ചാത്തന്നൂർ :വികസനത്തിന്റെ പേരിൽ ഒരു നാട് മുഴുവൻ ഇരുട്ടിൽ തപ്പുന്ന കാഴ്ചയാണ് പാരിപ്പള്ളിയിൽ. കേരളത്തിന്റെ ഗതാഗതഭൂപടത്തിൽ പാരിപ്പള്ളി ജങ്ഷനും പരിസരങ്ങളും ഇന്ന് അശാസ്ത്രീയമായ ദേശീയപാതാ നിർമാണത്തിന്റെ ദുരിതം പേറുകയാണ്. ഇതിൽ ഏറ്റവും ഒടുവിലത്തേതും ഗൗരവമേറിയതുമായ പ്രശ്‌നമാണ് പാരിപ്പള്ളി മുക്കടയിലെ അടിപ്പാതയുടെ ദീർഘവീക്ഷണമില്ലാത്ത നിർമാണം.

To advertise here,

മുക്കട അടിപ്പാതയ്ക്ക്‌ വീതിക്കുറവ്‌

:പാരിപ്പള്ളിയിൽനിന്ന് വർക്കല-ശിവഗിരി പാതയിലേക്ക് വാഹനങ്ങൾ തിരിഞ്ഞുപോകുന്ന ഭാഗമാണ് മുക്കട. എന്നാൽ ഇവിടെ നിർമിച്ചിരിക്കുന്ന അടിപ്പാത അടിസ്ഥാനമാനദണ്ഡങ്ങൾ പാലിക്കാതെ ഇടുങ്ങിയ രീതിയിലാണ്.

മറ്റു ജില്ലകളിൽനിന്നെത്തുന്ന ലക്ഷക്കണക്കിനു ശിവഗിരി തീർഥാടകരുടെ പ്രധാന സംഗമസ്ഥാനമാണ് പാരിപ്പള്ളി മുക്കട. തീർഥാടകർ സഞ്ചരിക്കുന്ന വലിയ വാഹനങ്ങളും ബസുകളും വർക്കല പാതയിലേക്ക് പ്രവേശിക്കേണ്ട ഈ ഭാഗം ഇടുങ്ങിയതായതുകൊണ്ട് വലിയ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടാണ്.

ഇത് പ്രദേശത്ത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും വഴിയൊരുക്കുന്നു. പാരിപ്പള്ളി ഗവ. എൽ.പി.എസിലും അമൃത ഹയർ സെക്കൻഡറി സ്‌കൂളിലുമുള്ള ആയിരക്കണക്കിനു കുരുന്നുകളും പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും പോലീസ് സ്റ്റേഷനിലേക്കും എത്തുന്ന പൊതുജനങ്ങളും ഈ ഇടുങ്ങിയ പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്.

ഭയപ്പെടുത്തുന്നവൻമതിലുകൾ

:മുക്കടമുതൽ പാരിപ്പള്ളി ജങ്ഷൻവരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ വശങ്ങളിൽ കെട്ടിപ്പൊക്കിയിരിക്കുന്ന വലിയ മതിലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്ന അവസ്ഥയിലാണ്. ചാത്തന്നൂർ എം.എൽ.എ. ബി.ബി. ഗോപകുമാർ ഈ വിഷയം ദേശീയപാതാ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും മദ്രാസ് ഐ.ഐ.ടി.യുടെ നിർദേശപ്രകാരം ഭിത്തികളിൽ ഡ്രിൽ ചെയ്ത് വലിയ ഇരുമ്പുദണ്ഡുകൾ കയറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പുറത്തേക്ക് തള്ളിനിൽക്കുന്ന ആ ഭിത്തികളുടെ അപകടാവസ്ഥയ്ക്ക് മാറ്റമില്ലെന്നത് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. മഴക്കാലത്തെ വെള്ളക്കെട്ടുകൂടിയാകുമ്പോൾ സ്ഥിതി ഗുരുതരമാകുന്നു. കളക്ടർ സ്ഥലം സന്ദർശിച്ചപ്പോഴും ഈ യാത്രാദുരിതങ്ങൾ ചൂണ്ടിക്കാണിച്ചതാണ്.

 

എലിവേറ്റഡ് എൻ.എച്ച്. വേണം

:നിലവിലുള്ള വൻമതിലുകളും അടിപ്പാതയും ഒഴിവാക്കി, തൂണുകളിൽ എലിവേറ്റഡ് എൻ.എച്ച്. നിർമാണം യാഥാർഥ്യമായാൽ പാരിപ്പള്ളിയുടെ വികസനത്തിന് ഏറെ മുതൽക്കൂട്ടാകും. വർക്കല-ശിവഗിരി പാതയിലേക്കുള്ള പ്രവേശനം സുഗമമാവുകയും തീർഥാടകവാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ കഴിയുകയും ചെയ്യും.

വാഹനങ്ങൾക്ക് വലിയ തോതിൽ പാർക്കിങ്‌ സൗകര്യം തെളിയും. വ്യാപാരികളുടെ കച്ചവടസാധ്യതകൾ തിരികെപ്പിടിക്കാം. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സുഖമായി യാത്രചെയ്യാം. 'ഒരു നാടിന്റെ ജീവനും സ്വത്തിനും വില കൽപ്പിച്ചുകൊണ്ട്, വികസനത്തോടൊപ്പം ജനങ്ങളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കാൻ അധികാരികളുടെ അടിയന്തര ഇടപെടലുകൾ ഉണ്ടാകേണ്ടിയിരിക്കുന്നു.