കോട്ടയം: രാജ്യത്തെ പ്രകൃതിദത്ത റബർ മേഖല കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ അഭൂതപൂർവമായ വളർച്ച കൈവരിച്ചതായി റബർ ബോർഡ് ചെയർമാൻ എൻ. ഹരി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2014 മുതൽ 2026 വരെയുള്ള കാലയളവിൽ ഉത്പാദനത്തിൽ 40.31 ശതമാനവും ഉപഭോഗത്തിൽ 39.78 ശതമാനവും വർദ്ധനവാണ് രേഖപ്പെടുത്തിയത്. സ്വാഭാവിക റബർ ഉത്പാദനത്തിന്റെ 72 ശതമാനവും നിർവഹിക്കുന്ന കേരളത്തിൽ റബർ ബോർഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ കർഷകർക്കും ഈ മേഖലയ്ക്കും വലിയ ഉത്തേജനമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണക്കുകൾ പരിശോധിച്ചാൽ, 2014-15 കാലഘട്ടത്തിൽ 645,000 ടണ്ണായിരുന്ന റബർ ഉത്പാദനം 2025-26 ആയപ്പോഴേക്കും 905,000 ടണ്ണായി ഉയർന്നു. ഇതേ കാലയളവിൽ ഉപഭോഗം 1,020,910 ടണ്ണിൽ നിന്ന് 1,427,000 ടണ്ണായും വർദ്ധിച്ചു. റബർ കൃഷി ചെയ്യുന്ന വിസ്തൃതിയിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. 795,135 ഹെക്ടറിൽ നിന്ന് 939,300 ഹെക്ടറിലേക്കാണ് കൃഷി വ്യാപിച്ചത്. ഇത് മേഖലയിലുണ്ടായ 18.13 ശതമാനത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്നു.
റബർ കർഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആശ്വാസകരമായത് വിലയിലുണ്ടായ വർദ്ധനവാണ്. 2014-15ൽ കിലോഗ്രാമിന് 132.57 രൂപയായിരുന്ന ആർ.എസ്.എസ്-4 ഗ്രേഡ് റബറിന്റെ വില 108.19 ശതമാനം വർദ്ധനവോടെ 276 രൂപയിലെത്തി. റബർ ഉത്പന്നങ്ങളുടെ കയറ്റുമതിയിലും വൻ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. 18,487.9 കോടി രൂപയിൽ നിന്ന് 47,123 കോടി രൂപയായാണ് കയറ്റുമതി വരുമാനം വർദ്ധിച്ചത്.
ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായി റബർ വിപണി സുതാര്യമാക്കാൻ ഇന്ത്യയിലെ ആദ്യത്തെ പ്ലാന്റേഷൻ വിള ഇ-മാർക്കറ്റ് പ്ലാറ്റ്‌ഫോമായ 'എംറൂബ്' (mRube) ആരംഭിച്ചു. ഇതുവഴി ഇതുവരെ 961.83 കോടി രൂപയുടെ വ്യാപാരം നടന്നിട്ടുണ്ട്. കൂടാതെ, യൂറോപ്യൻ യൂണിയന്റെ വനനശീകരണ വിരുദ്ധ നിയമങ്ങൾ പാലിക്കുന്നതിനും വിതരണ ശൃംഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി 'ബി.എസ്.എൻ.ആർ' (BSNR) പ്ലാറ്റ്‌ഫോമും ബോർഡ് സജ്ജമാക്കിയിട്ടുണ്ട്.
പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി റബർ പ്രൊഡക്ട്സ് ഇൻകുബേഷൻ സെന്ററും പരിശോധനകൾക്കായി അഡ്വാൻസ്ഡ് അനലിറ്റിക്കൽ ലബോറട്ടറിയും സജ്ജീകരിച്ചിട്ടുണ്ട്. ആഭ്യന്തര ഡിമാൻഡ് നിറവേറ്റുന്നതിനായി ആട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്‌സ് അസോസിയേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'ഇൻറോഡ്' (INROAD) പദ്ധതി വഴി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാളിലുമായി 1.8 ലക്ഷം ഹെക്ടറിൽ കൃഷി വ്യാപിപ്പിച്ചു.
റബർ ടാപ്പിങ് തൊഴിലാളികളുടെ ക്ഷേമത്തിനായി വിപുലമായ പദ്ധതികളാണ് ബോർഡ് നടപ്പിലാക്കുന്നത്. 60 വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്ക് പ്രതിമാസം 2000 രൂപ പെൻഷൻ നൽകി വരുന്നു. കൂടാതെ, ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കായി 10,000 മുതൽ 50,000 രൂപ വരെ ധനസഹായവും ടാപ്പർമാർക്ക് കണ്ണട വാങ്ങുന്നതിന് 2000 രൂപയും ലഭിക്കുന്നു. ടാപ്പിങ്ങിനിടെയുണ്ടാകുന്ന അപകടങ്ങൾക്ക് പരിരക്ഷ നൽകുന്നതിനായി ഗ്രൂപ്പ് ഇൻഷുറൻസ് സൗകര്യവുമുണ്ട്.
തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കും വലിയ പിന്തുണയാണ് നൽകുന്നത്. വനിതാ തൊഴിലാളികളുടെയോ അവരുടെ പെൺമക്കളുടെയോ വിവാഹത്തിന് 25,000 രൂപയും പ്രസവാനുകൂല്യമായി 15,000 രൂപയും നൽകുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1500 മുതൽ 16,000 രൂപ വരെ സ്‌റ്റൈപ്പൻഡും ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. കൂടാതെ, ടാപ്പർമാർക്ക് വീട് നിർമ്മാണത്തിനായി 50,000 രൂപ വരെ അല്ലെങ്കിൽ ചെലവിന്റെ 25 ശതമാനം സാമ്പത്തിക സഹായവും നൽകുന്നു.
ചെറുകിട കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ റബർ ഉത്പാദന ഇൻസെന്റീവ് പദ്ധതിയുടെ (RPIS) വില 250 രൂപയായി ഉയർത്തി. വിപണി വിലയും ഈ തുകയും തമ്മിലുള്ള വ്യത്യാസം സബ്‌സിഡിയായി കർഷകരുടെ അക്കൗണ്ടിലെത്തും. പഴയ മരങ്ങൾ വെട്ടിമാറ്റി പുതിയവ വയ്ക്കുന്നതിന് ഹെക്ടറിന് 40,000 രൂപ സബ്‌സിഡിയും മഴക്കാലത്ത് ടാപ്പിങ് തുടരുന്നതിന് റെയിൻ ഗാർഡിംഗിനായി 4000 രൂപയും കർഷകർക്ക് ലഭ്യമാണ്. ശാസ്ത്രീയമായ ടാപ്പിങ് രീതികളിലും സംസ്കരണത്തിലും ബോർഡ് പ്രത്യേക പരിശീലനവും നൽകിവരുന്നതായും അദ്ദേഹം പറഞ്ഞു.
Content Highlights: India's natural rubber sector hit record growth between 2014-2026.
Published: 29 Jun 2026, 08:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented