മറയൂർ: മലമുകളിൽ ചന്ദനക്കാടിനുള്ളിൽ ഊഞ്ചാംപാറ എന്ന ഗോത്രവർഗ ഗ്രാമം. അവിടെ അരയേക്കറിൽ, എൺപതുകാരിയായ ലക്ഷ്മി മുളപ്പിച്ചത് അന്യംനിന്നുപോയ 40 ഇനം കിഴങ്ങുകൾ. അതും പൂർണമായും ജൈവരീതിയിൽ. കാച്ചിലാണ് കൂടുതൽ ഉള്ളത്. മറയൂർ സാൻഡൽ ഡിവിഷനിലെ പരമ്പരാഗത കിഴങ്ങ് വർഗങ്ങളുടെ വീണ്ടെടുക്കൽ പദ്ധതിയായ ‘നറുംനൂറ്’ (ശുദ്ധമായ കിഴങ്ങ്) പദ്ധതിയുമായി ചേർന്നാണ് ലക്ഷ്മിയുടെ കൃഷി. 

To advertise here,

തോണിക്കാച്ചിൽ, കല്ലൻക്കാച്ചിൽ, സർപ്പക്കാച്ചിൽ, കടുവകൈയ്യാൻ കാച്ചിൽ, കവലകുത്തിക്കാച്ചിൽ, ഇറച്ചി ക്കാച്ചിൽ, മണിക്കാച്ചിൽ, പാൽച്ചേമ്പ്, ചെറുവള്ളിക്കിഴങ്ങ്, വെള്ളപൂവ, വയലറ്റ് കപ്പ, വെള്ളക്കപ്പ, ബിരിയാണിക്കപ്പ, കരിച്ചേമ്പ്, എലിതിന്നാച്ചേമ്പ്, ചെറുചേമ്പ് തുടങ്ങിയവയാണ് ലക്ഷ്മി ­കൃഷിചെയ്യുന്നത്.

ലക്ഷ്മിയുടെ ഭർത്താവ് ചെല്ലപ്പൻ വനസംരക്ഷണ പ്രവർത്തകനായിരുന്നു. ചന്ദനക്കേസിലെ പ്രതികളെ പിടിക്കാൻ ഇരവികുളം ദേശീയോദ്യാനത്തിൽ പോയപ്പോൾ അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചു. മറയൂർ സാൻഡൽ ഡിവിഷൻ ഡി.എഫ്.ഒ. എം.ജി. വിനോദ് കുമാർ, റെയ്ഞ്ച് ഓഫീസർ അബ്ജു കെ.അരുൺ എന്നിവരാണ് പദ്ധതിക്ക് നേതൃത്വംനൽകുന്നത്.