കോട്ടയം: എൽ നിനോ പ്രതിഭാസം ഫെബ്രുവരിയോടെ പ്രമുഖ റബ്ബർ ഉത്പാദക രാജ്യങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ കാലാവസ്ഥാ വിഭാഗം നൽകിയ അറിയിപ്പുകൾ സമാഹരിച്ച് ഉത്പാദകരാജ്യങ്ങളുടെ കൂട്ടായ്മയും പ്രമുഖവിതരണ ഏജൻസികളും സംരംഭകർക്ക് ചരക്ക് ക്ഷാമത്തിന്റെ സാധ്യത കൈമാറി.
തായ്‍ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് ലോകത്തെ ഏറ്റവുംവലിയ ഉത്പാദകർ. ഒക്ടോബർ മുതൽ കടുത്ത വരൾച്ചയാണ് മലേഷ്യയിലും വിയറ്റ്നാമിലും പ്രവചിച്ചിട്ടുള്ളത്. തായ്‍ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഫെബ്രുവരിയോടെ സ്ഥിതി വളരെ മോശമാകും. ഓഗസ്റ്റിലും സെപ്റ്റംബറിലും മുൻവർഷങ്ങളേക്കാൾ അന്തരീക്ഷ താപനില വളരെ കൂടുതലായിരുന്നു. മരങ്ങളുടെ ഉണങ്ങിപ്പോക്കും ഇലകൊഴിച്ചിലും തോട്ടങ്ങളെ ബാധിക്കും. ഫംഗസ് രോഗത്തിന്റെ ആഘാതത്തിൽനിന്ന് മോചിതമായിവരുന്ന ഈ രാജ്യങ്ങളിലെ റബ്ബർകൃഷി തുടർച്ചയായ മഴ കാരണമുള്ള ഉത്പാദന ഇടിച്ചിലിനെയും നേരിട്ട് തിരിച്ചുവരവിന്റെ പാതയിലായിരുന്നു.
പക്ഷേ, എൽ നിനോ, തോട്ടങ്ങളിൽ വീണ്ടും അപകടം വിതയ്കും. ഐക്യരാഷ്ട്രസംഘടനയുടെ കാർഷികവിഭാഗം നൽകിയ ജാഗ്രതാ നിർദേശങ്ങളിൽ കടുത്ത വേനൽ മാത്രമല്ല, അപ്രതീക്ഷിതമായ തീവ്രമഴ, മിന്നൽപ്രളയം എന്നിവയെല്ലാം പ്രതീക്ഷിക്കണം. ലോകത്തെ റബ്ബറിന്റെ 70 ശതമാനത്തോളം വരുന്നത് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നാണ്. ഇവിടുത്തെ തിരിച്ചടികൾ ചരക്ക് ക്ഷാമത്തിന് കാരണമാകുമെങ്കിലും വിലയിൽ എത്രത്തോളം പ്രതിഫലിക്കുമെന്നതിൽ വ്യക്തതയില്ല.
ബാങ്കോക്ക് വിപണിയിൽ ആർ.എസ്.എസ്. നാല് ഗ്രേഡ് റബ്ബറിന് കിലോഗ്രാമിന് 270 രൂപയാണ് വില. ഈവർഷം ആദ്യംതന്നെ വില 300-ന് മേലേക്ക് കുതിക്കുമെന്നായിരുന്നു കരുതിയതെങ്കിലും വീണുപോയി. ലോകബാങ്ക് നടത്തിയ പ്രവചനങ്ങളും ചരക്ക് ക്ഷാമത്തെ അധികരിച്ചായിരുന്നു. വില 350 കടക്കും എന്നായിരുന്നു അവരുടെ കമ്മോഡിറ്റി റിപ്പോർട്ടിൽ പറഞ്ഞത്. ചരക്ക് ക്ഷാമം നേരിടാൻ ഫാക്ടറികൾ പ്ലാന്റുകൾ അടയ്ക്കുകയോ ഉത്പാദനം കുറയ്കുകയോ ചെയ്താൽ ടയർ കമ്പനികളുടെ വൻതോതിലുള്ള വാങ്ങിക്കൂട്ടൽ ഉണ്ടാവില്ല. റെക്കോഡ് വളർച്ചനേടിയ ഈ സാമ്പത്തികവർഷത്തിന് തുടർച്ചയായുള്ള സ്ഥിതി നിരീക്ഷിച്ചാണ് ടയർകമ്പനികളുടെ കൂട്ടായ്മ മുന്നോട്ടുപോകുന്നത്. റബ്ബർവില പിടിച്ച് നിർത്തിയിരിക്കുന്നതും അവരുടെ തന്ത്രപരമായ വാങ്ങലിനെ തുടർന്നാണ്.
Published: 01 Oct 2026, 07:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented