
പരിമിതമായ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നവർ കൂടുതലായും തിരഞ്ഞെടുക്കുന്നത് ഗ്രോബാഗ് കൃഷി രീതിയായിരിക്കും. എന്നാൽ, കൃത്യമായി എങ്ങനെ ഗ്രോ ബാഗ് നിറയ്ക്കാമെന്നതിൽ പലപ്പോഴും ആശങ്ക ഉണ്ടാകാറുമുണ്ട്. എളുപ്പത്തിൽ ഗ്രോ ബാഗ് എങ്ങനെ നിറയ്ക്കാമെന്ന് പരിശോധിക്കാം. ഇതിനായി ഏറ്റവും പ്രധാനമായി വേണ്ടത് കല്ലുകൾ മാറ്റി കുമ്മായം വിതറി ഏഴു ദിവസം മാറ്റിവെച്ച് ട്രീറ്റ് ചെയ്തെടുത്ത നല്ല മണ്ണാണ്. ഇത്തരത്തിൽ മണ്ണ് മുൻകൂട്ടി ട്രീറ്റ് ചെയ്ത് ഉപയോഗിക്കുന്നത് വഴി ചെടികളെ രോഗബാധകളിൽനിന്ന് സംരക്ഷിക്കാൻ സാധിക്കും.
ഗ്രോ ബാഗ് നിറയ്ക്കുന്നതിനായി ഉണക്കച്ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ഉണക്കക്കരിയില (അഥവാ കമ്പോസ്റ്റ് കരിയില), ചാണകവെള്ളം, പച്ചില (ശീമക്കൊന്നയുടെ ഇല ഉചിതം), തേങ്ങയുടെ തൊണ്ട് എന്നിവയാണ് ആവശ്യമായി വരുന്നത്. ചാണകപ്പൊടിയുടെ ലഭ്യതക്കുറവുള്ള സാഹചര്യങ്ങളിൽ തണുപ്പിച്ച കോഴിവളവും പകരം ഉപയോഗിക്കാവുന്നതാണ്.
ഗ്രോ ബാഗിന്റെ അടിഭാഗത്ത് ആദ്യഘട്ടമായി കാൽ ഭാഗത്തോളം ഉണക്കക്കരിയില ഇടണം. ഈർപ്പം നിലനിർത്തുന്നതിനായി ബാഗിന്റെ വശങ്ങളിൽ തേങ്ങയുടെ തൊണ്ടുകൾ അറേഞ്ച് ചെയ്തു വെക്കുക. കരിയില പെട്ടെന്ന് അഴുകി വളമാകാനായി ഇതിനു മുകളിലേക്ക് ചാണകവെള്ളം ഒഴിച്ചു കൊടുക്കുക. ചെടിക്ക് ആവശ്യമായ നൈട്രജൻ ലഭ്യമാക്കാൻ പച്ചിലകൾ ചേർത്ത ശേഷം ട്രീറ്റ് ചെയ്ത മണ്ണ് കാൽ ഭാഗം നിറയ്ക്കണം. ഇതിനു മുകളിൽ 250 ഗ്രാം ചാണകപ്പൊടിയും വീണ്ടും കരിയിലയും ഇട്ട ശേഷം അല്പം മണ്ണ് കൂടി ചേർത്ത് അര ഭാഗത്തിലധികം നിറയ്ക്കണം.
അവസാനം 50 ഗ്രാം എല്ലുപൊടിയും 50 ഗ്രാം വേപ്പിൻ പിണ്ണാക്കും വശങ്ങളിലായി ചേർത്ത് കൊടുക്കണം. ചെടികളുടെ വേരുകൾ പെട്ടെന്ന് വളരാൻ എല്ലുപൊടി സഹായിക്കുമ്പോൾ വേപ്പിൻ പിണ്ണാക്ക് കീടങ്ങളെയും മണ്ണിലെ നിമവിരകളെയും പ്രതിരോധിക്കുന്നു. ഈ ജൈവരീതി പിന്തുടർന്ന് നടുന്ന ചെടികൾ മികച്ച വളർച്ച കൈവരിക്കുകയും പെട്ടെന്ന് കായ്ച്ചു തുടങ്ങുകയും ചെയ്യും.
Published: 16 Oct 2026, 09:37 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented