തിരുവനന്തപുരം: കേരളത്തിലെ കാർഷിക മേഖലയെ കൂടുതൽ യന്ത്രവത്കൃതവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നിർമ്മാതാക്കൾക്കും ഡീലർമാർക്കുമായി തിരുവനന്തപുരത്ത് സംസ്ഥാനതല വർക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. കേന്ദ്ര സഹായ പദ്ധതിയായ പി.എം. ആർ.കെ.വി.വൈ–എസ്.എം.എ.എം (PM RKVY–SMAM) പദ്ധതിയുടെ ഏകോപിതമായ നടപ്പാക്കൽ ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പുതുക്കിയ ഡിബിടി (DBT) പോർട്ടൽ സംബന്ധിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിലൂടെ പദ്ധതിയുടെ ആനുകൂല്യങ്ങൾ കർഷകരിലേക്ക് വേഗത്തിൽ എത്തിക്കാൻ സാധിക്കുമെന്ന് വകുപ്പ് വിലയിരുത്തുന്നു.

To advertise here,

പരിപാടിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങളുടെ റിപ്പയർ, സർവീസ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായുള്ള പ്രത്യേക കേന്ദ്രീകൃത സോഫ്റ്റ്‌വെയർ പോർട്ടൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യും. യന്ത്രങ്ങൾ കേടാകുന്നത് മൂലം കൃഷിപ്പണികൾ തടസ്സപ്പെടുന്നത് ഒഴിവാക്കാനും മികച്ച വിൽപനാനന്തര സേവനങ്ങൾ ഉറപ്പാക്കാനും ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും. കൂടാതെ, ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ (FIB) ‘കേരള കർഷകൻ’ മാസികയുടെ മൈക്രോ ഇറിഗേഷൻ പ്രത്യേക പതിപ്പും ഇതേ വേദിയിൽവെച്ച് മന്ത്രി പ്രകാശനം ചെയ്യും.

സംസ്ഥാനത്ത് യന്ത്രവത്കരണം വർദ്ധിപ്പിക്കുന്നതിൽ എസ്.എം.എ.എം പദ്ധതി വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ മാത്രം ഏകദേശം 1.50 ലക്ഷം കർഷകർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുകയും 450 കോടി രൂപ സബ്സിഡിയായി വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷത്തോളം കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും കർഷകർ സ്വന്തമാക്കിയതോടെ തൊഴിലാശ്രയം കുറയ്ക്കാനും കാർഷിക ഉത്പാദനക്ഷമത ഗണ്യമായി ഉയർത്താനും കേരളത്തിന് സാധിച്ചു.