കേരളത്തിലെ കമ്പനികൾക്കും സംരംഭകർക്കും ദക്ഷിണ കൊറിയയിൽ 14.3 മില്യൺ ഡോളർ (ഏകദേശം 120 കോടി രൂപ) വരെ വിദേശ സബ്‌സിഡിയോടെ നിക്ഷേപാവസരങ്ങൾ തുറക്കുന്നു. അങ്കമാലിയിൽ സമാപിച്ച 'കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റി'ലാണ് ദക്ഷിണ കൊറിയയിലെ പ്രമുഖ വ്യാവസായിക പ്രവിശ്യയായ സൗത്ത് ഗ്യോങ്സാങ് ഈ ചരിത്രപ്രധാനമായ പങ്കാളിത്ത പ്രഖ്യാപനം നടത്തിയത്.

To advertise here,

പ്രവിശ്യയിൽ പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനും സംയുക്ത സംരംഭങ്ങളിൽ ഏർപ്പെടുന്നതിനുമായി ഇന്ത്യൻ കമ്പനികൾക്ക് സാധ്യതകളുണ്ടെന്ന് കൊറിയ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇക്കണോമിക് പ്രൊമോഷൻ ഏജൻസിയിലെ ഓവർസീസ് ഇൻവെസ്റ്റ്‌മെന്റ് അട്രാക്ഷൻ ഡയറക്ടർ ഡോ. മിറാൻ (കേറ്റ്) കിം ഉച്ചകോടിയിൽ പറഞ്ഞു.

ദക്ഷിണ കൊറിയൻ ഏജൻസി പ്രഖ്യാപിച്ച പ്രധാന സാമ്പത്തിക ആനുകൂല്യങ്ങളും സഹകരണ സാധ്യതകളും താഴെ പറയുന്നവയാണ്:

അടിസ്ഥാനസൗകര്യ വികസന സബ്‌സിഡി: സൗത്ത് ഗ്യോങ്സാങ് പ്രവിശ്യയിൽ നിക്ഷേപം നടത്തുകയോ സംയുക്ത സംരംഭങ്ങൾ ആരംഭിക്കുകയോ ചെയ്യുന്ന ഇന്ത്യൻ കമ്പനികൾക്ക് അടിസ്ഥാനസൗകര്യ വികസനത്തിനായി 3.6 മില്യൺ ഡോളർ വരെ സബ്‌സിഡി നൽകും.

വൻകിട നിക്ഷേപങ്ങൾക്കുള്ള സാമ്പത്തിക സഹായം: പ്രവിശ്യയിൽ വലിയ തോതിലുള്ള നിക്ഷേപങ്ങൾ നടത്തുന്ന സംരംഭങ്ങൾക്ക് 14.3 മില്യൺ ഡോളർ വരെ ഉയർന്ന സബ്‌സിഡി തുകയായി നൽകും.

ഏകജാലക ഭരണസംവിധാനം: ഫാക്ടറി പ്രവർത്തനം ആരംഭിക്കുന്നതുവരെയുള്ള മുഴുവൻ നടപടികളും വേഗത്തിലാക്കാൻ ഏകജാലക സംവിധാനം പ്രവിശ്യ ഉറപ്പുനൽകുന്നു. അനുയോജ്യമായ സ്ഥലം കണ്ടെത്തൽ, ഇന്ത്യ-കൊറിയ കമ്പനികളെ തമ്മിൽ ബന്ധിപ്പിക്കൽ, പുതിയ അവസരങ്ങൾ കണ്ടെത്തൽ, ആവശ്യമായ ഭരണപരമായ അനുമതികൾ നൽകൽ, സബ്‌സിഡികൾ വിതരണം ചെയ്യൽ എന്നിവയെല്ലാം ഈ സംവിധാനത്തിലൂടെ നേരിട്ട് ലഭിക്കും.

പ്രതിരോധ-ബഹിരാകാശ മേഖലയിലെ പങ്കാളിത്തം: കേന്ദ്ര സർക്കാരിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ ഇരുരാജ്യങ്ങൾക്കും പ്രതിരോധ, ബഹിരാകാശ മേഖലകളിൽ സഹകരിക്കാൻ വിപുലമായ അവസരങ്ങളുണ്ട്. ദക്ഷിണ കൊറിയയുടെ ആകെ പ്രതിരോധ-ബഹിരാകാശ ഉത്പന്ന നിർമാണത്തിന്റെ 80 ശതമാനവും സൗത്ത് ഗ്യോങ്സാങ് പ്രവിശ്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നത് ഈ പങ്കാളിത്തത്തിന്റെ തന്ത്രപ്രധാന പ്രാധാന്യം വർധിപ്പിക്കുന്നു.

