നെടുങ്കണ്ടം(ഇടുക്കി): കുരുമുളക് പതിറ്റാണ്ടിനുശേഷമുള്ള ഏറ്റവും ഉയർന്നവില തൊട്ടു. നിലവിൽ ക്വിന്റലിന് 70,000 രൂപയാണ് വില. കർഷകന് കിലോയ്ക്ക് 700 രൂപയാണ് ലഭിക്കുന്നത്. 2014-15 കാലഘട്ടത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലാണ് നിലവിൽ വ്യാപാരം.

To advertise here,

2014-15 കാലത്ത് ഒരു ക്വിന്റൽ കുരുമുളക് വില ഏറ്റവും ഉയർന്ന നിരക്കായ 73,000 രൂപയിൽ എത്തിയിരുന്നു. കർഷകർക്ക് കിലോയ്ക്ക് 740 രൂപ വരെ ലഭിച്ചിരുന്നു.

വിൽക്കാൻ കുരുമുളകില്ല

വിലക്കയറ്റത്തിന്റെ ഗുണം കർഷകന് ലഭിക്കുന്നില്ല. ലഭ്യതക്കുറവാണ് കാരണം. കാലാവസ്ഥാ വ്യതിയാനവും രോഗവ്യാപനവും മൂലം ഉത്പാദനം കുറഞ്ഞു. ഏലക്കായുടെ വില ഉയർന്നതോടെ ഹൈറേഞ്ചിലെ കർഷകർ ഭാഗികമായി കുരുമുളകിനെ കൈവിട്ടതും ഉത്പാദനത്തെ ബാധിച്ചു.

2015-നുശേഷം വിയറ്റ്‌നാം, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിൽനിന്ന് വിലകുറഞ്ഞ കുരുമുളക് വൻതോതിൽ ഇറക്കുമതി ചെയ്തതോടെ വില കുത്തനെ ഇടിഞ്ഞു. 2019-ൽ കിലോയ്ക്ക് 340 രൂപയിലെത്തി. പിന്നീട് കോവിഡ് പ്രതിസന്ധികൾക്കുശേഷം 2021 മുതൽ വില ഘട്ടംഘട്ടമായ കരകയറി. 40 മുതൽ 50 രൂപ വരെ ഓരോവർഷവും ഉയർന്നാണ് നിലവിൽ കിലോയ്ക്ക് 700 രൂപയിലെത്തിയത്.

കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങി പ്രധാന കുരുമുളക് ഉത്പാദന സംസ്ഥാനങ്ങളിൽ ആവശ്യത്തിന് മഴ ലഭിക്കാത്തതും ഉത്പാദനത്തെ സാരമായി ബാധിച്ചു. 2026-ലെ വിളവെടുപ്പ് സീസണിൽ ഇന്ത്യയിലെ കുരുമുളക് ഉത്പാദനം 65,000 - 75,000 ടൺ വരെയാണ് പ്രതീക്ഷിച്ചിരുന്നത്.എൽനിനോ പ്രതിഭാസം കാരണം ഉത്പാദനം ഇതിലും വളരെ കുറയാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

വിനായകചതുർഥി മുതൽ നവരാത്രി, ദീപാവലി വരെ നീളുന്ന ഉത്സവകാല ഡിമാൻഡ് ഉത്തരേന്ത്യൻ വിപണികളിൽ വർധിച്ചതും വിലയെ സ്വാധീനിച്ചു. ആഗോളതലത്തിൽ ഉത്പാദനം കുറയുന്നതിനാൽ വില ഇനിയും ഉയർന്നേക്കും. ആഭ്യന്തര വില ഉയർന്ന് നിൽക്കുന്നതിനാൽ ശ്രീലങ്ക,വിയറ്റ്‌നാം, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ള കുരുമുളക് വിപണിയിലേക്ക് എത്തിയേക്കാം.