പേവിഷബാധയേറ്റ ജീവികളുടെ കടിയേൽക്കുകയോ മാന്തേൽക്കുകയോ ശരീരത്തിലെ മുറിവുകളിൽ അവയുടെ ഉമിനീർ പുരളുകയോ ചെയ്താൽ മനുഷ്യരെമാത്രമല്ല വളർത്തുമൃഗങ്ങളെയും രോഗം ബാധിക്കും. മൃഗങ്ങളിൽ റാബീസ് വൈറസ് ബാധയേറ്റാൽ പേവിഷലക്ഷണങ്ങൾ കണ്ടുതുടങ്ങാനെടുക്കുന്ന സമയം ദിവസങ്ങൾമുതൽ മാസങ്ങളോളം നീളാം.
കടിയേറ്റ മൃഗത്തിന്റെ പ്രായം, കടിയേറ്റ ശരീരഭാഗം, കടിയേറ്റ ഭാഗവും സുഷുമ്നാനാഡിയും മസ്തിഷ്കവും തമ്മിലുള്ള അകലം, കടിയുടെ തീവ്രത എന്നിവയെല്ലാം ലക്ഷണങ്ങൾ കണ്ടുതുടങ്ങാനെടുക്കുന്ന സമയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. എന്നിരുന്നാലും ശരാശരി മൂന്നുമുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ വൈറസ് ബാധിച്ച നായകളിലും നാലുമുതൽ ആറ് ആഴ്ചകൾക്കുള്ളിൽ പൂച്ചകളിലും രോഗലക്ഷണങ്ങൾ പ്രകടമാവും. ആക്രമണസ്വഭാവത്തോടെ ക്രുദ്ധരൂപത്തിലോ ക്രമേണയുള്ള ശരീരതളർച്ച കാണിക്കുന്നതരത്തിൽ മൂകരൂപത്തിലോ ആയിരിക്കും രോഗലക്ഷണങ്ങൾ പ്രകടമാവുക. ക്രുദ്ധരൂപത്തിലുള്ള രോഗലക്ഷണങ്ങളാണ് പൂച്ചകളിൽ കൂടുതലായി കാണാറുള്ളത്.
അരുമകൾക്ക് വാക്സിൻസുരക്ഷ
അരുമകളായ പൂച്ചകളെയും നായകളെയും കൃത്യമായ പ്രായത്തിൽ പേവിഷ പ്രതിരോധ വാക്സിൻ നൽകി റാബീസ് വൈറസിൽനിന്ന് സുരക്ഷിതമാക്കാൻ മറക്കരുത്. പേവിഷ പ്രതിരോധകുത്തിവെപ്പുകൾ കൃത്യമായെടുത്ത തള്ളമൃഗത്തിൽനിന്നു കന്നിപ്പാൽവഴി ലഭ്യമാവുന്ന ആൻറിബോഡികൾ ആദ്യ മൂന്നുമാസം എത്തുന്നതുവരെ കുഞ്ഞുങ്ങളെ രോഗാണുക്കളിൽനിന്ന് സംരക്ഷിക്കും.
വളർത്തുനായകൾക്കും പൂച്ചകൾക്കും മൂന്നുമാസം (12 ആഴ്ച/90-100 ദിവസം) പ്രായമെത്തുമ്പോൾ ആദ്യ പേവിഷ പ്രതിരോധകുത്തിവെപ്പ് നൽകണം. പിന്നീട് നാല് ആഴ്ചകൾക്കുശേഷം (16 ആഴ്ച) ബൂസ്റ്റർ കുത്തിവെപ്പ് നൽകണം. തുടർന്ന് വർഷാവർഷം പ്രതിരോധ കുത്തിവെപ്പ് ആവർത്തിക്കണം. പൂർണസമയം വീടിനകത്തുതന്നെയിട്ട് വളർത്തുന്ന അരുമകൾക്ക് വാക്സിനേഷൻ വേണോ എന്ന് ചിന്തിക്കുന്നവരുണ്ട്. അകത്തായാലും പുറത്തായാലും വാക്സിൻ എടുക്കുന്നതിൽ വിമുഖത അരുത്. വാക്സിൻ നൽകിയ രേഖകൾ കൃത്യമായി സൂക്ഷിക്കണം. പൂർണ ആരോഗ്യമുള്ളപ്പോൾമാത്രമേ അരുമകൾക്ക് പ്രതിരോധകുത്തിവെപ്പുകൾ നൽകാൻപാടുള്ളൂ. കുത്തിവെപ്പിന് ഒരാഴ്ചമുൻപ് ആന്തരപരാദങ്ങൾക്കെതിരായി മരുന്നുകൾ നൽകാൻ വിട്ടുപോവരുത്. വാക്സിനെടുത്തതിനുശേഷം വെറ്ററിനറി ഡോക്ടർ നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങിസൂക്ഷിക്കണം. നായകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ലൈസൻസ് നേടാൻ ഇതാവശ്യമാണ്.
കരുതൽവേണം കമ്യൂണിറ്റി ഡോഗ്‌സിനും
വീട്ടിൽ വളർത്തുന്ന നായകളെയും പൂച്ചകളെയും കൂടാതെ ചിലപ്രദേശങ്ങളിൽ ഹൗസിങ് കോളനികൾ, വ്യാപാരകേന്ദ്രങ്ങൾ, വാഹന സ്റ്റാൻഡുകൾ എന്നിവയോട് ചേർന്നെല്ലാം ഒരുപാടാളുകൾ കൂട്ടത്തോടെ പരിപാലിക്കുന്നതും എല്ലാവരോടും ഇണങ്ങിവളരുന്നതുമായ നായകളും പൂച്ചകളും ഉണ്ടാവും. ആർക്കും വ്യക്തിപരമായ ഉടമസ്ഥതയോ ഉത്തരവാദിത്വമോ ഇല്ലെങ്കിലും ഈ മൃഗങ്ങൾ എല്ലാവരുടെയുംകൂടിയായിരിക്കും. കമ്യൂണിറ്റി ഡോഗ്‌സ്/ക്യാറ്റ്‌സ് വിഭാഗത്തിൽപെടുന്ന ഇവയ്ക്ക് സമയബന്ധിതമായി പ്രതിരോധവാക്സിൻ നൽകാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
അരുമകൾ വീടുവിട്ടിറങ്ങിയാൽ
ഇരതേടാൻ, ഇണചേരാൻ, വിരസത, ഭയം, അവഗണന, സമ്മർദം, ഇടിമിന്നൽ, പടക്കംപോലെയുള്ള വലിയ ശബ്ദകോലാഹലങ്ങൾ തുടങ്ങിയ പലകാരണങ്ങളാൽ അരുമമൃഗങ്ങൾ വീടുവിട്ട് ഓടിപ്പോകുന്നതും ദിവസങ്ങൾകഴിഞ്ഞ് തിരികെവരുന്നതും സാധാരണമാണ്. ഇവയെ ദിവസങ്ങൾകഴിഞ്ഞ് കണ്ടുകിട്ടുമ്പോൾ ശരീരത്തിൽ മുറിവുകളും പോറലുകളുമെല്ലാം കാണും. പേവിഷബാധയുള്ള മൃഗങ്ങളുമായി ഇവയ്ക്ക് സമ്പർക്കമുണ്ടായിട്ടുണ്ടോ എന്നതും ഉറപ്പിച്ചുപറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ മുൻകൂർ റാബീസ് വാക്സിൻ നൽകിയതാണെങ്കിലും ഡോക്ടറുടെ ഉപദേശംതേടി പോസ്റ്റ് എക്സ്പോഷർ വാക്സിനേഷൻ നൽകണം
എടുക്കാം മുൻകൂർ പ്രതിരോധകുത്തിവെപ്പ്
പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യംചെയ്യുന്നവർ, പെറ്റ് ഷോപ്പുകളിലെയും കെന്നലുകളിലെയും കാറ്ററികളിലെയും ജീവനക്കാർ, മൃഗശാലാ ജീവനക്കാർ, വനംവകുപ്പ് ജീവനക്കാർ ഉൾപ്പെടെ വന്യമൃഗങ്ങളുമായി ഇടപഴകുന്നവർ വെറ്ററിനറി ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവർ റാബീസ് വൈറസുമായി നിരന്തരം സമ്പർക്കമുണ്ടാവാനിടയുള്ള ഹൈറിസ്ക് വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിൽപെടുന്നവർ മുൻകൂറായി 0, 7, 21 അല്ലെങ്കിൽ 28 ദിവസങ്ങളിൽ പേവിഷ പ്രതിരോധകുത്തിവെപ്പ് (പ്രീ എക്സ്പോഷർ പ്രൊഫൈലാക്സിസ്) എടുക്കുന്നതും വർഷാവർഷം രക്തപരിശോധനനടത്തി ആന്റിബോഡിയുടെ അളവ് നിർണയിച്ചശേഷം ആവശ്യമെങ്കിൽ ബൂസ്റ്റർ ഡോസ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കുന്നതും ഉചിതമാണ്.
മുൻകൂറായി 0, 7, 28 ദിവസങ്ങളിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ പ്രതിരോധശേഷിയെ ഉണർത്തുന്നതിനായി 0, 3 ദിവസങ്ങളിൽ രണ്ട് ഡോസ് കുത്തിവെപ്പെടുത്താൽമതി. ഇവർ ഇമ്യൂണോഗ്ലോബുലിൻ എടുക്കേണ്ടതില്ല.
വാക്സിനെടുത്ത വളർത്തുനായ കടിച്ചാൽ
വീട്ടിൽ വളർത്തുന്നതോ പരിചയമുള്ളതോ ആയ, പ്രതിരോധ കുത്തിവെപ്പുകൾ പൂർണമായും എടുത്ത നായയിൽനിന്നോ പൂച്ചയിൽനിന്നോ കടിയോ മാന്തോ ഏറ്റാലും നിർബന്ധമായും വാക്സിനേഷൻ എടുക്കണം. പൂച്ചയോ നായയോ വീടുവിട്ട് മറ്റൊരിടത്തും പോവാറില്ല, മറ്റു മൃഗങ്ങളുമായി യാതൊരു സമ്പർക്കവും ഉണ്ടാവാറില്ല എന്നൊക്കെയുള്ള വാദങ്ങൾ വെറുതേയാണ്. സമ്പർക്കം എന്നത് ഇണചേരൽ, കടിപിടികൂടൽ, മാന്തൽ, കടിയേൽക്കൽ, ശരീരത്തിലോ മുറിവിലോ നക്കൽ ഇങ്ങനെ പലവിധത്തിലാകാം. ഈ രീതിയിൽ അരുമകൾക്ക് പേവിഷബാധയുള്ള മൃഗങ്ങളുമായി ഒരു സമ്പർക്കവും ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചുപറയൽ പ്രയാസകരമാണ്. പ്രതിരോധ കുത്തിവെപ്പുകൾ എടുത്ത മൃഗങ്ങളാണെങ്കിൽത്തന്നെയും ഇവ പൂർണമായും പേവിഷബാധയ്ക്കെതിരേ പ്രതിരോധം കൈവരിച്ചവയാണെന്ന് ഉറപ്പിക്കാൻകഴിയില്ല. വാക്സിനെടുക്കുന്നതിനൊപ്പം കടിച്ച നായയെയോ, പൂച്ചയെയോ പത്തുദിവസം നിരീക്ഷിക്കുകയും വേണം. പത്തുദിവസത്തെ നിരീക്ഷണം എന്നത് നായകൾക്കും പൂച്ചകൾക്കും മാത്രം ബാധകമായ സമയപരിധിയാണ് എന്നത് പ്രത്യേകം ഓർക്കുക. നായകളും പൂച്ചകളും പേവിഷലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതിന് 4-5 ദിവസം മുൻപുമുതൽതന്നെ അവയുടെ ഉമിനീരിൽ വൈറസ് സാന്നിധ്യമുണ്ടാവും. ലക്ഷണം കാണിച്ചുതുടങ്ങിയാൽ 4-5 ദിവസത്തിനകം അവയിൽ മരണവും സംഭവിക്കും. മൂന്നുമാസത്തിൽ ചുവടെ പ്രായമുള്ള നായക്കുഞ്ഞോ പൂച്ചക്കുഞ്ഞോ മാന്തിയാലോ, കടിച്ചാലോ പ്രതിരോധ കുത്തിവെപ്പെടുക്കണം.
പേവിഷബാധ സംശയിച്ചാൽ
വളർത്തുമൃഗങ്ങൾ പ്രകോപനമൊന്നുമില്ലാതെ കടിക്കുകയോ അക്രമാസക്തമാവുകയോ, താടിഭാഗത്തിന്റെയും നാവിന്റെയും തളർച്ച, വായിൽനിന്ന് നുരയും പതയും വരുക, കുരയ്ക്കുമ്പോഴുള്ള ശബ്ദമാറ്റം, പിൻകാലുകൾ തളരുന്നതുമൂലം നടക്കുമ്പോൾ വീഴാൻപോവുക ഉൾപ്പെടെയുള്ള മറ്റ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ പേവിഷബാധയേറ്റതായി സംശയംതോന്നുകയോ ചെയ്താൽ വെറ്ററിനറി ഡോക്ടറെ വിവരമറിയിക്കണം. കൂടാതെ ലക്ഷണം കാണിച്ച മൃഗത്തെ സുരക്ഷിതമായ സ്ഥലത്ത് മാറ്റിപ്പാർപ്പിച്ച് ആഹാരവും വെള്ളവുംനൽകി നിരീക്ഷിക്കണം. അവയെ ഉടനെ തല്ലിക്കൊല്ലാൻ പാടില്ല. കാരണം രോഗമൂർധന്യത്തിൽമാത്രമേ രോഗം ശാസ്ത്രീയമായി നിർണയിക്കാൻതക്കരീതിയിൽ വൈറസ് സാന്നിധ്യം തലച്ചോറിൽ കാണപ്പെടൂ. രോഗം സംശയിക്കുന്ന മൃഗങ്ങളുടെ കടിയോ മാന്തലോ അവയുടെ ഉമിനീരുമായി ഏതെങ്കിലുംതരത്തിലുള്ള സമ്പർക്കമോ ഉണ്ടായിട്ടുള്ളവർ എത്രയുംപെട്ടെന്ന് ഡോക്ടറുടെ നിർദേശാനുസരണം പ്രതിരോധ കുത്തിവെപ്പുകൾ ആരംഭിക്കണം.
വളർത്തുമൃഗങ്ങൾക്ക് കടിയേറ്റാൽ
കൈയുറയിട്ടശേഷം മുറിവേറ്റഭാഗം സോപ്പുപയോഗിച്ച് പതപ്പിച്ച് പതിനഞ്ചുമിനിറ്റ് സമയമെടുത്ത് നന്നായി കഴുകി വൃത്തിയാക്കണം. ശേഷം അഞ്ച് പ്രതിരോധകുത്തിവെപ്പുകൾ/പോസ്റ്റ് എക്സ്പോഷർ വാക്സിനേഷൻ കടിയേറ്റതിൻറെ 0, 3, 7, 14, 28 എന്നീ ദിവസങ്ങളിൽ നൽകണം. പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി മുൻകൂട്ടിയെടുത്തിട്ടുള്ള നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങളാണെങ്കിൽ 0, 3 ദിവസങ്ങളിൽ രണ്ട് ബൂസ്റ്റർ കുത്തിവെപ്പുകൾ നൽകിയാൽമതി. കടിച്ച മൃഗത്തെ സാധ്യമെങ്കിൽ നിരീക്ഷിക്കണം. കടിയോ മാന്തോ ഏറ്റവയെ കുത്തിവെപ്പെടുക്കുന്നതിനൊപ്പം മുൻകരുതൽ എന്നനിലയിൽ അടുത്തസമ്പർക്കം ഒഴിവാക്കി രണ്ടുമാസത്തേക്ക് നിരീക്ഷിക്കുന്നതും ഉചിതമാണ്.
Content Highlights: Learn about rabies in pets, symptoms, prevention through vaccination, and post-exposure treatment.
Published: 24 May 2025, 03:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented