പത്തനംതിട്ട: കാലംതെറ്റിയുള്ള കനത്തചൂടിൽ കിഴങ്ങുവിള കർഷകരുടെ പ്രതീക്ഷകളും വെന്തുരുകി. കപ്പ ഒഴികെയുള്ള മിക്കവിളകളും തണ്ടിലെ വെള്ളം വറ്റി നിലംപൊത്തിത്തുടങ്ങി. ചേനയും ചേമ്പുമാണ് വ്യാപകമായി നശിക്കുന്നത്. വേനൽമഴ സ്വീകരിച്ച് ഇടവപ്പാതി, ചിങ്ങം, കന്നി എന്നിവയിലെ മഴയും നേടി തുലാമഴയോടെ വിളയുന്നതാണ് മിക്ക കിഴങ്ങുവിളകളും. എന്നാൽ, ചിങ്ങം പകുതി കഴിഞ്ഞതിനുശേഷമുണ്ടായ കനത്തചൂടിൽ വിളകൾ മണ്ണിനടിയിലിരുന്ന് വെന്തുപോകുകയാണ്.
വലുപ്പം വെക്കാതെ കിഴങ്ങുകൾ
കാലാവസ്ഥാവ്യതിയാനത്തെ ചെറുത്ത് നല്ലവിളവ് തരാനുള്ള കഴിവ് കിഴങ്ങുവർഗങ്ങളിൽ പൊതുവേ കൂടുതലാണ്. കേരളത്തിൽ കിഴങ്ങുവിളകളുടെ കൃഷി മഴയെ മാത്രം ആശ്രയിച്ചാണ്. കപ്പ, കാച്ചിൽ, ചേമ്പ് പോലുള്ളവ മേടത്തിൽ നിലമൊരുക്കി നടും. ചേന കുംഭത്തിൽ നട്ട് മഴ ആരംഭിക്കുന്നതോടെ തണ്ട് വളർന്നുതുടങ്ങും.
പിന്നീടുള്ള മഴയെ ആശ്രയിച്ച് ആറ് മുതൽ ഒൻപത് മാസംകൊണ്ട് വിളവെടുക്കാൻ പാകമാകും. ദീർഘകാലം ജലം ആവശ്യത്തിന് ലഭിക്കാതെ വരുന്നത്, പ്രത്യേകിച്ച് ഇവയുടെ കിഴങ്ങ് രൂപപ്പെടുന്ന ഘട്ടത്തിലുണ്ടാകുന്ന ഉണക്ക് വിളവിനെ ബാധിക്കും. കേരളത്തിലിപ്പോഴുള്ളത് ഈ സാഹചര്യമാണ്. വരൾച്ചമൂലം 20 മുതൽ 40 വരെ ശതമാനം ഉത്പാദനം കുറയുന്നതായാണ് കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണകേന്ദ്രത്തിന്റെ കണ്ടെത്തൽ. അന്തരീക്ഷത്തിലേതിനെക്കാൾ മണ്ണിലെ താപനില മൂന്ന് മുതൽ അഞ്ചുവരെ ഡിഗ്രി കൂടുതലായിരിക്കും. ജലലഭ്യത കുറയുമ്പോൾ മണ്ണിലുള്ള പൊട്ടാസ്യം മൂലകം ചെടിക്ക് ലഭിക്കാതെ ഉത്പാദനം കുറയും.
Published: 24 Sept 2026, 02:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented