തിരുവനന്തപുരം: ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്ന എൽ നിനോ പ്രതിഭാസം വരും മാസങ്ങളിൽ കൂടുതൽ ശക്തിപ്പെട്ട് അതിശക്തമായ നിലയിലെത്താൻ സാധ്യതയുള്ള സാഹചര്യത്തിൽ കാർഷിക മേഖലയിൽ കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള മുൻകരുതലുകൾ ശക്തമാക്കണമെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) മുന്നറിയിപ്പ് നൽകി. 2026 സെപ്റ്റംബറിൽ പുറത്തിറക്കിയ ഏറ്റവും പുതിയ എൽ നിനോ–ലാ നിനാ കാലാവസ്ഥാ അവലോകന റിപ്പോർട്ട് പ്രകാരം, നിലവിൽ ശക്തമായി തുടരുന്ന എൽ നിനോ 2027 ഫെബ്രുവരിവരെ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചന മാതൃകകൾ സൂചിപ്പിക്കുന്നത്.

To advertise here,

ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ അസാധാരണമായ നിലയിൽ ഉയർന്ന താപനിലയാണ് എൽ നിനോ കൂടുതൽ ശക്തിപ്പെടുന്നതിനുള്ള പ്രധാന കാരണമായി ലോക കാലാവസ്ഥാ സംഘടന ചൂണ്ടിക്കാട്ടുന്നത്. മധ്യ-കിഴക്കൻ ഭൂമധ്യരേഖാ പസഫിക്കിലെ സമുദ്രോപരിതല താപനില സാധാരണയേക്കാൾ ഗണ്യമായി ഉയർന്നിട്ടുണ്ട്. മെയ്–ജൂലായ് കാലയളവിൽ നിനോ 3.4 സൂചിക ശരാശരിയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസും ജൂലായിൽ രണ്ട് ഡിഗ്രി സെൽഷ്യസും ഉയർന്നിരുന്നു. ജൂലായ് അവസാനവും ഓഗസ്റ്റ് മധ്യവും തമ്മിലുള്ള പ്രതിവാര കണക്കുകളിൽ ഇത് ഏകദേശം 2.2 മുതൽ 2.6 ഡിഗ്രി സെൽഷ്യസുവരെ ഉയർന്നു. ചില മേഖലകളിൽ സമുദ്രോപരിതലത്തിന് താഴെയുള്ള ജലത്തിന്റെ താപനില സാധാരണയേക്കാൾ എട്ട് ഡിഗ്രി സെൽഷ്യസിലധികം ഉയർന്നതായും ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ എൽ നിനോ ഈ വർഷാവസാനത്തോടെ അതിശക്തമായ നിലയിലെത്തി പരമാവധി തീവ്രത കൈവരിക്കുമെന്നും അതിന്റെ കാലാവസ്ഥാ പ്രത്യാഘാതങ്ങൾ 2027ലും തുടർന്നേക്കാമെന്നുമാണ് വിലയിരുത്തൽ. ശക്തമായ എൽ നിനോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മഴയുടെ അളവിലും വിതരണത്തിലും താപനിലയിലും അന്തരീക്ഷ സഞ്ചാരത്തിലും മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. ഇതിന്റെ ഫലമായി വരൾച്ച, അതിതീവ്ര മഴ, വെള്ളപ്പൊക്കം, ഉഷ്ണതരംഗം തുടങ്ങിയ അതിരൂക്ഷ കാലാവസ്ഥാ സാഹചര്യങ്ങളുടെ സാധ്യത ചില പ്രദേശങ്ങളിൽ വർധിക്കാനും ഇടയുണ്ട്.

അതേസമയം, എൽ നിനോ ശക്തമാണെന്നത് എല്ലാ പ്രദേശങ്ങളിലും ഒരേ തരത്തിലുള്ള കാലാവസ്ഥാ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നർത്ഥമല്ലെന്നും ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കുന്നു. ഓരോ പ്രദേശത്തെയും എൽ നിനോ സ്വാധീനം ഭൂമിശാസ്ത്രപരമായ സ്ഥാനം, കാലയളവ്, ഇന്ത്യൻ–അറ്റ്ലാന്റിക് സമുദ്രങ്ങളിലെ മറ്റ് കാലാവസ്ഥാ ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം. 2026 സെപ്റ്റംബർ–നവംബർ കാലയളവിൽ ലോകത്തിന്റെ ഭൂരിഭാഗം കരപ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വരൾച്ചയ്ക്കൊപ്പം അതിവർഷത്തെയും പ്രതീക്ഷിക്കണം.

മഴയുടെ അളവിലും വിതരണത്തിലുമുണ്ടാകുന്ന മാറ്റം, ദീർഘമായ വരണ്ട ഇടവേളകൾ, ഉയർന്ന താപനില, ഇടയ്ക്കുണ്ടാകുന്ന അതിതീവ്ര മഴ എന്നിവ കാർഷിക മേഖലയെ നേരിട്ട് ബാധിക്കാനിടയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകളെ മുൻകൂട്ടിയുള്ള കാർഷിക പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കേണ്ടത് നിർണായകമാണ്. എൽ നിനോ സാഹചര്യത്തിൽ വരൾച്ചയെ നേരിടാനുള്ള തയ്യാറെടുപ്പുകൾക്കൊപ്പം അപ്രതീക്ഷിതമായ അതിവർഷം, വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും കർഷകർ സ്വീകരിക്കണം.

കേരളത്തിന്റെ സാഹചര്യത്തിൽ മഴയിലെ അനിശ്ചിതത്വവും വരണ്ട ഇടവേളകളും കണക്കിലെടുത്ത് ജലസംരക്ഷണത്തിനും മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും കാര്യക്ഷമമായ ജലസേചനത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ലഭിക്കുന്ന മഴവെള്ളം പരമാവധി സംഭരിക്കുക, കിണറുകളും കുളങ്ങളും ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ സംഭരണം വർധിപ്പിക്കുക, മഴക്കുഴികളും മറ്റ് ജലസംരക്ഷണ സംവിധാനങ്ങളും സജ്ജമാക്കുക, കൃഷിയിടങ്ങളിൽ പുതയിടൽ നടത്തുക, അനുയോജ്യമായ ഇടങ്ങളിൽ തുള്ളിനന ഉൾപ്പെടെയുള്ള സൂക്ഷ്മ ജലസേചന മാർഗങ്ങൾ സ്വീകരിക്കുക തുടങ്ങിയ നടപടികൾ വരൾച്ചയെ നേരിടുന്നതിനുള്ള കാർഷിക തയ്യാറെടുപ്പിന്റെ ഭാഗമാക്കാം.

പ്രത്യേകിച്ച് നെൽകൃഷിയിൽ ഹ്രസ്വകാല ഇനങ്ങൾക്കും കുറഞ്ഞ ജലാവശ്യകതയുള്ള വിളകൾക്കും അനുയോജ്യമായ ഇടവിളകൾക്കും മുൻഗണന നൽകുന്നത് പരിഗണിക്കാം. വിതയ്ക്കലും നടീലും പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങളും കാർഷിക കാലാവസ്ഥാ ഉപദേശങ്ങളും അടിസ്ഥാനമാക്കി ക്രമീകരിക്കണം. വിളയുടെ വളർച്ചാഘട്ടം, മണ്ണിലെ ഈർപ്പം, ജലലഭ്യത എന്നിവ പരിഗണിച്ച് ജലസേചനവും മറ്റ് പരിപാലന പ്രവർത്തനങ്ങളും ക്രമീകരിക്കുന്നത് കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള കൃഷിയുടെ പ്രതിരോധശേഷി വർധിപ്പിക്കും.

അതോടൊപ്പം, അപ്രതീക്ഷിതമായ അതിവർഷത്തെ നേരിടുന്നതിനായി കൃഷിയിടങ്ങളിലെ നീരൊഴുക്ക് സുഗമമാക്കുന്ന സംവിധാനങ്ങൾ മുൻകൂട്ടി സജ്ജമാക്കണം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നീർവാർച്ചാ സംവിധാനങ്ങൾ ഒരുക്കുന്നതിനൊപ്പം വിളകൾ, കാർഷിക ഉപകരണങ്ങൾ, വിത്തുകൾ തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളും ഉറപ്പാക്കേണ്ടതാണ്.

കാലാവസ്ഥയിലെ വ്യതിയാനങ്ങൾ വിളവെടുപ്പിനെയും വിളവെടുത്ത ഉൽപ്പന്നങ്ങളുടെ സുരക്ഷിത സംഭരണത്തെയും ബാധിക്കാനിടയുള്ളതിനാൽ ധാന്യങ്ങളുടെ സംഭരണത്തിലും പരമാവധി മുൻകരുതലുകൾ സ്വീകരിക്കണം. വിളവെടുത്ത ധാന്യങ്ങൾ ആവശ്യമായ രീതിയിൽ ഉണക്കി ഈർപ്പത്തിന്റെ അളവ് നിയന്ത്രിച്ച ശേഷമേ സംഭരിക്കാവൂ. ഈർപ്പം, കീടബാധ, പൂപ്പൽ എന്നിവ തടയാൻ കഴിയുന്ന സുരക്ഷിത സംഭരണ സംവിധാനങ്ങളും ആധുനിക ഈർപ്പരോധക സംഭരണ സഞ്ചികൾ ഉൾപ്പെടെയുള്ള അനുയോജ്യമായ സാങ്കേതികവിദ്യകളും ആവശ്യാനുസരണം ഉപയോഗിക്കാം. സംഭരിക്കുന്ന സ്ഥലങ്ങളിൽ മഴവെള്ളം കയറാതിരിക്കാനും വായുസഞ്ചാരം ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

കർഷകർ ദീർഘകാല ആഗോള കാലാവസ്ഥാ പ്രവചനങ്ങളെമാത്രം ആശ്രയിച്ച് കൃഷിയിടതല തീരുമാനങ്ങൾ എടുക്കാതെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെയുള്ള ഔദ്യോഗിക ഏജൻസികളുടെ പ്രാദേശിക കാലാവസ്ഥാ മുന്നറിയിപ്പുകളും കാർഷിക കാലാവസ്ഥാ നിർദേശങ്ങളും തുടർച്ചയായി പിന്തുടരേണ്ടതാണ്. മഴയുടെ ലഭ്യത, താപനില, കാറ്റിന്റെ സാഹചര്യം എന്നിവ സംബന്ധിച്ച പ്രാദേശിക മുന്നറിയിപ്പുകൾക്കനുസരിച്ച് വിതയ്ക്കൽ, നടീൽ, ജലസേചനം, വളപ്രയോഗം, വിളവെടുപ്പ് തുടങ്ങിയ പ്രവർത്തനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം.

എൽ നിനോ കാലാവസ്ഥാ വ്യതിയാനം മൂലം രൂപപ്പെടുന്ന പ്രതിഭാസമല്ല. ഭൂമിയുടെ കാലാവസ്ഥാ സംവിധാനത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ചാഞ്ചാട്ടത്തിന്റെ ഭാഗമായാണ് ഇത് രൂപപ്പെടുന്നത്. എന്നാൽ ശക്തമായ എൽ നിനോയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ജനജീവിതവും ഉപജീവനമാർഗങ്ങളും സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതിനാൽ എൽ നിനോയെ നേരിടുന്നതിനുള്ള കാർഷിക തയ്യാറെടുപ്പ് വരൾച്ചാ പ്രതിരോധത്തിൽമാത്രം ഒതുങ്ങാതെ, മഴക്കുറവിനും അപ്രതീക്ഷിത അതിവർഷത്തിനും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും ഉയർന്ന താപനിലയ്ക്കുമെല്ലാം മുന്നൊരുക്കം നടത്തിക്കൊണ്ടുള്ള സമഗ്രമായ കാലാവസ്ഥാ പ്രതിരോധ കാർഷിക സമീപനമായിരിക്കണം.