരാമത്ത്‌ വകുപ്പ് അധികൃതർ പറയുന്നു. എങ്കിലും നിലവിലെ അപകടസ്ഥിതി പരിഗണിച്ച്, മഴ പൂർണമായും മാറുന്ന മുറയ്ക്ക് സ്ഥലത്ത് ആവശ്യമായ നിർമാണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

പുനലൂർ നഗരസഭയെയും പിറവന്തൂർ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഈ റോഡ്, കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ഏതെങ്കിലും സാഹചര്യത്തിൽ ഗതാഗതം മുടങ്ങുന്ന സ്ഥിതിയുണ്ടായാൽ സമാന്തരമായി ഉപയോഗിക്കാവുന്നതാണ്.