മരക്കഷണങ്ങൾ, കാർഷികവിളകളുടെ അവശിഷ്ടങ്ങൾ, ജൈവമാലിന്യം തുടങ്ങിയ ജൈവപദാർഥങ്ങൾ ഓക്സിജന്റെ അഭാവത്തിൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഒരുതരം കരിയാണ് ബയോചാർ. കൽക്കരിയുടെ ഒരു വകഭേദം എന്നുതന്നെ പറയാം. ഉത്തമമായ ഒരു ജൈവപദാർഥമാണിത്. ജൈവവളം, മണ്ണിന്റെ രചനയും ഘടനയും മെച്ചപ്പെടുത്താനുപകരിക്കുന്ന സോയിൽ അമെൻഡിങ് മെറ്റീരിയൽ എന്നിങ്ങനെ കൃഷിയെ സംബന്ധിച്ചു വളരെ പ്രാധാന്യമുള്ള പദാർഥമാണിത്.

To advertise here,

മണ്ണിലേക്ക് ഉപകാരപ്രദമായ ജൈവാംശം ചേർക്കുക വഴി ഇത് മണ്ണ് മെച്ചപ്പെടുത്തും. മണ്ണിന്റെ ജലസംഭരണ ശേഷിയും പോഷകസംഭരണ ശേഷിയും മെച്ചപ്പെടുത്തുന്നു. പോഷകങ്ങൾ താഴ്ചയിലേക്ക് ഊർന്നു നഷ്ടമാകാതെ വിളകൾക്ക് അവ കൂടുതൽ അളവിൽ ഉപയോഗിക്കാൻ അവസരം ഒരുക്കുന്നു. ബയോചാർ ഘടനയിൽ ഒട്ടേറെ സുഷിരങ്ങളുള്ളതിനാൽ ബാക്ടീരിയ, കുമിൾ എന്നിവ പോലെ ഉപകാരികളായ മണ്ണിലെ സൂക്ഷ്‌മജീവികൾക്ക് ജൈവപദാർഥങ്ങൾ വേഗം വിഘടിക്കാനും അവ വിളകൾക്ക് ലഭ്യമാക്കാനും അവസരമുണ്ടാക്കുന്നു.

മണ്ണിന്റെ ആരോഗ്യം വർധിപ്പിക്കുന്നതോടൊപ്പം വിളകളുടെ ഉത്പാദനക്ഷമത കൂട്ടുക, പോഷകനഷ്ടം ഒഴിവാക്കി രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാനിടയാക്കുക, അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ശേഖരിക്കുന്ന സംഭരണിയായി വർത്തിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ അധികമേന്മകളാണ്.

കേരളത്തിൽ പൊതുവേയുള്ള അമ്ലസ്വഭാവമുള്ള മണ്ണിന്റെ പുളിരസം കുറയ്ക്കാനും ബയോചാർ സഹായിക്കും. ഏറ്റവും മികച്ച ജൈവവളങ്ങളിലൊന്നായാണ് ഇതിനെ കാണുന്നത്. ബയോകാർബൺ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. സാധാരണ കൃഷിക്കുപയോഗിക്കുന്ന കമ്പോസ്റ്റിനെക്കാളും ഒരു പടി മികച്ചതാണിത്. വിത്തുകൾ മുളപ്പിക്കാനും തണ്ടിൻ കഷണങ്ങൾക്കു വേരുപിടിപ്പിക്കാനും തൈകൾ ഇളക്കി നട്ടുവളർത്താനും പോട്ടിങ് മിശ്രിതമായുമെല്ലാം ഉപയോഗിക്കാം.

പോട്ടിങ് മിശ്രിതത്തിൽ ചേർക്കുമ്പോൾ ഇത് നീർ വാർച്ച വർധിപ്പിക്കുകയും വായുസഞ്ചാരം ധാരാളമാക്കുകയും ചെയ്യും. മറ്റു വളങ്ങളെ അപേക്ഷിച്ച് കൂടുതൽ നാൾ മണ്ണിൽ നിലനിൽക്കുകയും ചെയ്യും. പെട്ടെന്ന് കമ്പോസ്റ്റാക്കി മാറ്റാൻ പറ്റാത്ത തെങ്ങിൻ മടൽ, കാപ്പിത്തൊണ്ട്, മരപ്പൊടി, മരക്കഷണങ്ങൾ, കരിക്കിന്റെ അവശിഷ്ടം, അടയ്ക്കാത്തോട്, ചിരട്ട, ഉമി, കൊക്കോ തോട്, വൃക്ഷക്കൊമ്പുകൾ, ഇലകൾ, വ്യാവസായിക അവശിഷ്ടങ്ങൾ തുടങ്ങിയവയെന്തും ബയോചാറാക്കി മാറ്റാം. കാലാവസ്ഥാവ്യതിയാനം കാർഷികമേഖലയിൽ വരുത്തുന്ന വെല്ലുവിളികൾക്കും ഇതിന്റെ ഉപയോഗം വളരെ പ്രാധാന്യമുള്ളതാണ്.