തക്കാളിയിലകളിൽ കാണുന്ന തവിട്ടു പുള്ളികൾ വാണിജ്യകൃഷിയിൽ യഥാസമയം നിയന്ത്രിച്ചില്ലെങ്കിൽ ഇലകൾ നശിക്കുക മാത്രമല്ല ക്രമേണ ചെടിയുടെ വളർച്ചയും മുരടിക്കും. ഇത് വിളവിൽ 50 ശതമാനംവരെ നഷ്ടം ഉണ്ടാക്കും. ഈർപ്പമയമായ കാലാവസ്ഥയിലാണ് ഈ കുമിൾരോഗത്തിന് സാധ്യത കൂടുതൽ.
കാരണങ്ങൾ പലതാണ്. പുള്ളികൾ വീഴുന്നതിന് പ്രധാനമായും രോഗങ്ങൾ കാരണമാകാറുണ്ട്. ഇതിലൊന്നാണ് ആൾട്ടർനേറിയ ഇലപ്പുള്ളി. ഇലകളുടെ അടിഭാഗത്തു നിന്നുതുടങ്ങി മുകളിലേക്കു പടരുന്ന തവിട്ടുനിറത്തിൽ ചെറിയ വലയങ്ങളുള്ള പാടുകളാണിത്. ഇതിനുചുറ്റും മഞ്ഞനിറം കാണാം. മറ്റൊരു രോഗം അഴുകൽ ആണ്. തുടർച്ചയായി മഴയുള്ള സമയത്ത് ഇലകളുടെ അരികുകളിൽ വെള്ളം നിറഞ്ഞതുപോലുള്ള തവിട്ടോ കറുപ്പോ പാടുകൾ ഉണ്ടാകും. ഇങ്ങനെ പാട് വീഴുന്ന ഇലകൾ കരിഞ്ഞുപോകും.
നിയന്ത്രണം
• തവിട്ടുനിറം കാണുന്ന ഇലകൾ അപ്പോൾത്തന്നെ മുറിച്ചുനീക്കി നശിപ്പിക്കുക.
• രണ്ടു ശതമാനം വീര്യമുള്ള വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം (20 മില്ലി വേപ്പെണ്ണ, 20 ഗ്രാം വെളുത്തുള്ളി അരച്ച നീര്, കുറച്ചു സോപ്പ് ലായനി എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തയ്യാറാക്കിയത്) ഇലകളുടെ ഇരുവശവും തളിക്കുക.
• 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ച ഇടവേളയിൽ ഇലകളിൽ തളിച്ചുകൊടുത്താൽ ഇത്തരം കുമിൾ രോഗങ്ങൾ തടയാം.
• കുമിൾനാശിനിയായ കോപ്പർ ഓക്സിക്ലോറൈഡ് രണ്ട്-മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഇലകളിൽ തളിക്കുക.
• അല്ലെങ്കിൽ മാങ്കോസെബ്ബ്/ഇൻഡോഫിൽ M-45 എന്ന കുമിൾനാശിനി രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി തളിക്കുന്നത് രോഗനിയന്ത്രണം ഉറപ്പാക്കും. ഒപ്പം രോഗവ്യാപനവും തടയും.
ചില മുൻകരുതലുകളും വേണം. ഇതിലൊന്നാണ് തക്കാളിച്ചെടികളുടെ ഇലകളിൽ വെള്ളം തളിക്കുന്ന രീതി പരമാവധി ഒഴിവാക്കുക എന്നത്. ചെടികളുടെ മുകളിലൂടെയുള്ള നന പാടില്ല. മണ്ണിലാണല്ലോ കുമിളിന്റെ ബീജങ്ങൾ കഴിയുന്നത്. ഇത് മഴവെള്ളം വഴി ഇലകളിലേക്ക് തെറിക്കാതിരിക്കാൻ ചെടികളുടെ ചുവട്ടിൽ ഉണങ്ങിയ ഇലകളോ പുല്ലോ കൊണ്ട് പുതയിടണം. അടുത്തടുത്ത് നടുമ്പോൾ ചെടികൾ തമ്മിൽ ആവശ്യത്തിന് അകലം നൽകുക. ചട്ടികളിലാണ് വളർത്തുന്നതെങ്കിൽ ചട്ടികൾ പരസ്പരം വേണ്ടത്ര അകലത്തിൽ വയ്ക്കാം.
Published: 14 Nov 2026, 03:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented