മല്ലപ്പള്ളി: സബ്സിഡി നിരക്കിൽ രാസവളം കിട്ടാൻ ‘ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ (എഫ്.എഫ്.എസ്.) ആപ്പ്’നിർബന്ധമാക്കുന്നു. സംസ്ഥാനത്ത് പാലക്കാട്, ആലപ്പുഴ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ജൂണിൽ തുടങ്ങിയ പദ്ധതി ഡിസംബർ 15 മുതൽ സംസ്ഥാനത്ത് പൂർണമായി നടപ്പാക്കും. ആപ്പിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർക്ക് അതിനുശേഷം വിലയിളവോടെ വളം ലഭിക്കില്ല.
സബ്സിഡി വളം വിൽപ്പന കാര്യക്ഷമമാക്കുന്നതിനായി കേന്ദ്ര രാസവസ്തു രാസവള, കർഷകക്ഷേമ മന്ത്രാലയങ്ങൾ ചേർന്ന് വികസിപ്പിച്ചെടുത്ത ഡിജിറ്റൽ ബുക്കിങ്, വിതരണ സംവിധാനമാണ് എഫ്.എഫ്.എസ്.
ആദ്യം അഗ്രിസ്റ്റാക്ക്
എഫ്.എഫ്.എസ്. ആപ്പിൽ എത്തുന്നതിന് മുൻപ് ‘അഗ്രിസ്റ്റാക്ക്’ വെബ്സൈറ്റിൽ കർഷകരുടെ വ്യക്തിഗത വിവരങ്ങളും സ്ഥലത്തിന്റെ വിശദാംശങ്ങളും നൽകി രജിസ്റ്റർചെയ്യണം. https://klfr.agristack.gov.in എന്നതാണ് വെബ് വിലാസം. ഇതിൽ ആധാർനമ്പർ നൽകി രജിസ്റ്റർചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങൾ ഫോട്ടോ സഹിതം തനിയെവരും. തുടർന്ന് കൃഷിചെയ്യുന്ന വസ്തുവിന്റെ ബ്ലോക്ക് നമ്പർ, തണ്ടപ്പേർ നമ്പർ, സർവേ നമ്പർ എന്നിവ കരം രസീതിലെപ്പോലെ ചേർക്കണം.
വില്ലേജ് ഓഫീസർ ഓൺലൈനായി അംഗീകരിക്കുന്നതോടെ അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ പൂർത്തിയാകും. ഇക്കാര്യങ്ങൾ സ്വന്തമായി മൊബൈലോ കംപ്യൂട്ടറോ ഉപയോഗിച്ച് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ ആധാർകാർഡ്, കരം രസീത് എന്നിവയുമായി കൃഷിഭവനിൽ എത്തിയാൽ മതിയാകും. അക്ഷയ, സി.എസ്.സി. ഓഫീസുകൾ വഴിയും ചെയ്യാം.
അടുത്തത് എഫ്.എഫ്.എസ്.
അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ പൂർത്തിയായവർ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ ആപ്പ്, ഡൗൺലോഡ് ചെയ്യണം. അംഗീകൃത വെബ് പോർട്ടലുകൾ, പൊതു സേവനകേന്ദ്രങ്ങൾ (അക്ഷയ, സി.എസ്.സി.) വഴിയും ഈ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാം. ഭൂമിയുടെയും കൃഷിയുടെയും വിവരങ്ങൾ അഗ്രിസ്റ്റാക്കിൽനിന്ന് ഇവിടെ കാണാം. ആവശ്യമായ വളത്തിന്റെ അളവ് രേഖപ്പെടുത്തുമ്പോൾ വളം വിൽപ്പനകേന്ദ്രം തിരഞ്ഞെടുക്കാൻ നിർദേശംവരും. അതിൽകാണുന്ന പട്ടികയിൽനിന്ന് സൗകര്യപ്രദമായ കട സ്വീകരിക്കാം. ക്യൂആർ കോഡ്/ ടോക്കൺ ലഭിക്കും. മൂന്നുദിവസത്തിനുള്ളിൽ കടയിലെത്തി വളം വാങ്ങാം.
യൂറിയ തിരിമറി തടയാം
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന യൂറിയ ചാക്കൊന്നിന് (45 കിലോ) ഒക്ടോബറിൽ 3000 രൂപ വില വന്നിരുന്നു. എന്നാൽ 266.50 രൂപയ്ക്കാണ് കടകളിൽ വിതരണംചെയ്യുന്നത്. അതായത് 2733.50 രൂപ സബ്സിഡി. പ്ലൈവുഡ് ഫാക്ടറികളിൽ പശ ഉണ്ടാക്കാനും കന്നുകാലി തീറ്റയ്ക്കും കൂട്ടുവളക്കമ്പനികൾക്ക് മണ്ണുകൂടി ചേർത്ത് കനത്ത വിലക്ക് വിൽക്കാനും വൻതോതിൽ യൂറിയ വഴിമാറ്റി ഉപയോഗിക്കുന്നതായി ആരോപണമുള്ളതാണ്. ഇതോടെ കർഷകന് വളം കിട്ടാത്ത അവസ്ഥയായി. ആപ്പ് വഴി മാത്രം വിതരണം ചെയ്യുന്നതോടെ അനധികൃത ഇടപാടുകാർ ഒഴിവാകും.
Published: 27 Nov 2026, 11:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented