കൊല്ലം :കാവനാട് മീൻചന്തയുടെ പുതിയ കെട്ടിടം രണ്ടുമാസത്തിനുള്ളിൽ തുറന്നുനൽകും. കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. ഒന്നരവർഷത്തിലേറെയായി ശക്തികുളങ്ങരയിൽ താത്‌കാലിക കെട്ടിടത്തിൽ, അസൗകര്യങ്ങൾക്കും ദുർഗന്ധത്തിനും നടുവിൽ കച്ചവടം നടത്തിയിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാണ് പുതിയ കെട്ടിടം.

To advertise here,

കിഫ്ബി ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇതിന്റെ അവസാനഘട്ട നിർമാണപ്രവൃത്തികളാണ് നടക്കുന്നത്. തീരദേശവികസന കോർപ്പറേഷനാണ് പദ്ധതി നിർവഹണച്ചുമതല.

രണ്ടു നിലകളുള്ള കെട്ടിടത്തിൽ മുഴുവൻ സ്ഥലത്തും മീൻകച്ചവടത്തിനുള്ള സൗകര്യങ്ങൾതന്നെയാകും ഉണ്ടാകുക. സ്റ്റെയിൻലസ് സ്റ്റീൽ ഡിസ്‌പ്ലേ യൂണിറ്റുകൾ എല്ലാ വ്യാപാരികൾക്കും നൽകും. ഖരമാലിന്യസംസ്‌കരണശാല, ബയോഗ്യാസ് പ്ലാന്റ്, ശൗചാലയസൗകര്യങ്ങൾ തുടങ്ങിയവയും കെട്ടിടത്തിന്റെ ഭാഗമാകും.

സ്ത്രീകളുൾപ്പെടെ നൂറിലേറെ തൊഴിലാളികൾ പൊളിഞ്ഞ കെട്ടിടത്തിലായിരുന്നു മീൻകച്ചവടം നടത്തിയിരുന്നത്. ഇവിടെ മലിനജലം ഒഴുകിപ്പോകാനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഓവുചാലുകൾ നിറഞ്ഞ് കച്ചവടക്കാർ ഇരിക്കുന്നിടത്തേക്ക് ഒഴുകുകയായിരുന്നു. തുടർന്നാണ് കച്ചവടക്കാരെ ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചുനീക്കിയത്. കഴിഞ്ഞവർഷം ഏപ്രിലിൽ ചർച്ചകൾക്കൊടുവിൽ ഇവർക്ക് താത്‌കാലിക ഷെഡ് നിർമിച്ചുനൽകി.

ഏഴുമാസത്തിനകം നിർമാണം പൂർത്തീകരിച്ച് പുതിയ കെട്ടിടം തുറന്നുനൽകുമെന്നായിരുന്നു ഉറപ്പ്. എന്നാൽ അതുണ്ടായില്ല. താത്കാ‌ലിക ഷെഡിൽ അടിസ്ഥാനസൗകര്യങ്ങളില്ലാത്ത അവസ്ഥയായിരുന്നു.

മലിനജലം റോഡിലേക്ക് ഒഴുകുന്നനിലയിലാണ്. 50 കച്ചവടക്കാർക്ക് ഇരിക്കാനുള്ള സൗകര്യമില്ല. കച്ചവടാവശിഷ്ടങ്ങൾ ഷെഡിനു പുറകിലെ കുഴിയിൽ തള്ളുകയാണ്. ശൗചാലയസൗകര്യങ്ങളോ കുടിവെള്ളമോ ലഭ്യമായിരുന്നില്ല.

വ്യാപാരസമുച്ചയനിർമാണം വൈകും

:കാവനാട് മാർക്കറ്റിനോടു ചേർന്ന് ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിൽ നിന്ന, കോർപ്പറേഷന്റെ വ്യാപാരസമുച്ചയം പൊളിച്ചുനീക്കി.

വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇളകിവീണുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഈ കെട്ടിടത്തിന്റെ സീലിങ് ഇളകിവീണ് ഒട്ടേറെപ്പേർക്ക് പരിക്കേറ്റിരുന്നു.

1981-ൽ നിർമിച്ചതാണ് കാവനാട് വ്യാപാരസമുച്ചയം. തുടർന്ന് 1994-ൽ പുനർനിർമാണം നടത്തി. കെട്ടിടത്തിന്റെ കോൺക്രീറ്റ്‌ പൊളിഞ്ഞും സീലിങ് ഇളകിയും കമ്പികൾ പുറത്തുകാണത്തക്ക അവസ്ഥയിലായിരുന്നു. വളരെക്കുറഞ്ഞ തുക ഈടാക്കിയാണ്‌ കടമുറികൾ വാടകയ്ക്ക് നൽകിയിരുന്നത്. അതിനാൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തിൽനിന്ന് ഒഴിഞ്ഞുപോകാൻ ചില വ്യാപാരികൾ തയ്യാറായിരുന്നില്ല. ഇതിനാലാണ് കെട്ടിടം പൊളിക്കുന്നതിൽ താമസം നേരിട്ടത്.

കെട്ടിടം പൂർണമായും പൊളിച്ചുനീക്കി മൂന്നുകോടി രൂപ ചെലവിൽ പുതിയ മൂന്നുനില കെട്ടിടം നിർമിക്കാനായിരുന്നു കോർപ്പറേഷന്റെ പദ്ധതി. എന്നാൽ ഇതിനുള്ള തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നു.

സമുച്ചയനിർമാണം ആരംഭിക്കുന്നത് വൈകാനാണ് സാധ്യത. കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാനാണ് കെട്ടിടം പൂർണമായും പൊളിച്ചുനീക്കിയത്. പുതിയ കെട്ടിടത്തിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന ഉറപ്പിലാണ് വ്യാപാരികളെ ഒഴിപ്പിച്ചത്.