ആലപ്പുഴ: പച്ചക്കറിയുത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിനായി വെജിറ്റബിൾ മിഷൻ പദ്ധതി തുടങ്ങുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. ജില്ല ആസൂത്രണസമിതി ഹാളിൽ ചേർന്ന പ്രളയാധിഷ്ഠിത ജില്ലതല കാർഷിക അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കുട്ടനാടിന് പ്രത്യേക കാർഷിക കലൻഡർ തയ്യാറാക്കും. തരിശുഭൂമികൾ കണ്ടെത്തി കൃഷിതുടങ്ങും. പൊക്കാളിക്കൃഷി ചെയ്യുന്ന സ്ഥലങ്ങളുടെ വിസ്തൃതി കുറഞ്ഞുവരുന്നത് ഗൗരവമായി പരിശോധിക്കും. പൊക്കാളിനിലങ്ങൾ നെൽക്കൃഷിയിൽനിന്നു മാറ്റി മത്സ്യക്കൃഷി മാത്രമായി ഉപയോഗിക്കുന്ന പ്രവണതയും പരിശോധിച്ച് നടപടിയെടുക്കും.

കുട്ടനാട്ടിലെ കാർഷികപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ജലസേചനവകുപ്പ്, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ ഏകോപനയോഗം വിളിച്ചുചേർക്കാൻ കളക്ടറെ ചുമതലപ്പെടുത്തി. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലൂടെ കാർഷികമേഖലയിലെ പ്രശ്‌നങ്ങൾക്ക് സമയബദ്ധമായ പരിഹാരം കാണുകയാണു ലക്ഷ്യം.

എല്ലാ വർഷവും വെള്ളംകയറി കൃഷിനശിക്കുന്ന കുട്ടനാട്ടിലെ സാഹചര്യം ഒഴിവാക്കാൻ ശാശ്വത പരിഹാരമാർഗങ്ങൾ കണ്ടെത്തും. ഇതിനാവശ്യമായ മുൻകരുതൽ നടപടികളും അടിസ്ഥാനസൗകര്യ വികസനവും ഉറപ്പാക്കും. വെള്ളപ്പൊക്കഭീഷണി നേരിടുന്ന കുട്ടനാട്ടിലെ കൃഷിഭവനുകൾ നവീകരിക്കും. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കൃഷിഭവനുകൾ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കും.

കതിർ പദ്ധതി, കൃഷിസഖി പദ്ധതി എന്നിവയുടെ പുരോഗതിയും യോഗം വിലയിരുത്തി. പദ്ധതികളുടെ നിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കർഷകർക്ക് പദ്ധതികളുടെ പ്രയോജനം ഉറപ്പാക്കുന്നതിനുമാവശ്യമായ നിർദേശങ്ങൾ നൽകി. പ്രളയവും വെള്ളക്കെട്ടും മൂലം ഓരോ വർഷവും ആവർത്തിക്കുന്ന കൃഷിനാശത്തിന് ശാശ്വതപരിഹാരം കാണുന്നതിനൊപ്പം കാർഷിക ഉത്‌പാദനവും കർഷകരുടെ വരുമാനവും വർധിപ്പിക്കുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

എ.ഡി. തോമസ് എം.എൽ.എ., കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ എ. സുരേന്ദ്രൻ, സി. പ്രേംജി, മായ എൻ. ഗോപാലകൃഷ്ണൻ, സുനിത, പി. രേണു എന്നിവർ പങ്കെടുത്തു.