'കാസ'യും കപ്പൽ നിർമാണ സഹകരണവും: പ്രവിശ്യയിൽ പ്രവർത്തിക്കുന്ന കൊറിയൻ ബഹിരാകാശ ഏജൻസിയായ 'കാസ'യ്ക്ക് കീഴിലുള്ള ഗവേഷണ-സംയുക്ത സംരംഭങ്ങളിൽ ഇന്ത്യൻ കമ്പനികൾക്ക് പങ്കാളികളാകാം. ഇതിനുപുറമേ, ഇന്ത്യയുടെ തുറമുഖ-കപ്പൽ നിർമാണ വികസനത്തിനായി ഗ്യോങ്നാമിലെ ലോകോത്തര കപ്പൽശാലകളുമായി പങ്കാളിത്തം സ്ഥാപിക്കാനുള്ള അവസരവുമുണ്ട്.

ദക്ഷിണ കൊറിയ പ്രഖ്യാപിച്ച ഈ വൻകിട നിക്ഷേപ വാഗ്ദാനങ്ങൾക്കു പുറമേ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും കേരളത്തിന്റെ ഡിജിറ്റൽ മാതൃകകളിൽ താത്പര്യം പ്രകടിപ്പിക്കുകയും സഹകരണത്തിന് മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട്.

ലെസൂത്തു: ആഫ്രിക്കൻ ഡിജിറ്റൽ വികസനത്തിന് കേരളം മാതൃക ഇന്ത്യയുടെ ഡിജിറ്റൽ ശേഷിയും ആഫ്രിക്കൻ വിപണികളും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായി കേരളം പ്രവർത്തിക്കണമെന്ന് ലെസൂത്തു ഹൈക്കമ്മിഷണർ അഡ്വ. ലെബോഹാങ് വാലന്റൈൻ മൊച്ചാബ പറഞ്ഞു. കേരളത്തിലെ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, കെ-ഫോൺ എന്നീ വിജയകരമായ മാതൃകകൾ ആഫ്രിക്കയ്ക്ക് വഴികാട്ടിയാണ്. വിദേശ സാങ്കേതികവിദ്യകളുടെ വെറുമൊരു ഉപഭോക്താവായി തുടരാതെ, സാങ്കേതിക വികസനത്തിൽ സജീവ പങ്കാളിയാകാനാണ് ആഫ്രിക്ക ലക്ഷ്യമിടുന്നത്.

ഉഗാണ്ട: സംരംഭകർക്ക് ദ്രുതാനുമതിയും സാമ്പത്തിക സ്വാതന്ത്ര്യവും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി വൻ ആനുകൂല്യങ്ങളാണ് ഉഗാണ്ട മുന്നോട്ടുവെയ്ക്കുന്നത്. ഉഗാണ്ടയിൽ കമ്പനി രജിസ്റ്റർ ചെയ്ത് കേവലം രണ്ടുദിവസത്തിനുള്ളിൽ വ്യവസായ പാർക്കിൽ സ്ഥലം നൽകുമെന്ന് ഉഗാണ്ടൻ ഹൈക്കമ്മിഷണർ പ്രൊഫ. ജോയ്സ് കകുരമത്സി കികഫുണ്ട പറഞ്ഞു. ഇതിനോടൊപ്പം 100 ശതമാനം വിദേശ ഉടമസ്ഥത കൈവശം വെയ്ക്കാനും, കൃത്യമായി നികുതി അടച്ച ശേഷം ലാഭം പൂർണമായി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാനുമുള്ള സ്വാതന്ത്ര്യം സംരംഭകർക്ക് ഉറപ്പുനൽകുന്നുണ്ടെന്നും ഹൈക്കമ്മിഷണർ കൂട്ടിച്ചേർത്തു.

അർജന്റീന: ഊർജ, കാർഷിക മേഖലകളിൽ പുതിയ വ്യാപാര സാധ്യതകൾ ഭക്ഷ്യ-ഊർജ മേഖലകളിൽ പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്ന ഇന്ത്യയും അർജന്റീനയും തമ്മിലുള്ള വ്യാപാരബന്ധം പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് അർജന്റീന എംബസിയിലെ ഇക്കണോമിക് ആൻഡ് കൊമേഴ്‌സ്യൽ വിഭാഗം മേധാവി അഗതാ സാൽദിവർ പറഞ്ഞു. ഊർജം, ഖനനം, കാർഷിക സാങ്കേതികവിദ്യ, ഭക്ഷ്യ വിപണി എന്നീ മേഖലകളിൽ ഇന്ത്യൻ സംരംഭകർക്ക് വിപുലമായ സാധ്യതകളാണ് അർജന്റീനയിൽ തുറന്നുകിടക്കുന്നത്.