കുട്ടനാട്: സാധാരണ രണ്ടര മുതൽ മൂന്നു ദിവസംവരെ നീളുന്ന വിത ഒറ്റ ദിവസം കൊണ്ട്‌ ഡ്രോൺ ഉപയോഗിച്ചു പൂർത്തിയാക്കി ചിറയ്ക്കകം പാടശേഖരം. പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലുള്ള 34 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിലാണ് ഈ വർഷത്തെ പുഞ്ചക്കൃഷിക്കുള്ള വിത ഡ്രോൺ ഏറ്റെടുത്തത്.

To advertise here,

പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലെ കർഷകർ മുൻപ് സ്വന്തം നിലങ്ങളിൽ ഡ്രോൺ ഉപയോഗിച്ചിരുന്നെങ്കിലും ഒരു പാടശേഖരത്തിലെ മുഴുവൻ കർഷകരും ചേർന്നു ഡ്രോൺ ഉപയോഗിച്ചു വിതയ്ക്കുന്നത് ഇതാദ്യമാണ്.

കൃഷിവകുപ്പ് മുഖേന ലഭിച്ച ‘ഉമ’ നെൽവിത്താണുപയോഗിച്ചത്. മങ്കൊമ്പ് ഡോ. എം.എസ്. സ്വാമിനാഥൻ നെല്ലുഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് 30 കിലോഗ്രാം വരെ ഭാരംവഹിക്കാൻ ശേഷിയുള്ള ഡ്രോൺ ലഭ്യമാക്കിയത്. 34 ഏക്കറിലേക്ക് 650 കിലോ വിത്താണ് വിതച്ചത്.

പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഔസഫ് വെമ്പാടുംതറ വിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ജോഷി സെബാസ്റ്റ്യൻ അധ്യക്ഷനായി. രാമങ്കരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോസഫ് റഫിൻ ജെഫ്രി, പുളിങ്കുന്ന് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ റെജിമോൻ, പുളിങ്കുന്ന് കൃഷി അസിസ്റ്റന്റ് സി.ആർ. ജയലക്ഷ്മി, പാടശേഖരം സെക്രട്ടറി തോമസ് വാഴക്കൂട്ടം എന്നിവർ പ്രസംഗിച്ചു.

വിത്ത്‌ ലാഭം; ചെലവ് കുറവ്

കൈകൊണ്ടു വിതയ്ക്കുമ്പോൾ ഏക്കറിന് ഏകദേശം 40 കിലോ വിത്ത് ആവശ്യമായിവരുന്ന സ്ഥാനത്ത്‌ ഡ്രോൺ ഉപയോഗിക്കുമ്പോൾ പകുതിയായി കുറയുന്നു. ഇതിലൂടെ വിത്തുക്ഷാമം മറികടക്കാനും വിത്തിനത്തിൽ വലിയ ലാഭമുണ്ടാക്കാനും സാധിക്കും.

കൈവിതയ്ക്ക് ഏക്കറിന് ഒരാൾക്ക് ഏകദേശം 1,250 രൂപയോളം കൂലി വരുമ്പോൾ ഡ്രോൺ ഉപയോഗിച്ചുള്ള വിതയ്ക്ക് ഏക്കറിന് ഏകദേശം 650, 700 രൂപയേ ചെലവുവരുന്നുള്ളൂ.

ഡ്രോണിൽ നിശ്ചിത അളവും അകലവും ക്രമീകരിക്കാൻ കഴിയുന്നതിനാൽ വിത്ത്‌ തുല്യമായി വീഴുന്നു. വിത്തിനു മുകുളം പൊട്ടുന്ന കൃത്യമായ ഘട്ടത്തിൽ വിതയ്ക്കാൻ സാധിക്കുന്നതിനാൽ മുളയ്ക്കലും വളർച്ചയും ഏകീകൃതമായിരിക്കും. വിത്ത് ആഴത്തിൽ താഴ്ന്നുപോകുന്നത് ഒഴിവാക്കാനും കഴിയും.

യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം

ആദ്യമായാണ് പുളിങ്കുന്ന് പഞ്ചായത്തിലെ ഒരു പാടശേഖരത്തിലെ മുഴുവൻ കർഷകരും ഡ്രോൺ ഉപയോഗിച്ചു വിതയ്ക്കുന്നത്. യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ഡ്രോൺ ഉപയോഗിച്ചുള്ള വിത നടത്തിയത് - എ.എസ്. ആൻസി,

-കൃഷി ഓഫീസർ, പുളിങ്കുന്ന് പഞ്ചായത്ത്.